04 July Saturday

പ്രവാസികളുടെ മൃതദേഹം: കേന്ദ്ര തീരുമാനം തിരുത്തണം-ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020

മനാമ >  പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഒസി ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത് അടിയന്തിരമായി പിന്‍വലിക്കണമെന്നും ബഹ്‌റൈന്‍ പ്രതിഭ ആവശ്യപ്പെട്ടു. മരിച്ചാലും സമാധാനം ലഭിക്കാത്തവനായി മാറേണ്ടവനാണ് പ്രവാസി എന്ന രീതിയിലാണ് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാണുന്നതെന്ന് അവരുടെ ഉത്തരവ് സംശയിക്കേണ്ടിയിരിക്കുന്നു. ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തില്‍ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യരെ കേന്ദ്ര സര്‍ക്കാര്‍ ഈ വിധം ദ്രോഹിക്കുകയും പരീക്ഷിക്കുകയുമരുത്. കോവിഡ് -19 മഹാമാരി കാലത്ത് അത്തരം രോഗത്താലും അല്ലാതെയുമുള്ള അപകടത്താലും മരണമടഞ്ഞവരെ കാര്‍ഗോ വിമാനത്തില്‍ നാട്ടില്‍ എത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ 24 മുതല്‍ കോവിഡില്ലെന്ന സ്ഥിരീകരിക്കുന്ന ഡല്‍ഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയയ്തിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത്  മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വേണ്ടപ്പെട്ടവരെ അവസാനമായി കാണുന്നതിനുള്ള അവകാശമാണ് ഇല്ലാതാക്കിയിരിക്കുന്നത്.

കുവൈത്തില്‍ നിന്നും  കോഴിക്കാട് മണിയൂര്‍ സ്വദേശി വിനോദ്, മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പ്, എന്നിവരുടെ മൃതദേഹം നാട്ടിലേക്ക്  എത്തിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കോവിഡിന്റെ ഈ പ്രത്യേക സാഹചര്യങ്ങളില്‍ രോഗബാധിതരല്ലാതെ മരിച്ച നിരവധി മൃതദേഹങ്ങളാണ് മോര്‍ച്ചറികളില്‍ ഉള്ളത്.

വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത്. മൃതദേഹങ്ങളെ പോലും അനാദരിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമായ തീരുമാനം മാറ്റാന്‍ കേരള മുഖ്യമന്ത്രിക്കൊപ്പം  ചേര്‍ന്ന് കേരളം തെരഞ്ഞെടുത്ത എംപിമാരും പ്രധാനമന്ത്രി തലത്തില്‍ ഇടപെട്ട് ഈ പ്രശ്‌നത്തില്‍ സത്വരമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഒപ്പം പ്രവാസ മേഖലയിലെ മുഴുവന്‍ പ്രവാസി സംഘങ്ങളും ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് സതീശ് കെഎം എന്നിവര്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.


പ്രധാന വാർത്തകൾ
 Top