12 November Tuesday

ഇന്ത്യയിൽ ന്യൂനപക്ഷം അരക്ഷിതർ; യുഎസ‌് മതസ്വാതന്ത്ര്യ റിപ്പോർട്ട‌് , റിപ്പോർട്ടിൽ ആർഎസ‌്എസും എബിവിപിയും

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


ന്യൂഡൽഹി
ഇന്ത്യയിൽ വർധിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളും വർഗീയ കലാപങ്ങളും   മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അപകടത്തിലാക്കിയെന്ന‌് യുഎസ‌് സ‌്റ്റേറ്റ‌് ഡിപ്പാർട്ട‌്മെന്റിന്റെ അന്താരാഷ‌്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട‌്. ഹിന്ദുത്വ സംഘടനകളുടെ അതിക്രമങ്ങൾക്ക‌് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പിന്തുണ നൽകുന്നു. പശു കശാപ്പിന്റെ പേരിലും മതത്തിന്റെ പേരിലും ആൾക്കൂട്ട ആക്രമണം നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഹനിക്കുന്ന നയങ്ങൾ സർക്കാരുകൾ നടപ്പാക്കുന്നതായും റിപ്പോർട്ടിലുണ്ട‌്.  യുഎസ‌് വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ ആണ‌് റിപ്പോർട്ട‌് പുറത്തുവിട്ടത‌്. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ട‌് തള്ളി.  ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യംചെയ്യാൻ ഒരു വിദേശ സർക്കാരിന് അവകാശമില്ലെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഉഭയകക്ഷി ചർച്ചകൾക്കായി  പോംപിയോ ചൊവ്വാഴ്ച ഇന്ത്യയിലെത്താനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നത്.എല്ലാ വിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യയെന്ന‌് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു.  എല്ലാ വിഭാഗങ്ങൾക്കും മൗലിക അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു.

കേന്ദ്ര–-സംസ്ഥാന സർക്കാരുകളും ചില പാർടികളും മുസ്ലിം മത ആചാരങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നെന്ന‌് റിപ്പോർട്ട‌് പറയുന്നു. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി സർക്കാർ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നു. അലഹബാദിന്റെ പേര‌് പ്രയാഗ‌ാരാജ‌് എന്നാക്കിയതിനു സമാനമായി മുസ്ലിം പേരുള്ള നഗരങ്ങളുടെ പേര‌് തിരുത്തുന്നു.  ചരിത്രത്തിൽ മുസ്ലിങ്ങളുടെ സംഭാവന തുടച്ചുനീക്കാനുള്ള ശ്രമമാണ‌് നടത്തുന്നതെന്ന‌് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിൽ ആർഎസ‌്എസും എബിവിപിയും
മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ, അതിക്രമങ്ങൾ, കലാപങ്ങൾ, വിവേചനം, മതപരമായ ചടങ്ങുകളും മതപരിവർത്തനവും തടയുക എന്നിവ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ട‌് പറയുന്നു. പശു സംരക്ഷകർ നടത്തുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ അധികൃതർ  പരാജയപ്പെടുന്നു. കഴിഞ്ഞ നവംബർവരെ ഇത്തരത്തിലുള്ള 18 അക്രമസംഭവങ്ങളിലായി എട്ടുപേർ കൊല്ലപ്പെട്ടു.

2015നുശേഷം പശുസംരക്ഷകർ 100ൽ ഏറെ ആക്രമണം നടത്തി. 44 പേർ കൊല്ലപ്പെട്ടു. 300 പേർക്ക‌് പരിക്കേറ്റു. 2018ൽ മാത്രം പശുസംരക്ഷകർ  13 പേരെ കൊന്നു. 
ഹിന്ദുത്വസംഘടനകൾക്ക‌് സർക്കാരിലും പാർടിയിലും മാത്രമല്ല, എല്ലായിടത്തും സ്വാധീനമുണ്ട‌്. അവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 40 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിദഗ‌്ധർ, മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, എൻജിഒകൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരിൽനിന്ന‌് യുഎസ‌് എംബസികൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ‌് റിപ്പോർട്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top