15 July Wednesday

ജനങ്ങളെ ചേർത്ത് പിടിച്ച് ബഹ്റൈൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 50% ശമ്പളം സർക്കാർ വഹിക്കും

അനസ് യാസിൻUpdated: Tuesday Jun 30, 2020

മനാമ > ബഹ്റൈനിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരൻമാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. ഉത്തേജക നടപടികളുടെ രണ്ടാം ഘട്ടത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
പൗരൻമാരുടെ മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക മേഖലകളെ തൊഴിൽ നിധി (തംകീൻ) വഴി കൂടുതൽ പിന്തുണക്കും.

നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ സ്വദേശികൾക്കും മൂന്നു മാസം സർക്കാർ ശമ്പളം നൽകിയിരുന്നു. എന്നാൽ, ഇത്തവണ സ്വദേശികൾക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. നേരത്തെ പ്രവാസികളുടെ ജൂൺ വരെ മൂന്ന് മാസത്തേക്കുള്ള ഇലക്ട്രിസിറ്റി, വെള്ളം ചാർജുകൾ സർക്കാർ വഹിച്ചു. എന്നാൽ, ഇത്തവണ പുതിയ ആനുകൂല്യം പൗരന്മാർക്ക് മാത്രമായിരിക്കും ലഭിക്കുക. ജൂലൈ, ആഗസ്ത്, സെപ്തംബർ  മാസങ്ങളിലാണ് പുതിയ ഇളവുകൾ.

കൊറോണവൈറസ് പ്രതിസന്ധി നേരിടാൻ ഏറ്റവും മികച്ച സാമ്പത്തിക ഉത്തേജക പാക്കേജാണ് രാജ്യം നടപ്പാക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ചേർത്ത് പിടിക്കുകയായിരുന്നു രാജ്യം. ഗൾഫിൽ പൗരൻമാർക്കും പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും മൂന്നു മാസം പൂർണമായും വൈദ്യുതി ചാർജ് ഒഴിവാക്കി നൽകി രാജ്യം ശ്രദ്ധേയമായി. കൂടാതെ, പ്രതിസന്ധി രൂക്ഷമായ 50 ൽ കുറഞ്ഞ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ തംകീൻ വഴി സാമ്പത്തിക സഹായവും ലഭ്യമാക്കി. മറ്റ് ഗൾഫ് രാജ്യങ്ങളെപോലെ കോവിഡ് ചികിത്സ ഇവിടെ പൂർണമായും സൗജന്യം.

പശ്ചിമേഷ്യയിൽ മികച്ച രോഗമുക്തി നിരക്കാണ് ബഹ്റൈനുള്ളത്. ആകെ സ്ഥിരീകരിച്ച 26,239 രോഗികളിൽ 20,928 പേർക്ക് രോഗം ഭേദമായി. രോഗമുക്തി 79.75 ശതമാനം. ഇതുവരെ 86 പേർ മരിച്ചു. 5225 പേരാണ് നിലവിൽ ചികിത്സയിൽ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top