25 July Sunday

കേന്ദ്രസര്‍ക്കാര്‍ കൈവിട്ട പ്രവാസികളെ ചേര്‍ത്തുപിടിച്ച സംസ്ഥാന ബജറ്റ്: നവോദയ

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ദമ്മാം > ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സ്വാഗതം ചെയ്യുന്നുവെന്ന് നവോദയ കിഴക്കന്‍ പ്രവിശ്യ. പ്രവാസിക്ഷേമ പദ്ധതികള്‍ക്കായി ചരിത്രത്തിലാദ്യമായാണ് 90 കോടിരൂപ ഒരു സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസി വിഷയങ്ങളില്‍ നവോദയ ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളും, ലോകകേരളസഭയും മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണനയിലെടുത്താണ് വിവിധങ്ങളായ പദ്ധതികള്‍ക്ക് പണം വകയിരുത്തിയത്.അടിസ്ഥാന മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ് എന്ന് നവോദയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രവാസികളെ സംബന്ധിച്ച് ദുരന്ത ക്ലേശിതരായ, ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പ്രവാസികള്‍ക്ക് ചികിത്സാ ചെലവ്, നിയമ സഹായം, എയര്‍ ആംബുലന്‍സ് , മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരല്‍, ജയില്‍ മോചിതര്‍ക്കുള്ള സഹായം എന്നിവക്കായി 16 കോടി മാറ്റി വെച്ചു.തിരിച്ചു വന്ന പ്രവാസികള്‍ക്ക് നിലവിലുള്ള സാന്ത്വന പദ്ധതിയ്ക്ക് പുറമെയാണ് ഇത്.

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടു കോടി രൂപ അനുവദിച്ചു.നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ ഒരു ജോബ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനും 8 കോടി മാറ്റി വെച്ചു. നിലവില്‍ നോര്‍ക്കയുടെ കീഴില്‍ ജോബ് പോര്‍ട്ടലുണ്ട്. പല ഒഴിവുകളിലേക്കും, പ്രത്യേകിച്ച് വിദേശ ആരോഗ്യ രംഗത്തേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുമുണ്ട്. ഇത്രയും തുക ചെലവഴിച്ചുണ്ടാക്കുന്ന പ്രസ്തുത പോര്‍ട്ടല്‍ വികസനം പ്രവാസികള്‍ക്ക് തീര്‍ച്ചയായും ഗുണകരമാകും.അടുത്ത സാമ്പത്തിക വര്‍ഷം 10,000 നഴ്സുമാര്‍ക്ക് വിദേശ ജോലി ലഭ്യമാക്കാന്‍ ക്രാഷ് ഫിനിഷിങ് കോഴ്സ് ആരംഭിക്കും. ഇതിന് അഞ്ചു കോടി രൂപയാണ് ബജറ്റിലുള്ളത് കുടിയേറ്റ സഹായത്തിനാവശ്യമായ ക്രാഷ് ഫിനിഷിംഗ്- നൈപുണ്യ വികസനം, ബോധവല്‍ക്കരണം, ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്‍ രൂപീകരണം എന്നിവക്കായി 7 കോടി മാറ്റി വെച്ചു. മാറിവരുന്ന തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തും വിധം പരിശീലനം നല്‍കുന്ന ഈ പദ്ധതി വളരെ സ്വാഗതാര്‍ഹമാണ്.വിവിധ ഭാഷകളില്‍ പരിശീലനം, സാങ്കേതിക പരിശീലനം, ഐടി പരിശീലനം, സോഫ്റ്റ് സ്‌കില്‍ തുടങ്ങിയവ ക്രാഷ് കോഴ്സില്‍ ഉള്‍പ്പെടും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പിലാവുക .

ലോകകേരളസഭയുടെ പരിധിയില്‍വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അടുത്ത ലോകകേരളസഭാ യോഗത്തിനും അനുബന്ധപരിപാടികള്‍ക്കുമായി 19 കോടി രൂപ വകയിരുത്തി.ക്ഷേമനിധിക്ക് 9 കോടിയും, കേരള- അറബ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ടോക്കണ്‍ പ്രൊവിഷനു 10 കോടിയും അനുവദിച്ചു. എന്‍ ആര്‍ ഐ കമ്മീഷനായി 3 കോടി വകയിരുത്തി. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ മൂലധന സബ്സിഡിയും നാലു വര്‍ഷത്തേക്ക് പലിശ രഹിത സബ്സിഡിയും സര്‍ക്കാര്‍ നല്‍കും.18 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജകര്‍ക്ക് കെയര്‍ ഹോം പദ്ധതിയും (ഗാര്‍ഡന്‍ ഓഫ് ലൈഫ്) ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. വിദേശത്തു ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കെയര്‍ ഹോമില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തും.പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടു കോടി രൂപയും സര്‍ക്കാര്‍ മാറ്റി വെച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി പദ്ധതികള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിച്ചും അതിനനുസരിച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് . പ്രവാസികളോടുള്ള പ്രതിബദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്നും നവോദയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top