ഡബ്ലിൻ> ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പാർലമെന്റ് വേദിയിൽ. പ്രതിപക്ഷ നേതാവും ഷിൻ ഫെൻ പാർട്ടിയുടെ പ്രസിഡണ്ടുമായ മേരി ലൂ മക്ഡൊണാൾഡ് അടക്കം നിരവധി പാർലമെന്റ് അംഗങ്ങളുടെ മുന്നിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികളാണ് പ്രശ്‌നങ്ങൾ അവതരിപ്പിച്ചത്.
ചൊവാഴ്ച രാവിലെ 11:30നു പാർലമെന്റ് മന്ദിരത്തിലെ എ. വി റൂമിലാണ് യോഗം നടന്നത്. യോഗത്തിൽ ഷിൻ ഫെൻ പാർട്ടിയുടെ എം പി പോൾ ഡൊണാലി, ഡബ്ലിൻ സൗത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര പാർലമെന്റ് അംഗം ജൊവാൻ കോളിൻസ്, കെറിയിൽ നിന്നുള്ള സ്വതന്ത്ര പാർലമെന്റ് അംഗങ്ങളും സഹോദരന്മാരുമായ മൈക്കൽ ഹീലി റേ, ഡാനി ഹീലി റേ, ക്ലെയറിൽ നിന്നുള്ള സ്വതന്ത്ര അംഗമായ വയലറ്റ് ആൻ, സെനറ്റ് അംഗം ഐലീൻ ഫ്ളിൻ, എന്നിവരെ കൂടാതെ പാർലമെന്റ് അംഗങ്ങളായ റോഷീൻ ഷോർട്ടാൽ, ഭരണകക്ഷി അംഗമായ നൈൽ റിച്ച്മണ്ട് എന്നിവരുടെ പേർസണൽ സ്റ്റാഫും മുൻ പാർലമെന്റ് അംഗം റൂത്ത് കോപിഞ്ചറും പങ്കെടുത്തു സംസാരിച്ചു.
.jpg)
വർഗ്ഗീസ് ജോയ്, ഐബി തോമസ്, രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവർ മേരി ലൂ മക്ഡൊണാൾഡിനൊപ്പം
കോർക്കിൽ നിന്നുള്ള പാർലമെന്റ് അംഗമായ മൈക്ക് ബാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രതിനിധികളായ രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവർ വിഷയം പാർലമെന്റ് അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ കുടുംബത്തെ കൊണ്ടുവരാൻ കഴിയാത്ത സാഹചര്യവും നഴ്സുമാരായിരിക്കെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ ജോലി ചെയ്യാൻ QQI ലെവൽ 5 കോഴ്സ് ചെയ്യേണ്ടി വരികയും ചെയ്യുന്നത് കടുത്ത അനീതിയാണ് എന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ പാർലമെന്റ് അംഗങ്ങളും അഭിപ്രായപ്പെട്ടു.
ഈ അനീതിയെ ചെറുക്കുന്നതിനായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും പാർലമെന്റിന്റെ ഹെൽത്ത് കമ്മിറ്റിയിൽ ഈ വിഷയം ഉന്നയിക്കാനും അതുകൂടാതെ ഈ വരുന്ന ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ ഈ വിഷയം 'ടോപ്പിക്കൽ ഇഷ്യുസ്' വിഭാഗത്തിൽ ഒരുമിച്ചു ഉന്നയിക്കാനും തീരുമാനിച്ചു.
യോഗത്തിനു ശേഷം പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ പ്രതിപക്ഷ നേതാവും ഷിൻ ഫെൻ പാർട്ടിയുടെ പ്രസിഡണ്ടുമായ മേരി ലൂ മക്ഡൊണാൾഡിനെ നേരിട്ട് കണ്ടു വിഷയം അവർക്കുമുന്നിൽ അവതരിപ്പിച്ചു. ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ എല്ലാ വിധ പിന്തുണയും മേരി ലൂ മക്ഡൊണാൾഡ് വാഗ്ദാനം ചെയ്തു. യോജിച്ച പ്രവർത്തങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ ഉടനെത്തന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നു മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..