16 July Thursday

ലോക്ക്ഡൗണിൽ സഹായമെത്തിച്ച് കേളി ഹെൽപ്പ്‌ ഡെസ്‌ക്

വെബ് ഡെസ്‌ക്‌Updated: Saturday Apr 18, 2020

റിയാദ് > മഹാമാരിയായ കോവിഡ്-19 ൻറെ പ്രതിരോധാർത്ഥം സൗദി സർക്കാർ കൈക്കൊണ്ട സമ്പൂർണ്ണ അടച്ചിടലിനെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികളുടെ സഹായത്തിനായി ആരംഭിച്ച കേളി ഹെൽപ്പ്‌ ഡെസ്‌‌ക്കിൻറെ പ്രവർത്തനങ്ങൾ പരിമിതികൾക്കുള്ളിൽ സജീവമായി നടന്നുകൊണ്ടിരിക്കുന്നതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ പറഞ്ഞു. 

പലവിധ ആവശ്യങ്ങൾക്കായി നിരവധി ഫോൺ കോളുകളാണ് വിവിധ മേഖലകളിൽ നിന്ന് ഹെൽപ്പ്‌ ഡെസ്‌ക്കിൽ വന്നുകൊണ്ടിരിക്കുന്നത്. സമ്പൂർണ്ണ അടച്ചിടലിനെ തുടർന്ന് ഒട്ടുമിക്ക വ്യവസായ കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കാത്തതുമൂലം നിരവധി തൊഴിലാളികളാണ് ജോലിയും ശമ്പളവുമില്ലാതെ ലേബർ ക്യാമ്പുകളിലും വീടുകളിലുമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ കഴിയുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളും പലവിധത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ അടച്ചുപൂട്ടൽ മൂലം സന്ദർശക വിസയിൽ എത്തിയ പലരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 

ഹെൽപ്പ്‌ ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇവരുടെയൊക്കെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇടപെടാനും വിവിധ മേഖലകളിൽ ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിക്കാനും, അടിയന്തിര സഹായം ആവശ്യമായി വന്ന രോഗികളെ ആശുപത്രികളുടെ സഹായത്തോടെ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി ആശുപത്രികളിലെത്തിക്കാനും മറ്റുള്ള പ്രശ്‌നങ്ങൾക്ക് അധികൃതരുടെ സഹായത്തോടെ സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താനും കേളി ഹെല്പ്പ് ഡെസ്‌ക്കിനു കഴിയുന്നുണ്ട്. ആവശ്യമുള്ളവർക്ക് സഹായങ്ങൾ എത്തിക്കുന്നതിനു് എംബസ്സിയുടെ ഭാഗത്തുനിന്നുള്ള കർശന ഇടപെടലുകളാണ് വേണ്ടതെന്നും കർഫ്യുപാസ്സുകളും വാഹന പാസ്സുകളും ലഭിക്കുന്നതിലുള്ള പ്രയാസം നിലിനിൽക്കുന്നതിനാൽ ആവശ്യപ്പെടുന്ന എല്ലാവർക്കും സമയബന്ധിതമായി സഹായങ്ങൾ എത്തിക്കാൻ കഴിയുന്നില്ലെന്നും എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായ സഹായങ്ങൾ കേളി ഹെൽപ്പ് ഡെസ്‌ക് മുഖേന ചെയ്യാൻ ശ്രമിക്കുകയാണെന്നും കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top