14 July Tuesday

ദുരിതകാലത്ത്‌ പ്രവാസികളോട് എയർഇന്ത്യയുടെ കൊടുംക്രൂരത

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ദമ്മാം> ദുരിതകാലത്ത്‌ പ്രവാസികളോട് എയർഇന്ത്യയുടെ കൊടുംക്രൂരത.  ഗർഭിണികൾ , ഗുരുതരമായ രോഗബാധിതർ , തൊഴിൽ നഷ്ടപ്പെട്ടു ബുദ്ധിമുട്ടനുഭവിക്കുന്നവർ തുടങ്ങി ഇന്ത്യൻ എംബസ്സിയുടെ പ്രയോറിറ്റി ലിസ്റ്റിൽ നിന്നും യാത്രാനുമതി ലഭിച്ചവർക്കാണ് എയർഇന്ത്യ ടിക്കറ്റ് നൽകാതെ ബുദ്ധിമുട്ടിക്കുന്നത്.

നാട്ടിലേക്കു തിരിക്കാൻ മുൻഗണനാ ലിസ്റ്റിൽ നിന്ന് യാത്രാനുമതി ലഭിക്കുന്നവർക്ക് എംബസി എല്ലാ യാത്രാരേഖകളും നൽകിയാലും  നേരിട്ട് റിയാദിലെ എയർ ഇന്ത്യ ഓഫീസിൽ പണമടച്ചു ടിക്കറ്റ് കൈപ്പറ്റണം എന്നാണ് എയർ ഇന്ത്യ നിലപാട്. ഓൺലൈനിൽ പണമടച്ചു ഇലക്ട്രോണിക് ടിക്കറ്റ് നൽകാൻ സൗകര്യമുള്ളപ്പോഴാണ് എയർഇന്ത്യ ഇത്തരം നടപടിയിലൂടെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത്. 

ഇതിനായി സൗദിയുടെ വിദൂരപ്രദേശങ്ങളിൽ നിന്നും പോലും ഗർഭിണികളും രോഗബാധിതരും എയർ ഇന്ത്യ ഓഫീസിനുമുന്നിൽ കാവലിരിക്കേണ്ട ഗതികേടിലാണ് , യാത്രാനുമതി ലഭിച്ച  മുന്നൂറിലധികം ഇന്ത്യക്കാരാണ് ദമ്മാം , ഖഫ്ജി , വാദി ദവാസ് തുടങ്ങി 400 മുതൽ 700 കിലോമീറ്റർ യാത്ര ചെയ്‌തു  എംബസിയുടെ മൂക്കിന് കീഴെ എയർ ഇന്ത്യ ഓഫീസിനു മുന്നിൽ ടിക്കറ്റിനു വേണ്ടി കൊടും ചൂടിൽ നടുറോഡിൽ മണിക്കൂറുകളായി കാത്തിരിക്കുന്നത്. തുടക്കത്തിൽ കേരളത്തിലേക്ക് 950 റിയാൽ ഈടാക്കിയിരുന്ന ടിക്കറ്റിന് നിലവിൽ 1437 റിയാലാണ് നിരക്ക്.

കൃത്യമായ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാതെയുള്ള ക്യൂ നിയന്ത്രിക്കാൻ പലപ്പോഴും  സൗദി സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയാണ്‌. ഹഫൂഫിൽ നിന്നുള്ള മൂന്നു മാസം ഗർഭിണിയായ കശ്മീർ സ്വദേശിയായ യുവതി രക്തസ്രാവത്തെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ വന്നതിനാൽ എംബസിയെ സമീപിച്ചു ടിക്കറ്റ് കാലാവധി നീട്ടി നല്കാൻ ആവശ്യപ്പെട്ടെങ്കിലും എയർ ഇന്ത്യയെ സമീപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എംബസി കയ്യൊഴിയുകയായിരുന്നു. എന്നാൽ അന്നേ ദിവസം യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റിന്റെ തിയ്യതി മാറ്റുകയോ പണം മടക്കി നൽകുകയോ ചെയ്യില്ല എന്നാണ് എയർ ഇന്ത്യ അറിയിച്ചതെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു. 2400 റിയാൽ ആണ് രണ്ടു ടിക്കറ്റിനായി നൽകിയത്. സൗദിയിൽ നിന്നും ആവശ്യത്തിന് വിമാനസർവിസ് അനുവദിക്കുന്നതിൽ വിദേശമന്ത്രാലയം പുലർത്തുന്ന അനാസ്ഥ കാരണം പ്രവാസികളുടെ തിരിച്ചുവരവ് അനുദിനം സങ്കീര്ണമായിക്കൊണ്ടിരിക്കുന്നതായി വിവിധ സാമൂഹ്യ സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top