23 July Tuesday

സ്ത്രീകള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യം: ഡോ. എസ് ശാരദക്കുട്ടി

സഫറുള്ള പാലപ്പെട്ടിUpdated: Saturday May 11, 2019

അബുദാബി കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്‌സും യുവകലാസാഹിതിയും സംയുക്തമായി സംഘടിപ്പിച്ച മെയ്ദിനാഘോഷത്തില്‍ ഡോ. എസ്. ശാരദക്കുട്ടി മെയ്ദിനപ്രഭാഷണം നടത്തുന്നു.

അബുദാബി> സ്ത്രീകള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണെന്നും, കുടുംബത്തില്‍ രാഷ്ട്രീയം പ്രവേശിപ്പിക്കാത്തതിന്റെ ഏറ്റവും വലിയ ദുരന്തമാണ് ശബരിമല വിധിവന്ന ഘട്ടത്തില്‍ നാം കണ്ടതെന്നും പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. എസ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.അബുദാബി കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്‌സും യുവകലാസാഹിതിയും സംയുക്തമായി സംഘടിപ്പിച്ച മെയ്ദിനാഘോഷത്തില്‍ പങ്കെടുത്ത് മെയ്ദിനപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം കൊടുക്കാത്തതിന്റെ അപകടം തിരിച്ചറിഞ്ഞത് ശബരിമല വിഷയം വന്നപ്പോഴാണ്. സംഘപരിവാറുകാര്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെയാണ്.

ഏറ്റവും വലിയ ഫാസിസ്റ്റ് നയങ്ങള്‍ നിയമവിരുദ്ധമായി സ്ത്രീയുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ച് ആരും സംസാരിക്കാറില്ല. എല്ലാ പുരോഗമനവും വീടിനു പുറത്താണ്. ഏറ്റവും വലിയ ചൂഷണം നടക്കുന്ന സ്വകാര്യ സ്ഥാപനമാണ് വീട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പോലെ വീട് ഒരു ചൂഷണകേന്ദ്രമാണെന്നും ശാരദക്കുട്ടി എറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സുനില്‍ മാടമ്പി, ലക്ഷ്മണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി നിര്‍മല്‍ തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കേരള സോഷ്യല്‍ സെന്റര്‍ ഗായകസംഘം അവതരിപ്പിച്ച സംഘഗാനം അരങ്ങേറി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top