02 July Thursday

മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക: കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020

കുവൈറ്റ് സിറ്റി > കോവിഡ് 19 അസുഖ ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങൾ പോലും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെ എതിർത്തുകൊണ്ടുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസികളോട് പ്രതികാര മനോഭാവത്തോടെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്. നിലവിൽ കോവിഡ് രോഗബാധമൂലമല്ലാതെ   മരിച്ച നിരവധി ആളുകളുടെ മൃതദേഹങ്ങളാണ് കുവൈറ്റിലെ മോർച്ചറികളിൽ ഉള്ളത്. കോവിഡ് 19 പടർന്നിരിക്കുന്ന പശ്ചാത്തലത്തിൽ സാഹചര്യത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് ഇത്തരം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകർ പൂർത്തിയാക്കുന്നത്.

കല കുവൈറ്റിന്റെ നേതൃത്വത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് എംബാം ചെയ്ത രണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി എയർപോർട്ടിലേക്ക് കൊണ്ടുപോകുവാൻ തയ്യാറായി ഇരുന്നതാണ്. മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വരഹിതമായ ഈ ഉത്തരവ് ലഭ്യമായത്.

മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് വേണ്ടപ്പെട്ടവരെ അവസാനമായി കാണുന്നതിനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. മൃതദേഹങ്ങളെ പോലും അനാദരിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമായ ഈ തീരുമാനത്തിനെതിരെ മുഴുവൻ പ്രവാസി സമൂഹവും മുന്നിട്ടിറങ്ങി പ്രതിഷേധമുയർത്തണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി കെ നൗഷാദ് എന്നിവർ അഭ്യർത്ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top