01 March Monday

മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സ്‌കൂള്‍ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020

മനാമ: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിലെ സ്‌കൂള്‍ ടോപ്പര്‍മാരെ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വെര്‍ച്വല്‍ അക്കാദമിക് അവാര്‍ഡ് ദാന ചടങ്ങില്‍ അനുമോദിച്ചു. 

 
ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷീദ് ആലം, പ്രേമലത എന്‍എസ്, ബിനു മണ്ണില്‍ വര്‍ഗീസ്, സജി ജോര്‍ജ്, ദീപക് ഗോപാലകൃഷ്ണന്‍, മുഹമ്മദ് നയാസ് ഉല്ല, രാജേഷ് നമ്പ്യാര്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍,വൈസ് പ്രിന്‌സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
 
ഇസ ടൗണ്‍ ക്യാമ്പസിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോവിഡ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ 20192020 അധ്യയന വര്‍ഷത്തെ മികച്ച അക്കാദമിക് പ്രകടനത്തിന് മെഡലുകള്‍, ഫലകങ്ങള്‍, എ1 ഗ്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമ്മാനിച്ചു. മികവു തെളിയിച്ച 78 വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ചടങ്ങില്‍ 241 സമ്മാനങ്ങളും വിതരണം ചെയ്തു.പന്ത്രണ്ടാം ക്ലാസ് ടോപ്പര്‍മാരായ ശ്രീ ആരതി ഗോവിന്ദരാജു (98.4%), റീലു റെജി (98%), കെയൂര്‍ ഗണേഷ് ചൗധരി (97.8%), പത്താം ക്ലാസ് ടോപ്പര്‍മാരായ നന്ദന ശുഭ വിനു കുമാര്‍ (98.6%), നയന ചന്ദ്രന്‍ പുറവങ്കര (97.8%) ), ഗൌതം  അനൈമല്ലൂര്‍ ജനാര്‍ദ്ദനന്‍ (97.6%) എന്നിവര്‍ സ്വര്‍ണ മെഡല്‍ നേടിയവരില്‍ ഉള്‍പ്പെടുന്നു.  ജേതാക്കളെ  പ്രതിനിധീകരിച്ച് പ്രധാന അധ്യാപകരായ റെജി വര്‍ഗീസ്, ജോസ് തോമസ് എന്നിവര്‍ക്ക് അവാര്‍ഡുകളും ട്രോഫികളും സമ്മാനിച്ചു. 
 
ചടങ്ങ് ഉദ്ഘടാനം ചെയ്ത് ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ പഠന കാര്യങ്ങളില്‍  ഇന്ത്യന്‍ സ്‌കൂളിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.  ഈ പ്രയാസകരമായ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും  കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനന്ദനാര്‍ഹമാണന്നു അദ്ദേഹം പറഞ്ഞു.  ഇന്ത്യന്‍ സ്‌കൂള്‍ അവരുടെ മികവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
 
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ അധ്യക്ഷനായി. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണഹൃദയത്തോടെയുള്ള പിന്തുണയും സ്‌കൂള്‍ അക്കാദമിക് ടീമിന്റെ സമഗ്രമായ പരിശ്രമവും നിരവധി വര്‍ഷങ്ങളായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനത്തിന് കാരണമായെന്നു പറഞ്ഞു. അര്‍ഹരായ മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ ധാരാളം കോവിഡ് 19 അനുബന്ധ സഹായം  നല്‍കിയിട്ടുണ്ട്. ഫീസ് ഇളവിനായി എത്തിയ നൂറുകണക്കിന് അപേക്ഷ സ്‌കൂള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
അക്കാദമിക് മികവിനായി സിബിഎസ്ഇ സ്ഥാപിച്ച 12 അവാര്‍ഡുകളില്‍ 10 എണ്ണവും ഇന്ത്യന്‍ സ്‌കൂള്‍ നേടിയിട്ടുണ്ടെന്ന് സിബിഎസ്ഇ ഫലങ്ങളുടെ പ്രത്യേകതകള്‍ അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം, അധ്യാപകരുടെ പ്രതിബദ്ധത, മാതാപിതാക്കളുടെ സഹകരണം എന്നിവയും എക്‌സിക്യട്ടീവ് കമ്മിറ്റിയുടെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും സ്‌കൂളിന്റെ മികവിന് സഹായകരമായെന്നു  അദ്ദേഹം  പറഞ്ഞു.
 
ഇന്ത്യന്‍  സ്‌കൂള്‍  എല്ലാ  വര്‍ഷവും അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ ഇന്ത്യന്‍ സ്‌കൂള്‍ കുടുംബത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്ന് ഇസി അംഗംഅക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷീദ് ആലം പറഞ്ഞു.
 
അക്കാദമിക മികവു എന്നും  സ്‌കൂളിന്റെ മുന്‍ഗണനയാണെന്നും സ്‌കൂള്‍ ടീമിന്റെ സംയുക്ത പരിശ്രമം സ്‌കൂളിനെ  അക്കാദമിക് രംഗത്തെ മികവിന്റെ കേന്ദ്രമായി ഉയര്‍ന്നുവരാന്‍ സഹായിച്ചുവെന്നും സെക്രട്ടറി സജി ആന്റണി പറഞ്ഞു.
 
2020 മാര്‍ച്ചില്‍ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ശ്രീ ആരതി ഗോവിന്ദ രാജു 500 ല്‍ 492 മാര്‍ക്ക് നേടി ഐലന്റ് ടോപ്പറായിരുന്നു. അവര്‍ക്ക് 98.4 ശതമാനം ലഭിച്ചു. 98 ശതമാനവുമായി റീലു റെജി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായി റീലു രണ്ടാം സ്ഥാനം പങ്കിടുന്നു. പരീക്ഷയില്‍ 97.8 ശതമാനം മാര്‍ക്കോടെ കെയൂര്‍ ഗണേഷ് ചൗധരി മൂന്നാം സ്ഥാനത്താണ്. ഈ   വിദ്യാര്‍ത്ഥികളെല്ലാം സയന്‍സ് സ്ട്രീമില്‍ നിന്നുള്ളവരാണ്. ഇവര്‍ സ്‌കൂളിലെ സയന്‍സ് സ്ട്രീമില്‍ യഥാക്രമം ടോപ്പേഴ്‌സ് ആണ്. 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top