09 August Sunday

ജനകീയ ഡോക്ടര്‍ക്ക് ജിസാനിലെ മലയാളി സമൂഹത്തിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ജിസാന്‍> ജിസാനിലെ പ്രവാസി മലയാളികളുടെ പ്രിയ ഡോക്ടറും സമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ.എ.എസ്.ചന്ദ്രശേഖറിന് പ്രവാസി കോ-ഓര്‍ഡിനേഷന്റെ
നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ സംയുക്തമായി വെര്‍ച്വല്‍ അനുസ്മരണം സംഘടിപ്പിച്ചു.

സാംത ജനറല്‍ ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം ജോലി ചെയ്തിരുന്ന അദ്ദേഹം അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 11 നാണ് സ്വദേശമായ മൈസൂറില്‍  വച്ച് മരിച്ചത്‌. മലയാളി സമൂഹവുമായി ഏറെ അടുപ്പവും ബന്ധവുമുണ്ടായിരുന്ന അദ്ദേഹം പ്രവാസികള്‍ക്കായി വലിയ സേവനങ്ങള്‍ ചെയ്ത വ്യക്തിത്വമായിരുന്നു

അസുഖ ബാധയെ തുടര്‍ന്ന്  ബംഗളുരുവില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ആഗസ്റ്റില്‍ മരിക്കുകയായിരുന്നു. വിവിധ സംഘടനാ നേതാക്കളും സമൂഹിക പ്രവര്‍ത്തകരും ചന്ദ്രശേഖറിന്റെ സുഹൃത്തുക്കളും അനുഭവങ്ങള്‍  പങ്കുവെച്ചു

എഎസ് ചന്ദ്രശേഖര്‍

എഎസ് ചന്ദ്രശേഖര്‍മനുഷ്യസ്‌നേഹിയായ ഒരു ജനകീയ ഡോക്ടര്‍ എന്നതിലുപരി സാധാരണ പ്രവാസികളുടെ ഏതു പ്രശ്‌നത്തിലും ഇടപെട്ടിരുന്ന സാമൂഹിക പ്രവര്‍ത്തകനെയാണ് ഡോ.ചന്ദ്രശേഖറിന്റെ വിയോഗത്തിലൂടെ ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് നഷ്ടമായതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മാധ്യമ പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സമൂഹിക ക്ഷേമ സമിതി അംഗവുമായ താഹ കൊല്ലേത്ത് പറഞ്ഞു.

ജനകീയ ആരോഗ്യവിദഗ്ധനും ലോക കേരളസഭാംഗവുമായ ഡോ. മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും ഇന്ത്യന്‍ മൈനോറിറ്റീസ് കള്‍ച്ചറല്‍ സെന്റര്‍ സൗദി ദേശീയ പ്രസിന്റുമായ എ.എം.അബ്ദുല്ലകുട്ടി, വിവിധ സംഘടനാ നേതാക്കളായ മുഹമ്മദ് ഇസ്മയില്‍ മാനു, വെിയൂര്‍ ദേവന്‍,മുഹമ്മദ് സ്വാലിഹ് കാസര്‍ഗോഡ്, ഹബീബ് റഹ്മാന്‍, ഷാഹിന്‍ കെവിടന്‍ എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിച്ചു.

സാംതയില്‍ യെമന്‍ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും  മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്ത സാംതയിലെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറും സമൂഹിക പ്രവര്‍ത്തകനും ഡോ. ചന്ദ്രശേഖറിന്റെ കുടുംബ സുഹൃത്തുമായ സണ്ണി ഓതറ അനുസ്മരണ പരിപാടിയില്‍ ഡോക്ടറുമായുള്ള അനുഭവങ്ങള്‍ വിവരിച്ചു.

 തിരുവനന്തപുരം സ്വദേശിയും അടുത്ത സുഹൃത്തുമായ രാജ്‌മോഹനും സാംതയിലെ ആദ്യകാല മലയാളിയും സമൂഹിക പ്രവര്‍ത്തകനുമായ റഷീദ്‌വേങ്ങരയും ഡോക്ടറെ അനുസ്മരിച്ചു.

ജിസാന്‍ ഇന്ത്യന്‍ എംബസി സ്‌കൂളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായും പ്രവര്‍ത്തിച്ചു.ജിസാന്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആദ്യവൈസ് പ്രസിഡന്റുമായിരുന്നു.2016 ല്‍ സംതയില്‍ യെമന്‍- ഹൂത്തി വിമതരുടെ ഷെല്‍ ആക്രമണങ്ങളില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെടുകയും നിരവധി പ്രവാസികള്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്ത സംഭവങ്ങളില്‍ പ്രവാസികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോസുലേറ്റ് പ്രശസ്തി പത്രം നല്‍കി ആദരിച്ചിരുന്നു.

ഭാഗ്യ ചന്ദ്രശേഖറാണ് ജീവിത പങ്കാളി. മക്കളായ ചന്ദന ശേഖര്‍ അമേരിക്കയിലും ചൈത്ര ശേഖര്‍ ആസ്‌ട്രേലിയയിലും ജോലിചെയ്യുന്നു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top