25 January Tuesday

വിനോദത്തിന്റെ പറുദീസയൊരുക്കി ഗ്ലോബൽ വില്ലേജ് വാതിൽ തുറന്നു

കെ എൽ ഗോപിUpdated: Thursday Oct 28, 2021


ദുബായ്>  വിനോദത്തിനും വിനോദസഞ്ചാരത്തിനുമുള്ള ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റിയെടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച ഗ്ലോബൽ വില്ലേജ് (Dubai global village ), സന്ദർശകർക്കായി വാതിലുകൾ തുറന്നു. യുഎഇയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചു 2,500 ചതുരശ്ര മീറ്റർ പുതിയതായി കൂട്ടിചേർത്ത്‌ കൂടുതൽ ഷോപ്പിംഗ് ആകർഷണങ്ങൾ, വിനോദം എന്നിവ ഒരുക്കിയാണ് ഇത്തവണ ദുബായ് ഗ്ലോബൽ വില്ലേജ് തുറന്നിരിക്കുന്നത്.

പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ആദ്യത്തെ പീറ്റർ റാബിറ്റ് അഡ്വഞ്ചർ സോൺ, റിപ്ലേയുടെ 'ബിലീവ് ഇറ്റ് ഓർ നോട്ട് എന്ന പേരിലുള്ള 4D മൂവിംഗ് തിയേറ്റർ, വാട്ടർ സ്റ്റണ്ട് ഷോയായ ഹാർബർ ഫോഴ്സ്, മനോഹരമായ തെരുവോര ഭക്ഷണശാലകൾ, ലാൻഡ്‌മാർക്കുകൾ എന്നിവ ഇത്തവണത്തെ പ്രത്യേകതകളാണ്.

80-ഓളം  വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള പ്രദർശകർ അണിനിരക്കുന്ന ഗ്ലോബൽ വില്ലേജിൽ 26 പവലിയനുകളാണുള്ളത്. 3,500 ലധികം ബോട്ടിക്കുകളിലും സ്റ്റാളുകളിലുമായി അതിഥികൾക്ക് അതുല്യമായ ഉൽപ്പന്നങ്ങളുടെ ഒരു നിധി പര്യവേക്ഷണം ചെയ്യാൻ കഴിയും. കുടുംബ സമേതം ഒത്തുചേരുന്നതിന്,  170-ലധികം റൈഡുകളും, ഗെയിമുകളും ഒരുക്കി  ആകർഷകമാക്കിയ സ്ഥലമാണ് കാർണവൽ. അറേബ്യൻ നൈറ്റ്സ് ബൗൺസ് പാലസാകട്ടെ ചെറുപ്പക്കാർക്കുള്ള ആകർഷണീയമായ ഇടവും.

ഗ്ലോബൽ വില്ലേജിന്റെ സീസൺ 26 ൽ,  200-ലധികം റെസ്റ്റോറന്റുകളിലും, കഫേകളിലുമായി ലോകരാജ്യങ്ങളിൽ നിന്നുള്ള മികച്ചതും അപൂർവവുമായ വിഭവങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്കാകും.  പുതുതായി പേരിട്ടിരിക്കുന്ന ഫയർവർക്ക് അവന്യൂവിൽ മനോഹരമായ ഫൗണ്ടനും അതിനു ചുറ്റും മികച്ച തെരുവ് ഭക്ഷണശാലകളും ഉണ്ട്.

തായ്‌ലൻഡിലെ ലോകപ്രശസ്തമായ 'കുട മാർക്കറ്റിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ റെയിൽവേ മാർക്കറ്റ് ഡെസേർട്ട് പ്രേമികളുടെ പറുദീസയാണ്. 14 തീവണ്ടിപ്പാതകളിൽ ലോകമെമ്പാടുമുള്ള 30-ലധികം മധുരപലഹാരങ്ങൾ, ഐസ്ക്രീം, പേസ്ട്രികൾ, പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ ലഭിയ്ക്കും. ഡ്രാഗൺ തടാക പശ്ചാത്തലമുള്ള ഫ്ലോട്ടിംഗ് മാർക്കറ്റിൽ, 20 മീറ്റർ നീളമുള്ള അഗ്നി ശ്വസിക്കുന്ന ഡ്രാഗൺ ഫയർ ഫൗണ്ടൻ ഷോ ഒരുക്കിയിട്ടുണ്ട്. തായ്‌ലൻഡ്, കൊറിയ എന്നിവിടങ്ങളിലെ ആകർഷകമായ രുചികൾ, മസാലകൾ നിറഞ്ഞ ഫാർ ഈസ്റ്റ്-ഏഷ്യൻ ഗ്രില്ലുകൾ, ഏഷ്യൻ സീഫുഡ്, മ്യാൻമറിൽ നിന്നുള്ള രുചികൾ, ഫിലിപ്പീൻസിൽ നിന്നുള്ള പലഹാരങ്ങൾ, ഇന്തോനേഷ്യൻ ട്രീറ്റുകൾ എന്നിവ ഇവിടങ്ങളിൽ നിന്നും ആസ്വദിക്കാം.

ലോകമെമ്പാടുമുള്ള 400-ലധികം കലാകാരന്മാരുടെ നേതൃത്വത്തിൽ 200-ലധികം ഷോകളാണ് എല്ലാ ദിവസവും അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ ബേൺ ദി ഫ്ലോർ, സ്വിംഗ് ലാറ്റിനോ, എഎഇഞ്ജ തുടങ്ങിയ ഷോകൾ ഇതിൽ ഉൾപ്പെടുന്നു. ജെറ്റ് സ്കീസും, ഫ്ലൈ-ബോർഡുകളും, 27 മീറ്റർ ഉയരമുള്ള ഡൈവ് ടവറും ഉൾപ്പെടുന്ന ജല-അധിഷ്ഠിത സ്റ്റണ്ട് ഷോയായ ഹാർബർ ഫോഴ്‌സ് ഇത്തവണത്തെ മറ്റൊരു ആകർഷണമാണ്.  .

പൈറേറ്റ് പെരിൽ,  ലിവിംഗ് ലാമ്പ്-പോസ്റ്റുകൾ,  ദ ടോളസ്റ്റ് ഓൾഡ് മാൻ,  വീലി-ക്ലീൻ, സ്പീക്ക്-കാർ,  റോബോ-എക്സ്എക്സ്എൽ,  ദി ഗിഫ്റ്റ് ദാറ്റ് കീപ്സ് ഓൺ റണ്ണിംഗ്,  ജോളി ജൗസ്റ്റിംഗ് നൈറ്റ്സ്,  ബ്രില്യന്റ് എന്നിവയുൾപ്പെടെ നിരവധി സ്ട്രീറ്റ് ഷോ അവതാരകർ പാർക്കിലുടനീളം തത്സമയം ഉണ്ടാകും. പുരാതന ജയിൽ ശിക്ഷയുടെ യഥാർത്ഥ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഡാർക്ക് ഗ്യാലറി അവിശ്വസനീയമായ മറ്റൊരു അനുഭവമായിരിക്കും. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും രാത്രി 9മണിക്ക് ആകർഷണീയമായ കരിമരുന്ന് പ്രദർശനം നടക്കും.

ടിക്കറ്റ് നിരക്ക് ഓൺലൈനിൽ 15 ദിർഹവും ഗേറ്റിൽ നിന്ന് 20 ദിർഹവുമാണ്. ശനിയാഴ്ച മുതൽ ബുധൻ വരെ വൈകീട്ട് 4 മുതൽ രാത്രി 12:00 വരെയും, വ്യാഴം, വെള്ളി, പൊതു അവധി എന്നീ ദിവസങ്ങളിൽ  വൈകീട്ട് 4 മുതൽ രാത്രി 1 മണി വരെയുമാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള തിങ്കളാഴ്ചകൾ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ സ്വോർഡ് ഓഫ് ഓണർ ലഭിച്ച ഒരേയൊരു പാർക്കാണ് ഗ്ലോബൽ വില്ലേജ്.


 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top