25 May Saturday

കേളി ഇടപെടല്‍ ഫലം കണ്ടു; ദുരിതങ്ങള്‍ക്കൊടുവില്‍ അഞ്ചംഗ കുടുംബം നാട്ടിലേക്ക് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 21, 2018

റിയാദ് > രണ്ട് വര്‍ഷത്തിലേറെ നീണ്ട കൊടുംദുരിതങ്ങള്‍ക്കൊടുവില്‍ അഞ്ചംഗ കുടുംബം നാട്ടിലേക്ക് മടങ്ങി. തൊഴില്‍ താമസരേഖകളോ ജോലിയോ കൃത്യമായി ശമ്പളമോ ഇല്ലാതെയും ഭാര്യക്കും മക്കള്‍ക്കും ആവശ്യത്തിനു ഭക്ഷണം പോലും യഥാസമയം ലഭിക്കാതെയും, മക്കളെ സ്‌കൂളില്‍ വിടാനാകാതെയും, പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിട്ടും അത്യാവശ്യ ചികിത്സപോലും ലഭ്യമാകാതെയും ദുരിതക്കയത്തിലകപ്പെട്ടിരുന്ന തൃശ്ശുര്‍ ചാവക്കാട് സ്വദേശി അഷറഫിനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിനുമാണ് റിയാദ് കേളി കലാസാംസ്‌കാരികവേദിയുടെ സമയോചിതമായ ഇടപെടലിനെതുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചുപോകാനായത്.

കഴിഞ്ഞ എട്ട് വര്‍ഷമായി അഷറഫും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം അസ്സീസിയ ദാറുല്‍ബൈദയിലാണ് താമസിച്ചിരുന്നത്. ഷിഫയിലുള്ള അബാഹൈല്‍ നട്‌സ് എന്ന കമ്പനിയില്‍ സെയില്‍സ്മാനായാണ് അഷറഫ് ജോലി ചെയ്തിരുന്നത്.  റിയാദിലും റിയാദിനു പുറത്തും കടകളിലേക്ക് വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയാണ് അഷറഫ് ഏറ്റെടുത്തു നടത്തിയിരുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ കടമായാണ് കമ്പനി അഷറഫിനു നല്‍കിയിരുന്നത്.  എന്നാല്‍ നിതാഖത്തിനെ തുടര്‍ന്ന് നിരവധി കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാലും, കടയുടമകള്‍ മാറിയതിനാലും പല കടകളില്‍ നിന്നും വിതരണം ചെയ്ത സാധനങ്ങളുടെ പണമൊ സാധനമൊ തിരിച്ചുകിട്ടാതിരിക്കുകയും കമ്പനിയില്‍  അഷറഫിന്റെ പേരില്‍ ഭീമമായ തുകയുടെ കടബാധ്യത വരുകയുമുണ്ടായി. ഏകദേശം ഒന്നര ലക്ഷം റിയാലോളം കമ്പനിയില്‍ കടബാധ്യത ഉള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. 

മാനസികമായും ശാരീരികമായും ആകെ തകര്‍ന്ന അഷറഫിന് പക്ഷാഘാതം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചികിത്സക്കൊടുവില്‍ രോഗം ഭേദമായി കമ്പനിയില്‍ ജോലിക്ക് തിരിച്ചുകയറിയെങ്കിലും കിട്ടുന്ന ശമ്പളം കടത്തില്‍ വകയിരുത്തുകായണുണ്ടായത്. ഇത് കൂടുതല്‍ പ്രസ്‌നങ്ങള്‍ സൃഷ്ടിച്ചു.  ഇതിനിടയില്‍ വീണ്ടും പക്ഷാഘാതം വരുകയും ജോലിക്കു പോകാന്‍ കഴിയാതെയുമായി.  അവസ്ഥയിലാണ് വിവരങ്ങള്‍ അറിഞ്ഞ് കേളി ഇടപെടുന്നത്.

കേളിയുടെ കുടംബവിഭാഗമായ കേളി കുടുംബവേദിയിലെ വനിതാ പ്രവര്‍ത്തകരും, ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരും അസ്സീസിയ ഏരിയ കമ്മിറ്റിയും ആ കുടുംബത്തെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പഠിച്ച്  കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മലിന്റെ ശ്രമഫലമായി അടിയന്തിര ചികിത്സ സഫാ മക്ക പോളിക്ലിനിക്കിന്റെ സഹായത്തോടെ ലഭ്യമാക്കി. ആവശ്യമായ മരുന്നുകള്‍ കേളി ജീവകാരുണ്യവിഭാഗം വാങ്ങി നല്‍കി.

കേളിയുടെ ഇടപെടലിലൂടെ എംബസ്സിയുടെ സഹായത്തോടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കിക്കിട്ടി. തുടര്‍ന്ന് കേളി പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കമ്പനിയുടമ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. കടബാധ്യതകള്‍ ഒഴിവാക്കിയതായി കമ്പനിയുടമ എഴുതി നല്‍കി.

 കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മലിന്റേയും ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ കിഷോര്‍ഇനിസ്സാമിന്റെയും ഇടപെടലിനെ തുടര്‍ന്ന് എംബസ്സിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖകള്‍ തയ്യാറാക്കി കുടുംബത്തെ ദമ്മാമിലെത്തിച്ചു. ദമ്മാം നവോദയ പ്രതിനിധി നാസ് വക്കത്തിന്റെ സഹായത്തോടെ ദമ്മാമില്‍ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കീ കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കി. നാട്ടിലെത്തിയ കുടുംബം ദുരിതക്കയത്തില്‍ നിന്നു രക്ഷപ്പെടൂത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ വഴിയൊരുക്കിയ കേളിയുടെ പ്രവര്‍ത്തകരോടും സഹായിച്ച മറ്റ് എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top