14 August Friday

ടിക്കറ്റിനായി ജനം കൂട്ടം കൂടി; അബുദബിയില്‍ എയര്‍ ഇന്ത്യാ ഓഫീസ് അടപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
അബുദബി: ടിക്കറ്റിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടിയതോടെ അബുദബി ഖാലിദിയായിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫീസ് പൊലിസ് അടപ്പിച്ചു. അഞ്ച് ദിവസത്തേക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദേശം. 
 
50 പേരില്‍ കൂടുതല്‍ പേര്‍ കൂടുന്നതിന് യുഎഇയില്‍ വിലക്കുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ ടിക്കറ്റിനായി എത്തി. ഇതിനെതിരെ പൊലിസ് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോയില്ല.ഒടുവില്‍ ഓഫീസ് അടക്കാന്‍ പൊലിസ് നിര്‍ദേശിച്ചു. 
 
നഗര ഹൃദയത്തില്‍ സാമൂഹിക അകലം പാലിക്കാതെ 350 ഓളം പേര്‍ എത്തിയത് കൊറോണവൈറസ് നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പൊലിസ് അറിയിച്ചു. 
യാത്രക്കാര്‍ക്കായി ഓഫീസിന്റെ താഴത്തെ നിലയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് ആവശ്യമുള്ളവര്‍ പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ എക്‌സ്പ്രസ് ഓഫീസില്‍നിന്ന് വിളിച്ച് ആവശ്യമായ യാത്ര സൗകര്യം നല്‍കുന്നതായിരിക്കുമെന്നും അവര്‍ പറഞ്ഞു. 
 
ഇതുവരെ പ്രഖ്യാപിച്ച വന്ദേഭാരത് വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം ഓണ്‍ലൈന്‍ വഴി വിറ്റുതീര്‍ന്നെന്നും ഇല്ലാത്ത ടിക്കറ്റിന്റെ പേരിലാണു ജനം എയര്‍ലൈന്‍ ഓഫീസിനു മുന്നില്‍ എത്തിയതെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്ക് എംബസി അനുമതി ഒഴുവാക്കിയതോടെ നാട്ടില്‍ പോകാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതായി അധികൃതര്‍ അറിയിച്ചു. ജൂലായ് ഒന്നു മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ മധ്യവേനലവധിക്ക് അടച്ചിരിക്കയാണ്. ഇതോടെ നാട്ടിലേക്ക് പോകാന്‍ തിരക്കേറിയിരിക്കണയാണ്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top