16 July Thursday

മോഡി ആത്മനിർഭരമാക്കുന്നത് കോർപ്പറേറ്റുകളെ മാത്രം : കേളി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


റിയാദ് >  കോവിഡ് 19നെ തുടർന്നുള്ള മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പേക്കേജ് കോർപ്പറേറ്റുകളുടെ ആത്മനിർഭരതയ്ക്ക് വേണ്ടിയാണെന്ന് കേളി കലാസാംസ്കാരിക വേദി. കോവിഡ് മഹാമാരിയിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ പേറുകയാണ്.  സ്വാതന്ത്ര്യാനന്തര കാലത്തെ വിഭജനത്തെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങളെ ഓർമ്മിപ്പിക്കുന്ന വാർത്തകളാണ് ഇന്ത്യയിലെ തെരുവുകളിൽ കാണുന്നത്. മാസം തികയാത്ത കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, വൃദ്ധരും, പിഞ്ചു കുട്ടികളും തങ്ങളുടെ ജീവിത സമ്പാദ്യവുമായി കിലോമീറ്ററുകളോളം പാദരക്ഷ പോലുമില്ലാതെ നടന്നു പോകുന്ന വർത്തമാന ഇന്ത്യയെ കാണാതെ, അവർക്ക് ഇത്തിരി പോലും ആശ്വാസമേകാത്ത ഉത്തേജന പേക്കേജാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കേളി സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.

‘മേക്ക് ഇൻ ഇന്ത്യ’ എന്ന അധരവ്യായാമത്തിനു ശേഷം ഇരുപത് ലക്ഷം കോടിയെന്ന മറ്റൊരു പ്രസ്താവന തട്ടിപ്പുമായാണ് മോഡി സർക്കാർ വീണ്ടും ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ന്യായമായ ആവശ്യങ്ങൾ പോലും ഉത്തേജന പേക്കേജിൽ പരിഗണിക്കപ്പെടുകയുണ്ടായില്ല. വിദേശനാണ്യ ശേഖരത്തിലേക്ക് കോടിക്കണക്കിന് രൂപ സംഭാവന ചെയ്തുകൊണ്ടിരുന്ന  പ്രവാസികളെ തൊഴിലും ജീവിത മാർഗ്ഗവും നഷ്ടപ്പെട്ട് മടങ്ങിവരുമ്പോൾ അവരെ സഹായിക്കാനുള്ള ഒരു പദ്ധതിയും ഉത്തേജന പേക്കേജിൽ പ്രഖ്യാപിച്ചില്ല. രണ്ടു മാസത്തെ ലോക്ക്ഡൗൺ ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണ്  അതിനിടയിലാണ് തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ വിവിധ സംസ്ഥാനങ്ങൾ ശ്രമിക്കുന്നതും. എന്നാൽ അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും മോഡിസർക്കാർ തയ്യാറായിട്ടില്ല.

മുപ്പത് വർഷം മുൻപ് നരസിഹറാവു തുടങ്ങിവെച്ച ഉദാരവൽക്കരണവും, സ്വകാര്യവൽക്കരണവും കൂടുതൽ ശക്തമാക്കാനും ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വളർത്തിയെടുത്ത ഐഎസ്ആർഒ, ആണവമേഖലയിലെ സ്ഥാപനങ്ങൾ, ഇന്ത്യയുടെ സുരക്ഷയെ തന്നെ സാരമായി ബാധിക്കുന്ന പ്രതിരോധ മേഖലയിലെ വ്യവസങ്ങൾ എന്നിവയെയൊക്കെ കോവിഡിന്റെ മറവിൽ വിറ്റുതുലക്കാനാണ് മോഡി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കേളിയുടെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top