12 November Tuesday

വാണിജ്യതർക്കം: യുഎസിന്റെ നോട്ടം ഇന്ത്യന്‍ ആയുധപ്പുര

സാജൻ എവുജിൻUpdated: Saturday Jun 15, 2019

ന്യൂഡൽഹി> പ്രതിരോധസംഭരണ മേഖലയിലടക്കം ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടാൻ അമേരിക്ക സമ്മർദം ശക്തമാക്കി. അമേരിക്കൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങിയാൽ വാണിജ്യതർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചയാകാമെന്ന‌് യുഎസ‌് വിദേശസെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രസ‌്താവന ഇതിന്റെ ഭാഗം. 25, 26 തീയതികളിൽ പോംപിയോ ഇന്ത്യയിലെത്തും.

വ്യാപാര–-വാണിജ്യബന്ധങ്ങളിൽ മുൻഗണനാപദവിയുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന‌് ഇന്ത്യയെ നീക്കിയതായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് കഴിഞ്ഞയാഴ‌്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽനിന്ന‌്  630 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ തീരുവയില്ലാതെ അമേരിക്കയിൽ ഇറക്കുമതി ചെയ്യാനുള്ള അവസരം ഇതോടെ ഇല്ലാതായി. ജിഎസ‌്പി(മുൻഗണനയ‌്ക്കുള്ള പൊതുസംവിധാനം)പ്രകാരം ഓട്ടോമൊബൈൽ–-ടെക‌്സ‌്റ്റൈൽ ഇനങ്ങൾ അടക്കം 2000ഓളം ഇന്ത്യൻ ഉൽപ്പന്നങ്ങളാണ‌് ഇറക്കുമതി തീരുവയില്ലാതെ എത്തിയിരുന്നത‌്. പകരം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക‌് ഇന്ത്യൻവിപണിയിൽ പ്രവേശം അനുവദിക്കുന്നില്ലെന്ന‌് ആരോപിച്ചാണ‌് ട്രംപ‌് തീരുവരഹിത ഇറക്കുമതി അവസാനിച്ചത‌്.

ഇതിനുപിന്നാലെയാണ‌്, കിർഗിസ്ഥാൻ തലസ്ഥാനമായ ബിക‌്ഷേകിൽ ചേർന്ന ഇന്ത്യ–-അമേരിക്ക ബിസിനസ‌് കൗൺസിൽ യോഗത്തിൽ പോംപിയോ ഉപാധി മുന്നോട്ടുവച്ചത‌്. ഉന്നതസാങ്കേതികവിദ്യയിൽ അധിഷ‌്ഠിതമായ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക‌് കയറ്റുമതി ചെയ്യാൻ അമേരിക്കൻ കമ്പനികൾ സജ്ജമാണെന്നും അവർക്ക‌് അവസരം നൽകണമെന്നും അദ്ദേഹം  പറഞ്ഞു. ആയുധങ്ങൾ ഘടിപ്പിച്ച ആളില്ലാ വിമാനങ്ങൾ, ബാലിസ‌്റ്റിക‌് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ‌എന്നിവ ഇന്ത്യക്ക‌് നൽകാൻ സന്നദ്ധമാണ‌്. ഇന്ത്യയുടെ സുരക്ഷ, ഊർജ ആവശ്യങ്ങൾ നേരിടാൻ സ്വകാര്യമൂലധനം സംഘടിപ്പിച്ചുനൽകാമെന്നും പോംപിയോ വാഗ‌്ദാനം ചെയ‌്തു. ലക്ഷക്കണക്കിനു കോടി രൂപയുടെ പ്രതിരോധസംഭരണത്തിന‌് ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ‌് അമേരിക്കയുടെ ഈ നീക്കം.

പ്രതിരോധം, ഊർജം, ബഹിരാകാശം എന്നീ മേഖലകളിൽ വ്യാപരിച്ചുകിടക്കുന്നതാണ‌് അമേരിക്കയുടെ വാണിജ്യതാൽപ്പര്യം. ബോയിങ‌് കമ്പനി പുതിയ ഇനം അപ്പാച്ചെ ഹെലികോപ‌്ടറുകൾ ഇറക്കുന്നുണ്ട‌്. ലോക്ക‌്ഹീഡ‌് മാർട്ടിന്റെ എഫ‌്–-21, ബോയിങ്ങിന്റെ എഫ‌്–-എ18 പോർവിമാനങ്ങൾ സംഭരിക്കുന്നത‌് ഇന്ത്യക്ക‌് മുതൽക്കൂട്ടാകുമെന്ന‌് പോംപിയോ പറയുന്നു. വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാനും ഇന്ത്യക്ക‌് അമേരിക്കയെ ആശ്രയിക്കാൻ കഴിയും. വെനസ്വേലയും ഇറാനും പോലുള്ള രാജ്യങ്ങളിൽനിന്ന‌് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കാൾ അമേരിക്കയിൽനിന്ന‌് എണ്ണ വാങ്ങുന്നതാണ‌് നല്ലത‌്–-താക്കീതുപോലെ പോംപിയോ പറഞ്ഞു.
അമേരിക്കയുടെ നിലപാട‌്  1994ലെ  ഗാട്ട‌് കരാർ വ്യവസ്ഥകളുടെ ലംഘനമാണ‌്. മുൻഗണനരാഷ്ടപദവിയുടെ ആനുകൂല്യങ്ങൾ  വികസ്വരരാജ്യങ്ങൾക്കാണ‌്  ലഭിക്കേണ്ടതെന്നും വികസിതരാജ്യങ്ങൾ ഇതിനുപകരം പ്രതീക്ഷിക്കരുതെന്നും കരാർവ്യവസ്ഥകളിൽ പറയുന്നുണ്ട‌്. അതിനാൽ ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപാരസംഘടനയുടെ ട്രിബ്യൂണലിനെ സമീപിക്കാൻ ഇന്ത്യക്ക‌് കഴിയും. എന്നാൽ, അമേരിക്കൻ നടപടിയെ ചോദ്യംചെയ്യാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top