29 October Thursday

കുവൈത്ത് വിമാന വിലക്ക് പിന്‍വലിക്കാന്‍ ഒരുങ്ങുന്നു

അനസ് യാസിന്‍Updated: Sunday Aug 16, 2020

മനാമ > ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍‍‌പ്പെടുത്തിയ വിലക്ക് കുവൈത്ത് പുനപരിശോധിക്കാനൊരുങ്ങുന്നു. അധ്യാപകരടക്കം ചില മേഖലയിലെ ജീവനക്കാരെ തിരിച്ചുകൊണ്ടുവരേണ്ട സാഹചര്യത്തിലാണ് ഈ നീക്കം.

ആഗസ്‌ത് ഒന്നു മുതലാണ് 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് അനുമതി നിഷേധിച്ചത്. ഈ രാജ്യങ്ങളില്‍ കൊറോണവൈറസ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച പാശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പഠനം പുരോഗമിക്കുകയാണ്. കര്‍ശന പ്രതിരോധ മുന്‍കരുതലോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആദ്യ ഘട്ട പഠനം നല്‍കിയ ശുപാര്‍ശ. ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലുകളില്‍ 14 ദിവസത്തെ ക്വാറന്റയ്ന്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. യുഎഇ അടക്കമുള്ള ചില രാജ്യങ്ങള്‍ ഈ മാര്‍ഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഗാര്‍ഹിക ക്വാറന്റയ്‌നു പകരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ക്വാറന്റയ്ന്‍ ഉറപ്പുവരുത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.

വിമാന വിലക്ക് കാരണം മലയാളികളടക്കം പതിനായിരകണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലാണ്. അവധിക്ക് നാട്ടിലെത്തി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കുടുങ്ങിയതായിരുന്നു ഇവര്‍. നാലു മാസമായി അടച്ചിട്ട കുവൈത്ത് വിമാന താവളം ഈ മാസം ആദ്യമാണ് അന്താരാഷ്ട്ര വാണിജ്യ സര്‍വീസിനായി തുറന്നത്.അതേസമയം, യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ കുവൈത്തി പൗരന്‍മാരുടെ കുവൈത്തികളല്ലാത്ത ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് ഡിജിസിഎ അറിയിച്ചു. കൂടാതെ, സ്‌പോണ്‍സര്‍ക്കൊപ്പം വരുന്ന സാധുവായ വിസയുള്ള വീട്ടു ജോലിക്കാര്‍ക്കും അനുമതിയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top