25 May Monday

യുഎഇയില്‍ ഇന്ത്യക്കാരന് രോഗം സ്ഥിരീകരിച്ചു; ഇറാനില്‍ 5,823 പേര്‍ക്ക് കോവിഡ്-19

അനസ് യാസിന്‍Updated: Saturday Mar 7, 2020

മനാമ> പശ്ചിമേഷയിലാകെ ആറായരത്തിലേറെ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും ഇറാനിലാണ്. ഇറാനില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 5,823 ആയി ഉയര്‍ന്നു. 145 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ ആയിരംപേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 1,669 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ കേസുകള്‍ വര്‍ധിച്ചു. യുഎഇയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ പുതുതായി 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്-19 രോഗികളുടെ എണ്ണം 45 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ പൂര്‍ണവിമുക്തി നേടിയതായും അധികൃതര്‍ വെളിപ്പെടുത്തി. കോവിഡ് 19 സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ നാലാഴ്ചത്തേക്ക് യുഎഇ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്താതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രവേശനമുണ്ടാകില്ലെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തുന്നവര്‍ക്ക് ഇത് ബാധകമാണ്.വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരടക്കം വിദ്യാര്‍ഥികളും ജീവനക്കാരും വൈദ്യ പരിശോധനക്ക് വിധേയമാകണമെന്നും 14 ദിവസം വീടുകളില്‍ മാറിതാമസിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

ബഹ്റൈനില്‍ പുതുതായി ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം 62 ആയി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാക്കി 61 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇറാനിലുള്ള ബഹ്റൈന്‍ പൗരന്‍മാരെ തിരിച്ചുകൊണ്ടുവരുന്നത് ചൊവ്വാഴ്ചയാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ മൂന്ന് കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം അസുഖബാധിതരുടെ എണ്ണം പതിനൊന്നായി. ഇറാനില്‍ നിന്നും വന്ന രണ്ട് ഖത്തരി പൗരന്മാരിലും മറ്റൊരു രാജ്യക്കാരനിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.സൗദിയില്‍ ഇറാഖില്‍നിന്നും ഇറാനില്‍നിന്നും വന്ന രണ്ട് പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗികള്‍ ഏഴായി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വേളയില്‍ 114 സൗദികള്‍ ഇറാനിലേക്ക് പോയതായി സ്ഥിരീകരിച്ചു.

 ഇവരില്‍ 95 പേര്‍ മാത്രമാണ് സൗദിയില്‍ തിരിച്ചത്തിയത്. ബാക്കിയുള്ളവര്‍ ഇറാനിലും മറ്റുരാജ്യങ്ങളിലുമാണുള്ളത്. കുവൈത്തില്‍ പുതുതായി മൂന്നുപേര്‍ക്ക് കൊറോണ ബാധിച്ചു. രാജ്യത്ത് മൊത്തം 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒമാനില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ 16 ആയി ഉയര്‍ന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top