13 July Monday

പ്രവാസികളുടെ മടക്കയാത്ര; കേന്ദ്രസർക്കാരിന്റെ അനാസ്ഥ പ്രതിഷേധാർഹം-അബുദാബി ശക്തി തിയറ്റേഴ്‌സ്

സഫറുള്ള പാലപ്പെട്ടിUpdated: Friday Apr 24, 2020

അബുദാബി> കോവിഡ് 19 പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തികച്ചും നിരുത്തരവാദിത്തപരവും പ്രതിഷേധാർഹവുമാണെന്നു അബുദാബി ശക്തി തിയറ്റേഴ്‌സ് അഭിപ്രായപ്പെട്ടു.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഇന്ത്യ മുഖം തിരിഞ്ഞു നിൽക്കുമ്പോൾ മുപ്പത്തിനായിരത്തിലേറെ പേരെയാണ് ഇതിനകം വിവിധ രാജ്യങ്ങൾ യുഎഇയിൽ നിന്നും തങ്ങളുടെ പൗരന്മാരെ കോവിഡിനെ തുടർന്ന് നടത്തിയ വിമാന സർവ്വീസുകൾ വഴി നാട്ടിലെത്തിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ പേരെ നാട്ടിലെത്തിച്ചിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്ക, കാനഡ, അഫ്‌ഗാനിസ്ഥാൻ, യു.കെ., സൊമാലിയ, ഫ്രാൻസ്, കൊളംബിയ, ജർമ്മനി, ബോസ്നിയ, ഉക്രെയിൻ, സുഡാൻ, റഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അവരവരുടെ നാട്ടിലേക്ക് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയാണ് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചുകൊണ്ടിരിക്കുന്നത്.
കോവിഡ് പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് സ്ഥിരീകരിച്ചതിനു ശേഷമാണ് യുഎഇ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ കയറ്റിവിടുന്നത്.

ഈ അവസരത്തിലാണ് രാജ്യത്തിന്റെ സമ്പദ് ഘടനയെ താങ്ങി നിർത്തുന്ന പ്രവാസി സമൂഹം ഒരു പ്രതിസന്ധി നേരിട്ടപ്പോൾ അവരെ തിരിച്ചുകൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ സംബന്ധമായ തൊഴിൽ നിയമങ്ങൾ നിയന്തിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യ സമ്മതിച്ചാൽ ഇന്ത്യയിലേയ്ക്ക് സർവ്വീസ് നടത്തുവാൻ തയ്യാറാണെന്ന് യുഎഇയിലെ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യാ എന്നിവ അറിയിച്ചിട്ടും യാതൊരു പ്രതികരണവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നത് തികച്ചും ഖേദകരമാണ്.

1990 ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്തും, പിന്നീടുണ്ടായ   ഗൾഫ് യുദ്ധകാലത്തും, 2015 ലെ യമൻ യുദ്ധകാലത്തും തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിലും ഇറാക്കിലെ തിക്രിത്തിൽ കുടുങ്ങിയ നാല്പതിലേറെ  നേഴ്സുമാരെ നാട്ടിലെത്തിക്കുന്നതിലും ഇന്ത്യ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയത് .

ലോകം മുഴുവൻ ഭീതിയിലാണ്ടിരിക്കുന്ന ഈ കൊറോണ കാലത്ത് നിലവിലെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന നിസ്സംഗത കൈവെടിഞ്ഞു തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് അഡ്വ. അൻസാരി സൈനുദ്ദീനും ജനറൽ സെക്രട്ടറി കെ.വി. ബഷീറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top