01 April Wednesday

ബഹ്റൈനിലും കുവൈറ്റിലും ഒമാനിലും കൊറോണ സ്ഥിരീകരിച്ചു

അനസ് യാസിന്‍Updated: Monday Feb 24, 2020

മനാമ> ബഹ്റൈനില്‍ ഒരാള്‍ക്കും കുവൈറ്റില്‍ മൂന്നുപേര്‍ക്കും ഒമാനില്‍ രണ്ടുപേര്‍ക്കും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് ഈ രാജ്യങ്ങളില്‍ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനില്‍ നിന്നെത്തിയ സ്വദേശി പൗരനാണ് ബഹ്റൈനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയെ അടിയന്തിര പരിശോധനക്കും പ്രത്യേക പരിചരണത്തിനുമായി ഇബ്രാഹിം ഖലീല്‍ കാനൂ മെഡിക്കല്‍ സെന്റററിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ വ്യക്തികളെയും നിരീക്ഷിക്കാനും പ്രതിരോധത്തിനുമായി ആവശ്യമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനിലെ മഷ്ഹദില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കാണ് കുവൈറ്റില്‍ കൊറോണ സ്ഥീരീകരിച്ചത്. 53 കാരനായ കുവൈറ്റി പൗരന്‍, 61 കാരനായ സൗദി പൗരന്‍, 21 വയസുള്ള ബിദൂന്‍ യുവാവ് എന്നിവരിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ നിരന്തര നിരീക്ഷണത്തിലാണ്.

രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. രോഗം ഭേദമാകുന്നതുവരെ സൗദി പൗന്‍ കുവൈത്തില്‍ തുടരുമെന്നും അവരുമായി ബന്ധപ്പെടുന്നതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്നെത്തിയ രണ്ടു സ്വദേശി വനിതകള്‍ക്കാണ് ഒമാനില്‍ രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസും നിര്‍ത്തിവെച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഇതോടെ ഗള്‍ഫില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം നാലായി. യുഎഇയില്‍ ഇന്ത്യക്കാരനടക്കം 13 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹറൈനില്‍ രോഗം ബാധിച്ച സ്വദേശി സ്‌കൂള്‍ ബസ് ഡ്രൈവറാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ദുബായ് വഴി ഈ മാസം 21നാണ് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. 23ന് ഞായറാഴ്ച  ഇയാള്‍ രണ്ടു സ്‌കൂളുകളിലെയും ഒരു നഴ്‌സറിയിലേയും കുട്ടികളെ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സിത്രയിലെ ആണ്‍കുട്ടികള്‍ക്കുള്ള ഇബ്ന്‍ അല്‍ നഫീസ് പ്രൈമറി സ്‌കൂള്‍, പെണ്‍കുട്ടികള്‍ക്കുള്ള സിത്ര പ്രൈമറി സ്‌കൂള്‍, അല്‍ ഖമര്‍ കിണ്ടര്‍ഗാര്‍ട്ടന്‍ എന്നിവ 14 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ബസില്‍ യാത്രചെയ്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും പരിശോധന നടത്തിയതായും മന്ത്രാലയത്തെ ഉദ്ധരിച്ച് ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ അറിയിച്ചു. ഇറാഖിലും തിങ്കളാഴ്ച ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ നഗരമായ നജഫില്‍ കഴിയുന്ന ഇറാന്‍ സ്വദേശിക്കാണ് രോഗബാധയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ കൊറോണ പിടിപ്പെട്ടതിനെതുടര്‍ന്ന് അവിടേക്കും തിരിച്ചുമുള്ള യാത്ര ഇറാഖ് നിരോധിച്ചിരുന്നു.

ബഹറൈനില്‍ രോഗം ബാധിച്ച സ്വദേശി സ്‌കൂള്‍ ബസ് ഡ്രൈവറാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ദുബായ് വഴി ഈ മാസം 21നാണ് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. 23ന് ഞായറാഴ്ച  ഇയാള്‍ രണ്ടു സ്‌കൂളുകളിലെയും ഒരു നഴ്‌സറിയിലേയും കുട്ടികളെ കൊണ്ടുപോയിരുന്നു. ഈ സ്‌കൂളുകളും നഴ്‌സറിയും 14 ദിവസത്തേക്ക് അടച്ചിടും. ബസില്‍ യാത്രചെയ്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും പരിശോധന നടത്തിയതായും മന്ത്രാലയത്തെ ഉദ്ധരിച്ച് ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top