18 August Sunday

ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം - പ്രവാസി സംഘടനകള്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

അബുദാബി> ഒന്നാം യുപിഎ സര്‍ക്കാരിനു സമാനമായ അഴിമതി രഹിത ജനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കേന്ദ്രത്തില്‍ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം അനിവാര്യമാണെന്നും, അതുകൊണ്ട് കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും ഇടതുപക്ഷ സാരഥികളെ വിജയിപ്പിക്കണമെന്നും യുഎഇയിലെ വിവിധ സംഘടനാപ്രതിനിധികള്‍ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.  

യുഡിഎഫിന്റെ പ്രകടനപത്രികയില്‍ എവിടെയും സൂചിപ്പിക്കാത്ത, എന്നാല്‍ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം പോലുള്ള ഒട്ടുമിക്ക ജനപക്ഷ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഒന്നാം യുപിഎ സര്‍ക്കാരിനു കഴിഞ്ഞത് ഇടതുപക്ഷങ്ങളുടെ സ്വാധീനവും ശക്തമായ ഇടപെടലും കൊണ്ടാണ്. ഇത് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുവാന്‍ സഹായകരമായി.

പിന്നീട് വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ ഡീസല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിശ്ചയിക്കുവാനുള്ള പൂര്‍ണ്ണ അധികാര്യം സ്വകാര്യകമ്പനികള്‍ക്ക് നല്‍കി, ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കൽ, ബാങ്കിങ്, ഇന്‍ഷ്വറന്‍സ് ഭേദഗതി നിയമങ്ങള്‍, പെന്‍ഷന്‍ ഫണ്ട് നിയമം, ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമം, പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കല്‍ പോലുള്ള ജനവിരുദ്ധ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും, നാളിതുവരെ കാണാത്ത അഴിമതി നടത്തുകയും ചെയ്തത് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചു.

ലോക മലയാളികളുടെ ആവശ്യങ്ങള്‍ ജനപ്രതിനിധികളുടെ മുന്നില്‍ നേരിട്ട് അവതരിപ്പിക്കുവാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും പര്യാപ്തമായ ലോക കേരള സഭ എന്ന നൂതന സംവിധാനത്തിനു രൂപം നല്‍കിയതുള്‍പ്പെടെ എണ്ണമറ്റ പ്രവാസി ക്ഷേമപദ്ധതികള്‍ നടപ്പില്‍ വരുത്തിയ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ സമസ്ത മേഖലകളും പുതുഉന്‍മേഷം തീര്‍ത്ത് വികസനക്കുതിപ്പില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കേരളത്തിന് സഹായകരമായ നിലപാട് കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കുന്നതിനും കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ശക്തമായി മുഴങ്ങുന്നതിനും ഉറച്ച നിലപാടും ഇച്ഛാശക്തിയുമുള്ള ഇടതുപക്ഷ നേതൃനിര പാര്‍ലമെന്റില്‍ വന്നേ തീരൂ എന്ന് കെ. ബി. മുരളി (ലോക കേരള സഭ), എ. കെ. ബീരാന്‍കുട്ടി (കേരള സോഷ്യല്‍ സെന്റര്‍), അഡ്വ. അന്‍സാരി സൈനുദ്ദീന്‍ (ശക്തി തിയറ്റേഴ്‌സ്), എം. സുനീര്‍ (യുവകലാസാഹിതി), സ്മിത ധനേഷ് (ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്), രാജൻ കണ്ണൂർ (കൈരളി കൾച്ചറൽ ഫോറം) സഫറുള്ള പാലപ്പെട്ടി, കെ. വി. ബഷീര്‍, ലായിന മുഹമ്മദ്, ടി.കെ. മനോജ്, ബിജിത് കുമാര്‍, സുരേഷ് പാടൂര്‍, കെ. കെ. കൃഷ്ണകുമാര്‍, പി. പത്മനാഭന്‍, പുന്നൂസ് ചാക്കൊ, പ്രിയ ബാലു, ഷൈനി ബാലചന്ദ്രന്‍, രാഖി രഞ്ജിത്, പ്രകാശ് പല്ലിക്കാട്ടില്‍, നിർമ്മൽ തോമസ്, അനിതാ റഫീഖ്, ബിന്ദു ഷോബി തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top