റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ ഏഴാമത് ഇന്റർ കേളി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ന്യൂ സനയ്യയിലെ അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ നടന്നു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ രണ്ടു ഗ്രൂപ്പുകളിലായി 15 മത്സരങ്ങൾ നടന്നു.
ഫാൽക്കൺ അൽ-ഖർജ്, യുവധാര അസീസിയ, റെഡ് ബോയ്‌സ് സുലൈ, ചാലഞ്ചേർസ് റൗദ, ഫോക്കസ് ലൈൻ മലാസ്, ബത്ത ബ്ലാസ്റ്റേഴ്‌സ്, ഡെസർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റെഡ് സ്റ്റാർ ബദിയ എന്നീ 8 ഏരിയ ടീമുകൾ പങ്കെടുത്തു. ഗ്രൂപ്പ് എ യിൽ നിന്ന് ഡെസർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, ഫോക്കസ് ലൈൻ മലാസ് എന്നീ ടീമുകളും ഗ്രൂപ്പ് ബി യിൽനിന്ന് ഫാൽക്കൺ അൽ ഖർജ്, ബത്ത ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളും സെമിയിൽ പ്രവേശിച്ചു.
ആദ്യ സെമിയിൽ ബത്ത ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി കഴിഞ്ഞ വർഷത്തെ ചമ്പ്യന്മാരായ ടീം ഉമ്മുൽ ഹമാമും രണ്ടാം സെമിയിൽ മുൻ റണ്ണറപ്പായ ഫാൽക്കൺ അൽ ഖർജിനെ പരാജയപ്പെടുത്തി ഫോക്കസ് ലൈൻ മലാസും ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡസേർട്ട് സ്റ്റാർ ഉമ്മുൽ ഹമാമിനെ പരാജയപ്പെടുത്തിയാണ് ഫോക്കസ് ലൈൻ മലാസ് ജേതാക്കളായത്.
ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ഉദ്ഘാടനം ചെയ്‌തു. രക്ഷധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, ടി ആർ സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട്, കൺവീനർ ഹസൻ പുന്നയൂർ, സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ പങ്കെടുത്തു.
കേളി പ്രസിഡന്റ് സെബിൻ ഇക്‌ബാൽ ടീമുകളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങൾ കിക്കോഫ് ചെയ്‌തു. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റീഫ) റഫറി പാനലിൽ നിന്നുള്ള ഫാരിസിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..