23 January Sunday

ജനാധിപത്യം സഫലമാകണമെങ്കിൽ ഭരണഭാഷ പൂർണമായി മലയാളമാകണം: പ്രഭാവർമ്മ

വെബ് ഡെസ്‌ക്‌Updated: Friday Nov 5, 2021

‌‌ജിദ്ദ > ജനാധിപത്യം കൂടുതൽ അർഥപൂർണമാക്കുന്നതിനും സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതിനും, നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലല്ലാതെ പ്രായോഗിക തലത്തിൽ പൂർണ്ണമായ അർത്ഥത്തിൽ ഭരണഭാഷ മലയാളമാകണമെന്ന്‌ കവി പ്രഭാവർമ്മ പറഞ്ഞു.

ജനങ്ങളെ മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷയിൽ ഭരിക്കുന്നത് ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണ്‌. ജാതി‐മത‐വർണ്ണ രാഷ്ട്രീയ വൈജാത്യങ്ങൾക്കതീതമായി സാമൂഹികമായും സാംസ്കാരികമായും വൈകാരികമായും മലയാളിയെ ലോകത്തെവിടെയും ഒന്നിപ്പിച്ചുനിർത്തുന്ന മലയാള ഭാഷയ്ക്ക് ഭരണനിർവഹണവും വിദ്യാഭാസവും കോടതി വ്യവഹാരവുമടക്കം എല്ലാ സാമൂഹിക രംഗങ്ങളിലും ഉപയോഗിക്കുന്നതിനുള്ള ഭാഷാപരമായ ശേഷിയും കരുത്തുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള ഭാഷാദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച വെർച്വൽ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
                
മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡന്റ്‌ എം എം നഈം അധ്യക്ഷനായി. എം.ടി.വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം ചൊല്ലിക്കൊടുത്തു. മലയാളം ന്യൂസ് പത്രാധിപർ മുസാഫിർ പ്രഭാഷണം നടത്തി. ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, സാജിദ് ആറാട്ടുപുഴ, ഡോ.മുബാറക്ക് സാനി, നസീർ വാവക്കുഞ്ഞ്, സീബ കൂവോട്, നന്ദിനി മോഹൻ, മാത്യു തോമസ് നെല്ലുവേലിൽ, രമേശ് മൂച്ചിക്കൽ, മലയാളം മിഷൻ ജിദ്ദ മേഖലാ ഭാഷാ അധ്യാപിക നിഷ നൗഫൽ എന്നിവർ സംസാരിച്ചു.

കേരളവും മലയാള ഭാഷയും വിഷയമാക്കി മലയാളം മിഷന്റെ വിവിധ മേഖലകളിലെ വിദ്യാർഥികളും അധ്യാപകരും പരിപാടികൾ അവതരിപ്പിച്ചു. നസീബ താരിഖ്, ഖദീജ താഹ,ശ്രേയ സുരേഷ്,നാദിയ നൗഫൽ,അംന ഫാത്തിമ, നേഹ പു‌ഷ്‌പരാജ്, ഹെന പുഷ്‌പരാജ്, നിവേദിത,ഐശ്വര്യ റോസ് ഷെൽജിൻ,എഹ്സാൻ ഹമദ് മൂപ്പൻ, സാദിൻ,അഥിതി രമേഷ്,സാധിക വിജീഷ്,റിതിക, ഐശ്വര്യ ഉല്ലാസ്, മയൂഖ,ഗോഡ്വിൻ തോമസ്, മുഹമ്മദ് സാലിഹ് എന്നിവർ കവിതാലാപനവും ദൃശ്യാവിഷ്ക്കാരവും നടത്തി. മലയാളം മിഷൻ ചാപ്റ്റർ വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ്, ലീന കോടിയത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top