25 May Saturday

പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ അവസരമൊരുക്കണം : സോഷ്യൽ വെൽഫെയർ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

മനാമ> നാടിനെയും കുടുംബത്തെയും വിട്ടു രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന മുഴുവൻ പ്രവാസികൾക്കും സ്വന്തം രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ   ഇനിയും അവസരമൊരുക്കാത്തത് പ്രതിഷേധാർഹമാണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ.

രാജ്യം മുഴുവൻ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോൾ പ്രവാസി സമൂഹം നിസ്സംഗരാണ്‌. ഇൻഫർമേഷൻ ടെക്നോളജി ഇത്രയൊക്കെ പുരോഗതി നേടിയിട്ടും പ്രവാസികൾക്ക് ഓൺലൈൻ ആയി വോട്ടുചെയ്യാൻ ഇത്തവണയും അവസരമൊരുക്കിയിട്ടില്ല. സുപ്രിം കോടതി ഇടപെടലിനെ തുടർന്ന് പകരക്കാരനെ ഉപയോഗിച്ച് പ്രോക്സി വോട്ട് ചെയ്യാൻ അനുവദിക്കുന്ന ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യ സഭയിൽ അവതരിപ്പിച്ച് പാസാക്കിയിട്ടില്ല. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളെ അവഗണിക്കുമെങ്കിലും തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള പണം പ്രവാസികളിൽ നിന്ന് പിരിക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾക്ക് യാതൊരു മനസ്സാക്കിക്കുത്തുമില്ല. 

വിവിധ രാജ്യങ്ങളിലായി 3.10 കോടി പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് വിദേശ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യം ഭരിച്ചവരും ഭരിക്കുന്നവരുമായ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി നിരവധി പ്രവാസി സംഘടനകളുണ്ടെങ്കിലും മറ്റെല്ലാ ആവശ്യങ്ങളും പോലെ ഇതും പരിഹരിക്കപെടാതെ കിടക്കുകയാണ്. ഇത് ജനാധിപത്യ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും എത്രയും പെട്ടെന്ന് പ്രവാസികൾക്ക് അവരവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ തന്നെ വോട്ടു ചെയ്യാൻ സംവിധാനം വേണ്ടതുണ്ടെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top