23 July Tuesday

അബുദാബി പോലീസില്‍ നാലു പതിറ്റാണ്ട്; നാസര്‍ പാലപ്പെട്ടി നാട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

അബുദാബി> നീണ്ട നാല് പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനൊടുവില്‍ പൊന്നാനി പാലപ്പെട്ടി സ്വദേശി പൊറ്റാടി അബ്ദുല്‍ നാസര്‍ നാട്ടിലേക്ക്. 1975 ല്‍ എസ് എസ് എസ് എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് ബോം ബെയിലേയ്ക്ക് വണ്ടികയറിക്കൊണ്ടാണ് നാസര്‍ തന്റെ പ്രവാസ ജീവിതത്തിനു തുടക്കമിട്ടത്. കേവലം ഇരുപത്തിരണ്ട് ദിവസത്തെ ബോംബെ വാസത്തിനു ശേഷം അന്ന് തിരിച്ചു പോരുകയായിരുന്നു.

പാലപ്പെട്ടി, വെളിയങ്കോട് പ്രദേശത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള പൊറ്റാടി സിദ്ധിമാസ്റ്ററുടെ മകനായ നാസര്‍ വളരെ ചെറുപ്പത്തിലേ പൊതുപ്രവര്‍ത്തനരംഗത്ത് ഏറെ സജീവമായിരുന്നു. അടിയന്തിരാവസ്ഥയില്‍ നടമാടിയിരുന്ന പോലീസ് നരവേട്ടയില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ 1976 ബാംഗ്ലൂരിലേയ്ക്ക് ഉപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങി നാടുകടത്തപ്പെട്ടുവെങ്കിലും അടിയന്തിരാവസ്ഥ പിന്‍വലിച്ചതോടു കൂടി 1977 ല്‍ നാട്ടിലേയ്ക്ക് തിരിച്ചു വന്നു.

ബാലസംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 1974ല്‍ വെളിയങ്കോട് വെച്ച് എകെജിക്കും സുശീല ഗോപാലനും നല്‍കിയ സ്വീകരണ യോഗത്തില്‍ ബാലസംഘം പ്രതിനിധിയായി ഇരുവര്‍ക്കും പൂച്ചെണ്ട് നല്‍കി സ്വീകരിക്കാന്‍ കഴിഞ്ഞ നാസറിന് 1977 ലെ പാര്‍ലമെന്റിലേയ്ക്ക് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കെ. എസ്. ഹെഗ്‌ഡെക്ക് ബാഗ്ലൂര്‍ ശിവജി നഗറില്‍ വെച്ച് നല്‍കിയ സ്വീകരണത്തില്‍ ഹാരാര്‍പ്പണം നല്‍കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി മനസ്സില്‍ ഇന്നും കൊണ്ടു നടക്കുന്നു.

എഴുപതുകളിലെ ഗള്‍ഫിലേയ്ക്കുള്ള കുടിയേറ്റം സജീവമായിരിക്കെ ഗള്‍ഫിന്റെ പളപളപ്പില്‍ മോഹിതരായി തന്റെ പതിമൂന്നാമത്തെ വയസ്സില്‍ മൈനര്‍ പാസ്‌പേര്‍ട്ട് എടുത്ത നാസര്‍ 1980 ലാണ് ബോംബെ വഴി അറബിപ്പൊന്നിന്റെ നാട്ടിലെത്തിയത്. ഇറാന്‍ ഇറാഖ് യുദ്ധം കൊടും ബിരികൊണ്ടിരിക്കെയാണ് നാസര്‍ ദുബായില്‍ കാലു കുത്തിയത്. ഇറാന്‍ ചരിത്ര ഗവേഷകന്റെ കൂടെയായിരുന്നു ആദ്യ ജോലി. ഏറെ ഭീരുവായിരുന്ന അദ്ദേഹം തൊഴില്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒരിക്കലും പുറത്ത് ഇറങ്ങാറില്ലായിരുന്നുവെന്നത് ഇന്ന് കൗതുകത്തോടെയാണ് നാസര്‍ ഓര്‍ത്തെടുക്കുന്നത്. നാലു മാസമാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത്.

1981 ല്‍ അബുദാബി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ താരിഫില്‍ ജോലി ലഭിച്ച നാസര്‍ നീണ്ട 38 വര്‍ഷത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും സ്വയം വിരമിച്ചാണ് നാട്ടിലേയ്ക്ക് പോകുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരുമായ ജനവിഭാഗങ്ങളുമായി സഹവര്‍ത്തിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള നാസറിന് തന്റെ ജോലിക്കിടയില്‍ മലയാളികളും അല്ലാത്തവരുമായ നിരവധിപേര്‍ക്ക് സഹായിയായി വര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏറെ തത്പരനായ നാസര്‍ പോലീസില്‍ ജോലി ചെയ്യവെ 'താരിഫ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍' എന്ന സാമൂഹ്യ സേവന സംഘടനയ്ക്ക് രൂപം നല്‍കുകയുണ്ടായി. പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഏഴ് വര്‍ഷം മുമ്പ് പിരിച്ചുവിട്ട ഈ സംഘടനയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് എണ്ണമറ്റ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും തിളക്കമാര്‍ന്നതായിരുന്നു സുനാമി ദുരന്തഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ സഹായ ഹസ്തം.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ലഭിച്ച പ്രശംസാപത്രം ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങള്‍ സജീവമല്ലാത്ത കാലത്ത് ബൈലോക്‌സ് മെസെഞ്ചര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 'പവര്‍ ഓഫ് യൂത്ത്' കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും അതുവഴി ലോകമെമ്പടുമുള്ള മലയാളികളുമായി സൗഹൃദം നിലനിര്‍ത്തുവാനും സംവദിക്കുവാനും കഴിഞ്ഞിരുന്നു. സാമൂഹ്യ മാധ്യമരംഗത്തെ വിപ്ലവകരമായ ഒരു തുടക്കം തന്നെയായിരുന്നു ആ കൂട്ടായ്മ. പിന്നീട് രൂപം കൊണ്ട രണാങ്കണം തണ്ണിത്തുറയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച നാസര്‍ പൊന്നാനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഇമ്പിച്ചിബാവ സ്മാരക മെഡിക്കല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററിന്റെ യുഎഇ രക്ഷാധികായായും പ്രവര്‍ത്തിക്കുകയുണ്ടായി.

കൃഷിയില്‍ ഏറെ തത്പരനായ നാസര്‍ തന്റെ തൊഴിലിടത്തില്‍ വിളയിച്ച കാര്‍ഷിക വിളകള്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. മണലാരണ്യത്തില്‍ എങ്ങിനെ കൃഷി ഇറക്കാം, ഒഴിവ് സമയം എങ്ങിനെ ഉപകാരപ്രദമായി വിനിയോഗിക്കാം എന്നതിനു മികച്ച ഉദാഹരണമാണ് നാസര്‍. നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ബദാസായിദ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന നാസര്‍ ജോലിസമയത്തിനു ശേഷം കിട്ടുന്ന ഒഴിവ് സമയം കൃഷി നട്ടുവളര്‍ത്തുന്നതില്‍ വ്യാപൃതനായിരുന്നു. താമസസ്ഥലത്തോട് ചേര്‍ന്ന പത്ത് സെന്റോളം വരുന്ന സ്ഥലത്താണ് തന്റെ ജൈവകൃഷിത്തോട്ടം വളര്‍ത്തി മാതൃകയായത്.

കേവലം കൗതുകമന്നോണം തുടങ്ങിയ കൃഷിയിടത്തില്‍ ഇപ്പോള്‍ വെണ്ട, വെള്ളരി, തണ്ണി മത്തന്‍, കപ്പ, കോലന്‍ പയര്‍, ഷമാം, വഴുതനങ്ങ, തക്കാളി, പച്ചമുളക്, മുരിങ്ങ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും  ഉണ്ട്. കൂറ്റന്‍ മത്തനും ദൈര്‍ഘ്യമേറിയ നീളന്‍ പയറുകളും അഞ്ച് കിലോഗ്രാമോളം തൂക്കം വരുന്ന കപ്പയുമെല്ലാം ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വിളയാറുണ്ട്. പരിസരങ്ങളിലൊന്നും പച്ച ലതാദികളൊന്നുമില്ലാത്ത അക്ഷരാര്‍ത്ഥത്തില്‍ മരുപ്രദേശത്താണു കായികാധ്വാനം കൊണ്ട് കൃഷി വിളയിച്ചെടുത്ത് കാണികളില്‍ ഏറെ കൗതുകമുണര്‍ത്തിയത്.

നാട്ടില്‍ അവധിക്ക് പോയാല്‍ പല തരം വിത്തുകള്‍ കൊണ്ടുവരാറുള്ള നാസര്‍ ലിവ അഗ്രികള്‍ച്ചര്‍ സ്ഥാപനത്തില്‍ നിന്നാണു കൂടുതലും കൃഷിക്ക് വേണ്ട വിത്തുകള്‍ സമാഹരിച്ചിരുന്നത്. ഒഴിവ് സമയത്തെ വിരസത അകറ്റുവാനും അതോടൊപ്പം കൃഷിയുടെ വളര്‍ച്ചയില്‍ സന്തോഷം കണ്ടെത്തുവാനും ഈ പ്രവൃത്തി സഹായകരമാകുന്നുവെന്നാണ് നാസറിന്റെ വിലയിരുത്തല്‍.

ജോലിസ്ഥലത്തിനു സമീപം മണലാരണ്യത്തില്‍ രൂപപ്പെടുത്തിയ കൃഷിത്തോട്ടത്തില്‍ വിളയുന്ന കൃഷികള്‍ തന്റെ ചുറ്റുഭാഗം താമസിക്കുന്നവര്‍ക്കും സന്ദര്‍ശകരായി എത്തുന്ന സുഹൃത്തുക്കള്‍ക്കും സൗജന്യമായി പകുത്ത് നല്‍കിയുമാണ് നാസര്‍ തന്റെ അധ്വാനത്തില്‍ സായൂജ്യമടയാറ്. പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുമ്പോള്‍ തന്റെ വിളയിടത്തില്‍ വിളയിച്ചെടുത്ത പത്ത് കിലോളം വരുന്ന പയറുമായാണ് നാട്ടിലേക്ക് പോകുന്നത്.

മുപ്പത്തെട്ട് വര്‍ഷമായി അബുദാബി പോലീസിനു കീഴില്‍ താരിഫിലും റുവൈസിലും ബദാസായിദിലുമായി ജോലി ചെയ്ത നാസര്‍ ബദാസായിദ് പോലീസില്‍ നിന്നാണ് യുഎഇയുടെ വളര്‍ച്ചക്കൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ വിരമിക്കുന്നത്. യുഎഇയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ സഫറുള്ള പാലപ്പെട്ടി നാസറിന്റെ സഹോദരനാണ്. ഭാര്യ റസിയ, മകന്‍ നൈനാര്‍


പ്രധാന വാർത്തകൾ
 Top