16 February Saturday

ചില്ല സര്‍ഗവേദി ഏപ്രില്‍ വായന സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 23, 2018

റിയാദ് > കശ്‌മീരിലെ കത്വവയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചില്ല സര്‍ഗവേദിയുടെ ഏപ്രില്‍ വായന. കത്വവയിലെ സംഭവുമായി ബന്ധപ്പെട്ട് കെ സച്ചിദാനന്ദന്‍  എഴുതിയ  'ബാബായ്ക്ക് ഒരു കത്ത്' എന്ന കവിതയിലൂടെ പരിപാടി ആരംഭിച്ചു. കെട്ട കാലത്ത് തന്റെ കവിതയിലൂടെ സച്ചിദാന്ദന്‍ നടത്തുന്ന ഇടപെടലുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഹോളോകാസ്റ്റിന് ശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണെന്ന തിയോഡര്‍ അഡോണയുടെ വാക്കുകള്‍ ഈ സമയത്ത് ഓര്‍മ്മിക്കേണ്ടതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ക്രൂരമായ ഈ കൊലപാതകം നിസാര സംഭവമല്ലെന്നും ഇത്തരം കാര്യങ്ങളില്‍ വരികള്‍ക്കിടയിലൂടെ വായന ആവശ്യമാണെന്നും  അഭിപ്രായമുയര്‍ന്നു.

ലോക മനസാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമായ ഹോളോകാസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയന്‍ രചിച്ച  'ദി ബോയ് ഇന്‍ സ്ട്രിപ്പ്ഡ് പൈജാമ' എന്ന നോവലിന്റെ വായനാനുഭവം ഫാത്തിമ സഹ്റ നടത്തി. കണ്ണീരിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കഥാപാത്രങ്ങളും കഥാചിത്രങ്ങളും ഹൃദസ്പര്‍ശിയായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫാത്തിമ സഹ്റ പറഞ്ഞു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേദ്ക്കറുടെ തെരെഞ്ഞെടുത്ത കൃതികളുടെ വായന ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ നടത്തി. ജാതി സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മാനവ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അംബേദ്കര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പൂരിപ്പിക്കാത്ത സമസ്യകളായി നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യ ഇക്കാലത്തും നേരിടുന്ന പ്രശ്‌നങ്ങളെന്ന് ഇഖ്ബാല്‍ പറഞ്ഞു. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന ധാരണകളെ കാര്യകാരണങ്ങള്‍ സഹിതം പൊളിച്ചടുക്കുകയാണ് ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച ഡോ. അംബേദ്ക്കര്‍ തന്റെ കൃതികളിലൂടെ ചെയ്തതെന്ന് ഇഖ്ബാല്‍ നിരീക്ഷിച്ചു.

നഷ്ടബാല്യത്തെ ഓര്‍ത്തെടുക്കുന്ന മനോഹരമായ രചനയാണ്  മാധവിക്കുട്ടിയുടെ 'ബാല്യകാലസ്മരണകള്‍' എന്ന്  പുസ്തകാവതരണം നടത്തിയ പ്രിയ സന്തോഷ് പറഞ്ഞു. നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ബാല്യക്കാലമാണ് ജീവിതത്തില്‍ ഏറ്റവും മനോഹരമായതെന്നു മാധവിക്കുട്ടി ഈ കൃതിയിലൂടെ ഓര്‍മ്മിപ്പിക്കുന്നതായും പ്രിയ പറഞ്ഞു.

ആന്റി വയറിന്റെ പ്രശസ്ത സയന്‍സ് ഫിക്ഷന്‍ 'ദ മാര്‍ഷ്യന്‍' എന്ന നോവലിന്റെ ആസ്വാദനം അനസൂയ നടത്തി. 2035ല്‍ ചൊവ്വ ഗ്രഹത്തില്‍ കുടുങ്ങിപോകുന്ന നാസയുടെ ബഹിരാകാശയാത്രികന്റെ കഥ പറയുന്ന നോവല്‍ ഭാവനയുടെ സമാനതകളില്ലാത്ത ലോകമാണ് തുറന്നിടുന്നതെന്ന് അനസൂയ അഭിപ്രായപ്പെട്ടു.

സമകാലിക ഇന്ത്യന്‍വസ്ഥകളുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാര്‍ഥ്യങ്ങളെ വരച്ചിടുന്ന കഥകളുടെ സമാഹാരമാണ് ടി ഡി രാമകൃഷ്ണന്റെ 'സിറാജുന്നിസ' എന്ന് പുസ്തകാവതരണം നടത്തിയ അനിത നസിം പറഞ്ഞു. പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട 11 വയസുകാരിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ സമകാലികമായ അന്തരീക്ഷത്തിലേക്ക് പറിച്ചുനട്ടുകൊണ്ടാണ് എഴുത്തുകാരന്‍ 'സിറാജുന്നിസ' എഴുതിയതെന്ന് അനിത പറഞ്ഞു.

സഖാവ് കുഞ്ഞാലിയുടെ സമര ജീവിതം പ്രമേയമാക്കി രചിച്ച 'ഇന്‍ക്വിലാബ്' എന്ന നോവല്‍ കൊമ്പന്‍ മൂസ അവതരിപ്പിച്ചു. ഏറനാടന്‍ സമരപോരാട്ടങ്ങളുടെ ചരിത്രം കൂടിയായ സഖാവ് കുഞ്ഞാലിയുടെ ആത്മകഥാംശമുള്ള നോവല്‍  പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങല്‍ ഹൃദ്യമായി ആവിഷ്‌ക്കരിച്ചിരിക്കുന്നുവെന്ന് കൊമ്പന്‍ മൂസ പറഞ്ഞു.

ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ശമീം തളാപ്രത്ത്, ഡാര്‍ലി തോമസ്, ലീന സുരേഷ്, അന്‍സാദ്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു. 

പ്രധാന വാർത്തകൾ
 Top