03 June Wednesday

കേന്ദ്രം പ്രവാസികളെ അവഗണിക്കുമ്പോൾ സംസ്ഥാനം അവരെ ചേർത്തു നിർത്തുന്നു: കെ വി അബ്ദുൾ ഖാദർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ഷാർജ> കേന്ദ്രം പ്രവാസികളെ അവഗണിക്കുമ്പോൾ സംസ്ഥാനം അവരെ ചേർത്ത് നിർത്തുകയാണ് ചെയ്യുന്നതെന്ന് കെ വി അബ്ദുൾഖാദർ എംഎൽഎ. കേരള സർക്കാറും പ്രവാസികളും എന്ന വിഷയത്തിൽ ഷാർജ മാസ്  ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്രവാസികൾക്കായി രൂപീകരിക്കപ്പെട്ട ലോക കേരള സഭ പ്രവാസികളുടെ ഉന്നമനത്തിനായി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വിവിധ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് ലോക കേരള സഭ നടപടികളെടുത്തു. എന്നാൽ ലോക കേരളസഭയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലെ ഭക്ഷണത്തിന്റെ കാര്യം മാത്രമാണ്    മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇത് മാധ്യമ പ്രവർത്തനത്തിന് ഒരു കുറച്ചിലാണ്.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രവാസികൾക്ക് ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്. പ്രവാസികൾക്കുള്ള വിവിധ പദ്ധതികളുടെ തുക വർദ്ധിപ്പിച്ചുകൊണ്ട് പ്രവാസികൾക്ക് താങ്ങായി കേരള സർക്കാർ നിലകൊള്ളുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർജീവമായിരുന്ന എൻ.ഡി.പ്രേം പദ്ധതി മുഖേന ചെറുതും വലുതുമായ നിരവധി പദ്ധതികൾ പ്രവാസികളുടെ പുനരധിവാസത്തിനായി ഈ സർക്കാർ ആരംഭിച്ചു. തിരിച്ചു വരുന്നവർക്ക് പുതുജീവൻ നൽകുന്നതിനുള്ള ഒരു അത്താണിയായാണ്  ഇന്നിത് പ്രവർത്തിക്കുന്നത്. നോർക്ക വകുപ്പ് ഏറ്റവും കാര്യക്ഷമമായി ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രവാസികൾക്ക് ഈ സർക്കാരിൽ ഉള്ള ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസി പദ്ധതികൾക്ക് മുൻപെങ്ങും ഇല്ലാത്തവിധം പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസി ക്ഷേമനിധി അംഗത്വം നാലിരട്ടിയായി വർദ്ധിച്ചു. വിമാന കമ്പനികളുമായി ധാരണയുണ്ടാക്കി ചുരുങ്ങിയ ചിലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിലും നോർക്ക കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം ജനങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം പ്രവാസിസംഘടനകൾക്കുണ്ട്. ആ ദൗത്യം പ്രവാസിസംഘടനകൾ ഏറ്റെടുക്കുമ്പോൾ മാത്രമേ സർക്കാരിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി വിജയിക്കൂ.പ്രവാസികൾക്ക് വിശ്വാസപൂർവ്വം നാട്ടിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉണ്ടായി. പൊതുവിൽ വികസനത്തിന്റെ നാലു വർഷങ്ങളാണ് കടന്നു പോയിട്ടുള്ളത്. ഇതിലൂടെ കേരളം ഒരു മാതൃകാ സംസ്ഥാനമായി മാറി. ഇതിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. കേരളത്തെ പുരോഗതിയിലേക്കു നയിക്കുന്നതിൽ  പ്രവാസികളുടെ ഈ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ പി ജോൺസൺ, ലോക കേരള സഭ അംഗം ആർ പി മുരളി, മാസ് ഭാരവാഹികളായ അമീർ കല്ലുംപുറം, രാജേഷ് നിട്ടൂർ, വിജയൻ എന്നിവർ സംസാരിച്ചു. പ്രവാസി ക്ഷേമ പദ്ധതികളും സർക്കാരിൻറെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും എംഎൽഎ മറുപടി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top