മനാമ > സി.ബി.എസ്.ഇ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യന്‍ സ്കൂളിന് സ്വര്‍ണ മെഡല്‍ ലഭിച്ചു. ഇന്ത്യന്‍ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച സഞ്ജയ് ജെയ്മിയാണ് അണ്ടര്‍ 19 ബാഡ്മിന്റണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയത്. ആദ്യമായാണ് ഈ വിഭാഗത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഒരു സ്കൂള്‍ സ്വര്‍ണ മെഡല്‍ നേടുന്നത്. നവംബര്‍ 28 നു രാജസ്ഥാനിലെ സാഗര്‍ സ്കൂളിലാണ് ഫൈനല്‍ മത്സരം നടന്നത്.
ആവേശകരമായ ഫൈനലില്‍ സഞ്ജയ് ജെയ്മി എതിരാളിയായ മിഹിര്‍ രഥിയെ 15-11,15-7 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് സ്ട്രീം വിദ്യാര്‍ത്ഥിയാണ് സഞ്ജയ് ജെയ്മി. ഇത്തവണ സ്വര്‍ണ മെഡലിന് പുറമെ സി.ബി.എസ്.ഇ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ മിക്സഡ് ഡബിള്‍സിലും ടീം മത്സരങ്ങളിലും ഇന്ത്യന്‍ സ്കൂളിന് വെള്ളിമെഡല്‍ നേടാന്‍ സാധിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ സ്കൂളിന് ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും വെള്ളി മെഡലുകളും മാത്രമാണ് ലഭിച്ചിരുന്നത്. ഇത്തവണ സ്വര്‍ണ മെഡല്‍ നേടിയത് ഇന്ത്യന്‍ സ്കൂളില്‍ ആവേശം പകര്‍ന്നു. ഇന്ത്യന്‍ സ്കൂള്‍ കായികാധ്യാപകന് സി.എം ജുനിത്താണ് ബാഡ്മിന്റണ്‍ പരിശീലനം നല്‍കിയത്. സ്വര്‍ണമെഡല്‍ നേടിയ സഞ്ജയ് ജെയ്മിയെയും കായികാധ്യാപകന് സി.എം ജുനിത്തിനെയും ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി ഡോ ഷെമിലി പി ജോണ്‍ ,പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.