26 January Sunday

യെച്ചുരി‐ തരിഗാമി കൂടിക്കാഴ്‌ച: ജനാധിപത്യത്തിന്റെ ഹൃദയംതൊട്ട സന്ദർശനം

സാജൻ എവുജിൻUpdated: Friday Aug 30, 2019

ന്യൂഡൽഹി >  ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയത്തിൽ തൊടുകയാണ്‌ ഈ സന്ദർശനം. തടവിലടയ്‌ക്കപ്പെട്ട  നേതാക്കളുടെ സ്ഥിതി രാജ്യത്തെ അറിയിക്കാൻ നിയമവഴിയിലൂടെയുള്ള പോരാട്ടം രാജ്യ ചരിത്രത്തിൽത്തന്നെ തിളക്കമാർന്ന അധ്യായമാകുന്നു. 

 കശ്‌മീരിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കുമുന്നിൽ പ്രതിപക്ഷനിരയിലെ ഇതര കക്ഷികളെല്ലാം പകച്ചുനിന്നപ്പോൾ കോടതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സിപിഐ എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പുതിയ പോർമുഖം തുറക്കുന്നു. പാർടി ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്‌ത്ര വ്യക്തതയുടെയും രാഷ്ട്രീയനിലപാടിന്റെയും  കരുത്തുറ്റ പ്രതിഫലനമാണിത്‌. കശ്‌മീർ പ്രശ്‌നത്തോട്‌ സ്വീകരിക്കേണ്ട നിലപാടുസംബന്ധിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ തമ്മിലടിക്കുമ്പോഴാണ്‌ സിപിഐ എം അതിന്റെ ഇടപെടൽ ശേഷി പ്രകടമാക്കുന്നത്‌.
 
 ജമ്മു–-കശ്‌മീരിനെ രണ്ടായി വെട്ടിമുറിക്കുന്നതിന്‌ മുന്നോടിയായി ആഗസ്‌ത് നാലിന്‌ രാത്രിയാണ്‌ സംസ്ഥാനത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഇതിനുശേഷം പുറത്തുനിന്ന്‌ അവിടം സന്ദർശിച്ച ആദ്യനേതാവാണ്‌ യെച്ചൂരി. മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളംപേർ വീട്ടുതടങ്കലിലാണ്‌. പലരും രോഗികൾ.

 ബന്ധുക്കൾക്ക്‌ ഫോൺവഴിപോലും ബന്ധപ്പെടാനാകില്ല. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കാൽനൂറ്റാണ്ടോളം ജമ്മു–- കശ്‌മീർ നിയമസഭാംഗവുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയും വീട്ടുതടങ്കലിലാണ്‌. ആരോഗ്യപ്രശ്‌നങ്ങളുള്ള തരിഗാമിയെക്കുറിച്ചുള്ള വിവരം ലഭിക്കാൻ പാർടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്‌ തരിഗാമിയെ കാണണമെന്നാവശ്യപ്പെട്ട്‌ ഗവർണർ സത്യപാൽ മല്ലിക്കിന്‌  യെച്ചൂരി കത്തെഴുതി.

 സിപിഐ ജനറൽ സെക്രട്ടറി ഡി രാജയോടൊപ്പം ഒമ്പതിന്‌ ശ്രീനഗർ വിമാനത്താവളത്തിലെത്തിയെങ്കിലും ഇരുവരെയും തിരിച്ചയച്ചു.പിന്നീട്‌, 24ന്‌ രാഹുൽഗാന്ധി, ഗുലാം നബി ആസാദ്‌, യെച്ചൂരി, രാജ തുടങ്ങി 12 പ്രതിപക്ഷ നേതാക്കൾ ശ്രീനഗറിലേക്ക്‌  പുറപ്പെട്ടു. ഇവരെ വിമാനത്താവളത്തിൽ തടഞ്ഞു. ഒപ്പമുണ്ടായ മാധ്യമപ്രവർത്തകരെ പൊലീസ്‌ കൈയേറ്റംചെയ്‌തു. തിരികെയെത്തിയ കോൺഗ്രസ്‌ നേതാക്കൾ കശ്‌മീർ പ്രശ്‌നത്തിലെ നിലപാടിനെച്ചൊല്ലി തമ്മിലടിച്ചു. 

 രണ്ടുസന്ദർശനവും ലക്ഷ്യംകാണാഞ്ഞതോടെയാണ്‌  യെച്ചൂരി സുപ്രീംകോടതിയിൽ ഹേബിയസ്‌ കോർപസ്‌ ഹർജി നൽകിയത്‌. സർക്കാർ അഭിഭാഷകർ ഈ  ആവശ്യത്തെ എതിർത്തു. എന്നാൽ, എല്ലാ വിലക്കും മറികടന്ന്‌ കശ്‌മീർ സന്ദർശിക്കാൻ യെച്ചൂരിക്ക്‌ കോടതി അനുമതരി നൽകുകയായിരുന്നു.
370–-ാം വകുപ്പ്‌ ഇല്ലാതാക്കിയതിനും ജമ്മു -കശ്‌മീർ വെട്ടിമുറിച്ചതിനും പൗരാവകാശ നിഷേധത്തിനുമെതിരെ സിപിഐ എം രാജ്യവ്യാപക പ്രതിഷേധത്തിലാണ്‌. ഇതോടൊപ്പമാണ്‌ നിയമപോരാട്ടവും. കോൺഗ്രസാകട്ടെ ദിശനഷ്ടമായി ഒളിച്ചോട്ടത്തിലും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top