ന്യൂഡൽഹി> ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ പൊലീസ് അന്വേഷണം 15നകം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ ഗുസ്‌തി താരങ്ങൾക്ക് ഉറപ്പുനൽകി. ജൂൺ 30നകം ഗുസ്‌തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച് പുതിയ ഭരണസമിതിയെ കൊണ്ടുവരാമെന്ന ഉറപ്പും ബുധനാഴ്‌ച താരങ്ങളുമായി നടത്തിയ ആറുമണിക്കൂര്‍ ചർച്ചയിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് താക്കൂർ നല്‍കി. ജൂൺ 15വരെ ബ്രിജ് ഭൂഷണിനെതിരായ സമരപരിപാടി നിർത്തിവയ്‌ക്കണമെന്ന മന്ത്രിയുടെ അഭ്യർഥന മാനിക്കാമെന്ന് ചർച്ചയിൽ പങ്കെടുത്ത ബജ്‌റംഗ് പൂനിയയും സാക്ഷി മലിക്കും അറിയിച്ചു. കർഷക സംഘടനകളടക്കം പിന്തുണയ്‌ക്കുന്നവരുമായി ചർച്ച നടത്തി അന്തിമ തീരുമാനങ്ങളിലേക്ക് കടക്കും– താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്‌ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്‌തി താരങ്ങൾ ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്‌ചമുതൽ താരങ്ങൾ റെയിൽവേയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതോടെ സമരത്തിൽനിന്ന് താരങ്ങൾ പിൻവാങ്ങിയെന്ന് സർക്കാർ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിച്ചു. സമരം തുടരുമെന്ന് വ്യക്തമാക്കിയ താരങ്ങൾ ചർച്ച രഹസ്യമാക്കി വയ്‌ക്കണമെന്ന് അമിത് ഷാ നിർദേശിച്ചിരുന്നെന്നും സർക്കാർതന്നെ അതുലംഘിച്ചെന്നും തുറന്നടിച്ചു. ഇതോടെ അമിത് ഷാ വീണ്ടും ബന്ധപ്പെട്ട് രണ്ടാമതൊരു ചർച്ചകൂടി നിർദേശിക്കുകയായിരുന്നു.
ഗുസ്‌തി ഫെഡറേഷൻ തലപ്പത്ത് വനിതയെ നിയമിക്കുക, ബ്രിജ് ഭൂഷണിനെയും അനുകൂലികളെയും ഫെഡറേഷനിൽനിന്ന് അകറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങളും താരങ്ങൾ കായികമന്ത്രി മുമ്പാകെ വച്ചിട്ടുണ്ട്. വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. 15നകം അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലാണ് താരങ്ങൾ. ഹരിയാനയിലെ ബലാലിയിൽ കർഷകരുടെ സമ്മേളനത്തിലായതിനാൽ വിനേഷ് ഫോഗട്ട് ചർച്ചയ്‌ക്കെത്തിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..