23 March Thursday

പരസ്‌പര സ്‌നേഹത്തിന്റെ സന്ദേശവുമായി ഫായിസിന്റെ സൈക്കിൾ കുവൈറ്റിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 26, 2022

കുവൈത്ത് സിറ്റി> ലോക രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ സന്ദേശം ഉയർത്തി കൊണ്ട് നാലു മാസം മുമ്പ് നാട്ടിൽ നിന്നും പുറപ്പെട്ട  കോഴിക്കോട്ടുകാരൻ ഫായിസ് അഷറഫ് അലി യാത്രാ മദ്ധ്യേ കുവൈത്തിന്റെ മണ്ണിലും കാല് കുത്തി. നുവൈസിബ് അതിർത്തി വഴി കുവൈത്തിൽ എത്തിയ ഫായിസ് ഇതോടെ തന്റെ സന്ദർശക പട്ടികയിലുള്ള 35 രാജ്യങ്ങളിൽ ഒരു രാജ്യം കൂടി പൂർത്തിയാക്കുകയാണ്. രണ്ട് ഭൂഖണ്ഡങ്ങളിലെ  35 രാജ്യങ്ങൾ  താണ്ടി 30,000 കിലോമീറ്റർ സഞ്ചരിച്ച്  ലണ്ടനിലെത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ആഗസ്ത്  15 നാണ് ഫായിസ് തിരുവന്തപുരത്തുനിന്നും  തന്റെ സൈക്കിളിലൂടെയുള്ള പ്രയാണം ആരംഭിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ആം  വാർഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ്  യാത്ര തീരുമാനിച്ചത്. ലോക സമാധാനം, സീറോ  കാർബൺ, മയക്കമരുന്നിനെതിരെയുള്ള ബോധവത്കരണം, എന്നിവയും ലക്ഷ്യങ്ങളായിരുന്നു.തിരുവനന്തപുരത്തു  നിന്നും വിമാനമാർഗം ഒമാനിലെത്തുകയും തുടർന്ന്  റോഡുമാർഗം യു.എ.ഇയും, ഖത്തറും, ബഹ്റൈനും സൗദിയും സന്ദർശിച്ചു. ഇതിനു ശേഷമാണ്  ഫായിസ്  കുവൈത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഒരാഴ്ച കുവൈത്തിൽ തങ്ങുന്ന ഫായിസ് ഇവിടെ നിന്ന് ഇറാക്കിലേക്കും തുടർന്ന് ഇറാനും, അസർബൈജാനും, ജോർജിയയും, തുർക്കിയും പിന്നിട്ട്  യൂറോപ്യൻ രാജ്യങ്ങളിലൂടെ 450 ദിവസത്തിനകം ലണ്ടനിൽ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്. ദിവസം 80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ്  തീരുമാനം. യാത്രാചിലവ്  സ്‌പോണ്‍സര്‍മാര്‍ വഴി കണ്ടെത്തണം. പക്ഷേ ഇതുവരെ അതായിട്ടില്ല'' എന്നും ഫായിസ് പറഞ്ഞു. റൈഡിങ് ഗ്രൂപ്പ് എക്കോവീലേഴ്‌സ് ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട് .കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയാണ്. ഭാര്യ ഡോ. അസ്മിന്റെയും . മക്കളായ ഫഹ്സിന്‍ ഉമർ, അയ്സിന്‍ നഹേൽ എന്നിവരുടെയും ഉറച്ച  പിന്തുണയാണ് ഫായിസിന്റെ യാത്രയുടെ കരുത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top