03 August Monday
മരിച്ചവരില്‍ എട്ടു മലയാളികളും

കോവിഡ്-19: ഗള്‍ഫില്‍ ഒറ്റ ദിവസം 49 മരണം

അനസ് യാസിന്‍Updated: Sunday Jun 7, 2020

ശനിയാഴ്ച ഗള്‍ഫില്‍ മരിച്ച മലയാളികള്‍

 

മനാമ: കൊറോണവൈറസ് ബാധിച്ച് ഗള്‍ഫില്‍ ശനിയാഴ്ച 49 മരണം. ആദ്യമായാണ് ഗള്‍ഫില്‍ ഒറ്റ ദിവസം ഇത്രയും പേര്‍ മരിക്കുന്നത്. സൗദിയില്‍ 34 പേരൂം കുവൈത്തില്‍ 10 പേരും ബഹ്‌റൈന്‍, ഖത്തര്‍ എന്നിവടങ്ങളില്‍ രണ്ടു പേര്‍ വീതവും യുഎഇയില്‍ ഒരാളുമാണ് മരിച്ചത്. 
 
ശനിയാഴ്ച ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു മലയാളികള്‍ കോവിഡിന് കീഴടങ്ങി. ഇതില്‍ മൂന്നു പേര്‍ വീതം സൗദിയിലും കുവൈത്തിലുമാണ് മരിച്ചത്. ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍ മടിക്കോളില്‍ ജൂലി മേരി സിജു(41), പത്തനംതിട്ട അടൂര്‍ കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കതില്‍ ഹരികുമാര്‍(51), തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) എന്നിവരാണ് ശനിയാഴ്ച സൗദിയില്‍ മരിച്ചത്.  
 
തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61), കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലുംകുന്ന് വീട്ടില്‍ ഉഷ മുരുകന്‍ (42), കോഴിക്കോട് കുന്ദമംഗലം പൂവാട്ട്പറമ്പ് കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) എന്നിവരാണ് കുവൈത്തില്‍ മരിച്ചത്.
പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍(46) ബഹ്‌റൈനിലും മാവേലിക്കര മങ്കംകുഴി ശ്രീകൃഷ്?ണ നിലയത്തില്‍ ദേവരാജന്‍(64) യുഎഇയിലെ അജ്മാനിലും കോവിഡ് ബാധിച്ച് മരിച്ചു. 
 
ഗള്‍ഫിലെ മൊത്തം മരണ സംഖ്യ 1,352 ആയി. സൗദി-676, യുഎഇ-275, കുവൈത്ത്-254, ഒമാന്‍-72, ഖത്തര്‍-51, ബഹ്‌റൈന്‍-24 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം. 
 
ശനിയാഴ്ച ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 7023 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 265,862 ആയി. ഇതില്‍ 1,67,168 പേര്‍ക്ക് രോഗമുക്തിയായി. 97,342 പേരാണ് നിലവില്‍ ചികിത്സയില്‍. 
 
ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് കേസുകള്‍ സൗദിയിലാണ്. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ശനിയാഴ്ച 3,121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം ഇത്രയും കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 16ന് റിപ്പോര്‍ട്ട് ചെയ്ത 2840 കേസുകളാണ് ഇതിനു മുന്‍പുള്ള ഏറ്റവും കൂടിയ രോഗ നിരക്ക്. ജൂണ്‍ നാലിന് 32 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
രാജ്യത്തെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 98,869 ആയി. ഇതില്‍ 676 പേര്‍ മരിച്ചു. ശനിയാഴ്ച ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്- 17 മരണം. അതേസമയം, സൗദിയില്‍ ആകെ രോഗികളില്‍ 71,791 പേര്‍ക്ക് രോഗം ഭേദമായി.  
 
ഖത്തറില്‍ കോവിഡ് കേസുകള്‍ 67,195 ആയി. 1700 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ 626 പേര്‍ക്കുകൂടി രോഗം കണ്ടതോടെ ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ 38,268 ആയി. 
 
കുവൈത്തില്‍ 487 പേര്‍ക്കുകൂടി രോഗം കണ്ടെത്തി. സ്ഥിരീകരിച്ച കേസുകള്‍ 31,131 ആയി. ഒമാനില്‍ 930 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 16,016 ആയി. ബഹ്‌റൈനില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ 14,383. ശനിയാഴ്ച 159 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top