26 March Tuesday

മതേതരവോട്ടിൽ കോൺഗ്രസ്‌ വെട്ട്‌: യുപിയിൽ 80 സീറ്റിലും മത്സരിക്കും

എം പ്രശാന്ത്‌Updated: Monday Jan 14, 2019

ന്യൂഡൽഹി > ഉത്തർപ്രദേശിലെ എൺപത‌് ലോക‌്സഭാ സീറ്റിലും തനിച്ച് മത്സരിക്കാൻ കോൺഗ്രസ‌് തീരുമാനം. ബിജെപിക്കെതിരെ സമാജ്‌വാദി പാർടി-–-ബിഎസ‌്പി സഖ്യം രൂപീകരിച്ചതിന‌് തൊട്ടുപിന്നാലെയാണ് കോൺഗ്രസ‌് ഉന്നത തല യോഗം ലഖ‌്നൗവിൽചേർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനോട് എസ‌്പിയോ ബിഎസ‌്പിയോ പ്രതികരിച്ചിട്ടില്ല. 

ഏറ്റവും കൂടുതൽ ലോക‌്സഭാ സീറ്റുള്ള യുപിയിൽ ബിഎസ‌്പിയും എസ‌്പിയും ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചതോടെ  ബിജെപിയുടെ തുടർഭരണ മോഹങ്ങൾ അവസാനിച്ചു.  സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന തീരുമാനവും പുതിയ സഖ്യം പ്രഖ്യാപിച്ചിരുന്നു. 

ബിജെപിക്കെതിരെ ഒന്നിച്ചുനിന്ന്   38 വീതം സീറ്റുകളിൽ മത്സരിക്കാനാണ് എസ‌്പിയും ബിഎസ‌്പിയും കഴിഞ്ഞദിവസം തീരുമാനിച്ചത്.  റായ‌്ബറേലി, അമേത്തി സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തേണ്ടതില്ലെന്നുനിശ്ചയിച്ച് കോൺഗ്രസുമായി ധാരണയിലെത്താനുള്ള സന്നദ്ധതയും സഖ്യം വ്യക്തമാക്കി.  അജിത‌് സിങ്ങിന്റെ ആർഎൽഡിക്ക‌് രണ്ടു സീറ്റ് മാറ്റിവച്ചു.   യുപിയിൽ ബിജെപിക്കെതിരായ മതേതര വോട്ടുകൾ ഒന്നിച്ച്‌  നിർത്താനുള്ള ഈ തീരുമാനത്തോടാണ്, ഒറ്റയ്ക്കുള്ള മത്സരം  പ്രഖ്യാപിച്ച‌് കോൺഗ്രസ‌് മുഖം തിരിക്കുന്നത്. ആർഎൽഡി ഉൾപ്പെടെയുള്ള   പാർടികളെ എസ‌്പി–-ബിഎസ‌്പി സഖ്യത്തിൽനിന്ന‌് അകറ്റാനും കോൺഗ്രസ‌് ശ്രമിക്കുന്നു. 

2014 ൽ  കോൺഗ്രസിന‌്   ലഭിച്ചത‌് 2 സീറ്റ‌് 2014 ൽ  66 സീറ്റിൽ മത്സരിച്ച കോൺഗ്രസിന‌്  ഏഴര ശതമാനം വോട്ടും രണ്ട‌് സീറ്റുമാണ‌് ലഭിച്ചത‌്. കോൺഗ്രസ‌് ജയിച്ച അമേത്തിയിലും റായ‌്ബറേലിയിലും എസ‌്പി സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. യുപിയിൽ തുടർച്ചയായി 20 ശതമാനത്തിലധികം വോട്ട‌് നേടുന്ന പാർടികളാണ‌് എസ‌്പിയും ബിഎസ‌്പിയും. 15 മുതൽ 18 ശതമാനംവരെ വോട്ട‌്  കിട്ടിയിരുന്ന ബിജെപി  2014 ലും 2017 ലും വോട്ടുനില ഉയർത്തി.  ബിജെപിക്കുണ്ടായ ഈ വോട്ട‌് വർധന മറികടന്ന‌് വിജയം ഉറപ്പാക്കാൻ ഒന്നിച്ചേ തീരൂ എന്ന ചിന്തയാണ് എസ‌്പിയെയും ബിഎസ‌്പിയെയും സഖ്യത്തിലേക്ക‌് എത്തിച്ചത‌്.

പ്രതിപക്ഷത്തെ രണ്ട‌് പ്രമുഖ പാർടികളുടെ സഖ്യം ബിജെപി ക്യാമ്പിൽ കനത്ത നൈരാശ്യം പടർത്തി. ബിജെപിയുടെ പരാജയം ഉറപ്പാക്കുന്ന ഈ സഖ്യത്തോട് അനുഭാവം പ്രകടിപ്പിക്കാതെ,"80 സീറ്റിലും മത്സരിച്ച‌് ബിജെപിയെ തോൽപ്പിക്കും’ എന്ന പ്രഖ്യാപനമാണ് കോൺഗ്രസ‌്‌ നടത്തിയത്.  ബിജെപിക്കെതിരായി പൊരുതാൻശേഷിയുള്ള ഏതൊരു മതേതര പാർടിയെയും കോൺഗ്രസ‌് സ്വാഗതംചെയ്യുമെന്ന‌് യുപിയുടെ ചുമതലക്കാരനായ എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ‌് മാധ്യമങ്ങളോട‌് പറഞ്ഞു.  2009ൽ കിട്ടിയ സീറ്റിന്റെ ഇരട്ടി സീറ്റ‌് നേടുമെന്നും അദ്ദേഹം പറഞ്ഞു.
മായാവതിയും അഖിലേഷും ചേർന്നെടുത്ത രാഷ്ട്രീയതീരുമാനത്തെ മാനിക്കുന്നുവെന്ന‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിനെ യുപിയിൽ പരമാവധി സ്ഥലങ്ങളിൽ പ്രചാരണത്തിന‌് എത്തിക്കാനും കോൺഗ്രസ‌് തീരുമാനിച്ചിട്ടുണ്ട‌്. എസ‌്പി–- ബിഎസ‌്പി സഖ്യം വന്നതോടെ കുറഞ്ഞത‌് 50 സീറ്റ‌് ബിജെപിക്ക‌് നഷ്ടമാകുമെന്ന വിലയിരുത്തലാണുള്ളത‌്.

 


പ്രധാന വാർത്തകൾ
 Top