16 August Sunday

രാഹുൽ ഇന്ത്യയിൽ മടങ്ങിയെത്തുമോ; എവിടെയെന്ന് ധാരണയില്ലാതെ നേതൃത്വം

എം പ്രശാന്ത‌്Updated: Saturday Nov 23, 2019

ന്യൂഡൽഹി >  തിങ്കളാഴ്‌ച ലോക്‌സഭയുടെ ചോദ്യോത്തരവേളയിൽ ആദ്യ ചോദ്യത്തിനുള്ള അവസരം വയനാട്‌ എംപി രാഹുൽ ഗാന്ധിയ്ക്കാണ്. പട്ടികവർഗവിഭാഗക്കാരായ കുട്ടികൾക്കായി പുതിയ ഹോസ്റ്റല്‍ നിർമിക്കാന്‍ കേരള സർക്കാരിൽനിന്ന്‌ എന്തെങ്കിലും നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നതാണ്‌ ചോദ്യം. ലോക്‌സഭയുടെ ചോദ്യോത്തരവേള പകൽ 11നാണ്‌ ആരംഭിക്കുക. അതിനുമുമ്പായെങ്കിലും രാഹുൽ ഇന്ത്യയിൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍​ഗ്രസ് നേതാക്കള്‍.

ഒരു മാസത്തിലേറെയായി രാഹുൽ എവിടെയെന്ന് നേതൃത്വത്തിന്‌ ധാരണയില്ല. ലോക്‌സഭാംഗമായ മുതിർന്ന കോൺഗ്രസ്‌ നേതാവിനോട്‌ രാഹുൽ എവിടെയെന്ന്‌ ചോദിച്ചപ്പോൾ "ഒരു പിടിയുമില്ല' എന്നായിരുന്നു മറുപടി. സാമ്പത്തിക പ്രതിസന്ധി ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച പ്രക്ഷോഭ പരിപാടി രാഹുൽ ഇല്ലാത്തതിനാൽ പലതവണ മാറ്റിവച്ചു. ഡൽഹിയിൽ വമ്പിച്ച റാലിയോടെ അവസാനിക്കുന്ന 10 ദിവസത്തെ പ്രക്ഷോഭമാണ്  തീരുമാനിച്ചത്‌. ഒക്ടോബർ 15 മുതൽ ഒക്ടോബർ 25 വരെയാണ്‌ പ്രക്ഷോഭം ആദ്യം നിശ്ചയിച്ചത്‌. രാഹുലിന്റെ അഭാവം കാരണം മാറ്റി. പ്രക്ഷോഭം നവംബർ അഞ്ചുമുതൽ 15 വരെയാക്കി. ഒക്ടോബർ അവസാനം രാഹുൽ വീണ്ടും രാജ്യം വിട്ടതിനാൽ ഇതും നടന്നില്ല. ഡിസംബർ അഞ്ചുമുതൽ 15 വരെ പ്രക്ഷോഭം നടത്താനാണ് ഒടുവില്‍ തീരുമാനം. ഡിസംബർ 15ന്‌ വൻ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

വയനാട്ടിൽ സ്‌കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച വിഷയത്തിൽ രാഹുലിന്റെ ഓഫീസ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ ഒപ്പോടെയാണ്‌ കത്ത്‌. ശീതകാല സമ്മേളനം ഒരാഴ്‌ച പിന്നിടുമ്പോഴും വയനാട്ടുകാര്‍ നേരിടുന്ന പ്രശ്‌നങ്ങൾ ലോക്‌സഭയിൽ അവതരിപ്പിക്കാൻ എംപിയില്ലാത്ത അവസ്ഥയാണ്‌. ഭക്ഷണം കഴിക്കാതായ രാഹുലിന്റെ വളർത്തുനായ ‘പിഡി’യെ കഴിഞ്ഞ ദിവസം പ്രത്യേക വാഹനത്തിൽ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top