30 May Saturday

കൂടുതല്‍ നടപടികളുമായി ഗള്‍ഫ്; യുഎഇയില്‍ യാത്രാവിലക്ക്

അനസ് യാസിന്‍Updated: Friday Mar 20, 2020

മനാമ> കൊറോണവൈറസ് വ്യാപനം തടയാനായി യുഎഇയിലേക്ക് യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ ആശങ്കയിലായി. വ്യാഴാഴ്ച ഉച്ചക്ക് 12 നാണ് വിലക്ക് നിലവില്‍ വന്നത്. ഇതുപ്രകാരം യുഎഇയിലേക്ക് സാധുവായ റെസിഡന്റ് വിസയുള്ളവര്‍ക്കും പ്രവേശനമില്ല.

 അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ക്കും വിലക്ക് ബാധകമാണ്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. യുഎഇ പൗരന്‍മാര്‍ക്ക് വിലക്ക് ബാധകമല്ല.
കഴിഞ്ഞ ദിവസം സന്ദര്‍ശക വിസ, വാണിജ്യ വിസ എന്നിവ നല്‍കുന്നത് നിര്‍ത്തിവെക്കുകയും പ്രവേശന വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അബുദബിയില്‍ എല്ലാ ക്രൂയിസ്, ഡെസേര്‍ട്ട് ക്യാമ്പ്, ഡെസേര്‍ട്ട് സഫാരികളും നിര്‍ത്തിവെച്ചു. 3,500 ഓളം യുഎഇ സ്വദേശികള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ തിരിച്ചെത്തി.കുവൈത്തില്‍ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിടുന്നത് ആഗസ്ത് നാലുവരെ നീട്ടിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി അറിയിച്ചു.

അത്യാവശ്യ കേസുകളില്‍ അല്ലാതെ ആശുപത്രികളിലേക്ക് വരരുതെന്ന് ഒമാന്‍ അറിയിച്ചു. സൗദിയില്‍ രാജ്യത്തിനകത്തുള്ള സന്ദര്‍ശകരുടെ വിസിറ്റ് വിസകള്‍ അബ്ശീര്‍, മുഖീം ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി പുതുക്കാമെന്ന് ജവാസാത്ത് അറിയിച്ചു. സൗദിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കോവിഡിനെകുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കോവിഡ് മുന്‍കരുതല്‍ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ പരിശോധിക്കുക, ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കുക, ട്രോളി ബാസ്‌ക്കറ്റുകള്‍ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും അണുവിമുക്തമാക്കുക, വാതിലുകളുടെയും ഫ്രിഡ്ജിന്റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കുക എന്നിവയാണ് നിബന്ധനകള്‍.

 ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഖത്തറില്‍ മിക്ക പത്രങ്ങളും അച്ചടി താല്‍ക്കാലികമായി നിര്‍ത്തി. ഓണ്‍ലൈന്‍ എഡിഷന്‍ തുടരും. രാജ്യത്ത് നടന്നു വന്ന ദേശീയ സെന്‍സസ് കണക്കെടുപ്പ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബഹ്റൈനില്‍ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചതായി ഔകാഫ് അറിയിച്ചു. എന്നാല്‍ അഞ്ചുനേരം നമസ്‌കരങ്ങള്‍ തുടരും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top