18 January Tuesday

വിദേശനഴ്‌സുമാരുടെ രജിസ്ട്രേഷൻ കാലതാമസം: മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

വിദേശനഴ്‌സുമാരുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്‌ നഴ്‌സിങ്‌ ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡുമായി മൈഗ്രന്റ് നഴ്‌സ‌സ് അയർലൻഡ് ചർച്ച നടത്തി. യൂറോപ്പിന് പുറത്തുള്ള നഴ്‌സുമാരുടെ രജിസ്ട്രേഷൻ നടപടികളിൽമേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. മൈഗ്രന്റ് നഴ്‌സസ് അയർലൻഡിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങുകയും ചെയ്‌തിരുന്നു.

ഇന്ത്യയിലെ നഴ്‌സുമാർക്കൊപ്പം സിംബാബ്വെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 714 നഴ്‌സുമാർ ഓൺലൈൻ പെറ്റീഷനിൽ ഒപ്പു വച്ചു. ചൊവ്വാഴ്‌ച ചേർന്ന യോഗത്തിൽ ഓൺലൈൻ പെറ്റീഷന്റെ റിപ്പോർട്ട് മൈഗ്രന്റ് നഴ്‌സസ്   അയർലണ്ടിന്റെ ഭാരവാഹികൾ അവതരിപ്പിച്ചു. റിപ്പോർട്ട് സി ഇ ഓ ഷീല മക്ക്ലെലണ്ടിനു ഇമെയിൽ വഴി സമർപ്പിച്ചു.

യോഗത്തിൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ട് സിഇഒ ഷീല മക്ക്ലെലൻഡ്, സ്റ്റാഫുമാരായ റേ ഹീലി, കരോലിൻ ഹോഗൻ, ഗ്രെഗ് ഹാർക്കിൻ, കാത്തി ആൻ ബാരെറ്റ്, ഓർലാ ബ്രണ്ണൻ എന്നിവരും ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ്, മൈഗ്രന്റ് നഴ്സസ് ഭാരവാഹികളായ വർഗീസ് ജോയ്, ഐബി തോമസ്, രാജിമോൾ മനോജ്, വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന  എന്നിവരും പങ്കെടുത്തു.

രജിസ്ട്രേഷൻ നടപടികളിലെ കാലതാമസം എന്ന പ്രശ്‌നം നിലനിൽക്കുന്നു എന്ന് യോഗത്തിൽ സി ഇ ഒ ഷീല മക്ക്ലെലൻഡ് അംഗീകരിക്കുകയും അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളും എന്നുറപ്പു നൽകുകയും ചെയ്‌തു. നഴ്‌സിങ്‌ ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻണ്ടിനു കൂടുതൽ സ്റ്റാഫിങ് അടക്കമുള്ള സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു ചീഫ് നഴ്‌സിങ്‌ ഓഫീസർക്ക് കത്തയക്കുമെന്നു ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ് യോഗത്തെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top