09 February Thursday

മലയാള മണ്ണിന്റെ പകർന്നാട്ടവുമായി കേരളോത്സവത്തിന് ഉജ്വലസമാപ്തി

കെ എൽ ഗോപിUpdated: Monday Dec 5, 2022

ദുബായ്>   മലയാള മണ്ണിന്റെ ഗതകാല സ്മൃതികൾ പകർന്നാടി ദുബായ് ക്രസന്റ് സ്കൂളിൽ ഒരുക്കിയ കേരളോത്സവത്തിന് ഉജ്ജ്വല സമാപ്തി. യു എ ഇ ദേശീയ ദിനാചരണങ്ങളുടെ ഭാഗമായി ഡിസംബർ 2, 3 തിയ്യതികളിലായിരുന്നു കേരളോത്സവം സംഘടിപ്പിച്ചത്. പ്രവാസികൾ കേരളത്തെ അതിരറ്റ് സ്നേഹിക്കുന്നവരാണെന്നും, കേരളം പ്രതിസന്ധിയിലാകുന്ന എല്ലാ ഘട്ടങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരാണ് മലയാളികളെന്നും, അതുകൊണ്ടുതന്നെ അവരെ ചേർത്തുനിർത്താനുള്ള കരുതലും പദ്ധതികളും കേരള സർക്കാർ മുൻഗണനാടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് എന്നും സമാപനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്‌ത, മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

രണ്ടുദിവസം നീണ്ടുനിന്ന കേരളോത്സവത്തിൽ കലാരൂപങ്ങളുടെ വൈവിധ്യമാർന്ന അവതരണങ്ങളാണ് ഒരുക്കിയിരുന്നത്. ആഘോഷ പരിപാടികൾ വർധിച്ച ഉത്സാഹത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. തനത് കലാരൂപങ്ങളുടെ മിഴിവാർന്ന അവതരണത്തിൽ ഘോഷയാത്ര കെങ്കേമമായി. കാവടി, മുത്തുക്കുട, തെയ്യം, തിറ, കാളി, പുലി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, പഞ്ചവാദ്യം, ശിങ്കാരിമേളം, എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. ആരവങ്ങൾ മുഴക്കിയാണ് ആയിരങ്ങൾ ഘോഷയാത്രയെ അനുഗമിച്ചത്.

പൊള്ളുന്ന ജീവിതാനുഭവങ്ങളെ പ്രമേയമാക്കി ഉത്സവ വേദിയിൽ ഒരു ഭാഗത്ത് തെരുവുനാടകം അരങ്ങേറിയപ്പോൾ  മറ്റൊരിടത്ത് സൈക്കിൾ യജ്ഞം, പന്തം പയറ്റ്, കളരിപ്പയറ്റ് എന്നിവ ഒരുങ്ങി. പ്രധാന വേദിയിൽ ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, ചവിട്ടുകളി, ആദിവാസി നൃത്തരൂപമായ ഇരുളാട്ടം, അറബിക് ഡാൻസ്, പൂരക്കളി എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങൾ ആടി തിമിർത്തു.

കുടുംബശ്രീ ഹോട്ടലിലെ നാടൻ വിഭവങ്ങൾ, തട്ടുകടയിലെ കപ്പയും മീനും ബീഫും എന്നിങ്ങനെ രുചികരമായ വിഭവങ്ങൾ ഒരുക്കി ഭക്ഷണശാലകൾ ഒരു വശത്തും, കോഴിക്കോടൻ ഹലുവ,  കോലുമിട്ടായി, കുപ്പിവള, കരിവള,  കളിപ്പാട്ടങ്ങൾ എന്നു തുടങ്ങി ഉപ്പിലിട്ട നെല്ലിക്ക വരെ മറ്റൊരു വശത്തും ഒരുക്കി ഗ്രാമോത്സവം സജ്ജമായി. കാണികളെ മുഴുവൻ ചുവടുവെയ്പ്പിച്ച് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി ഉത്സവ നഗരിയെ ഇളക്കിമറിച്ചു. പാലാപ്പള്ളി ഫെയിം അതുൽ നറുകരയുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീത വിരുന്ന് വേറിട്ട മറ്റൊരനുഭവമായിരുന്നു. ജാതിമത വ്യത്യാസമില്ലാതെ കേരളത്തിന്റെ ഒരൊറ്റം മുതൽ മറ്റേ അറ്റം വരെയുള്ള മനസ്സുകളുടെ ഒന്നിച്ചു ചേരലായിരുന്നു ഇവിടെ നടന്നത്.

സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് വിസ ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ ഉത്തം ചന്ദ്,  ദുബായ് ട്രാവലേഴ്‌സ് ഫെസ്റ്റിവൽ ഡയറക്ടറുടെ മാനേജർ അവധ് ബിൻ മുഹമ്മദ് ബിൻ ഷെയ്ഖ് മുജ്‌റിൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് മാനേജർ മുഹമ്മദ് അബ്ദുള്ള അൽഹാജ് അൽസറൂണി, എൻ കെ കുഞ്ഞഹമ്മദ്,  ചാക്കോ, സലീം, ജലീൽ, അഡ്വക്കറ്റ് നജീദ്, ക്രസൻറ് സ്കൂൾ ചെയർമാൻ ജമാലുദ്ദീൻ, വിജിഷ സജീവൻ  എന്നിവർ ചടങ്ങിൽ സംസാരിച്ചു. അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ റിയാസ് കൂത്തുപറമ്പിൽ അധ്യക്ഷനായി. കെ. വി. സജീവൻ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top