അബുദാബി> മൂന്നാം ലോക കേരള സഭയിൽ പ്രവാസികളുടെ പ്രതിനിധികളായി പങ്കെടുത്തവർ കഴിക്കുന്ന ഭക്ഷണം ധൂർത്താണെന്ന് പറഞ്ഞു അധിക്ഷേപിച്ച പ്രതിപക്ഷത്തിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യവും പ്രവാസികളോട് കാണിച്ച അവഹേളനയുമാണെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി ആരോപിച്ചു.
പ്രവാസികളിൽ നിന്നും ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഔദാര്യങ്ങളും കൈപ്പറ്റിയവരാണ് തിരിഞ്ഞു നിന്ന് പ്രവാസികളെ അവഹേളിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം.
ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലായി ചിതറിക്കിടക്കുന്ന കേരളീയ പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും വ്യത്യസ്‌തതയും പ്രകടമാകുന്ന പ്രതിനിധികളും ലോക സഭ, രാജ്യസഭ, നിയമസഭ അംഗങ്ങളും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ആശയക്കൈമാറ്റം നടക്കുന്ന വേദിയാണ് ലോക കേരള സഭ. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും പങ്കെടുക്കുന്ന ഒരു പൊതുവേദികൂടിയാണിത്.
ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികളായ പ്രവാസി സഹോദരങ്ങള്‍ അവരുടെ ആശങ്കളും സ്വപ്‌നങ്ങളും ആധികളും ആഗ്രഹങ്ങളും പങ്കുവെക്കപ്പെടുന്ന നമ്മുടെ നിയമനിര്‍മാണ സഭയുടെ പ്രതിനിധികളും ഉദ്യോഗസ്ഥമേധാവികളും സന്നിഹിതരായ ഒരു വേദിയിൽ പങ്കെടുത്ത പ്രവാസി സമൂഹത്തെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവാസി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..