06 August Thursday

ഉന്നാവ് യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപി മന്ത്രിമാര്‍ക്കും എംപിക്കുമെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

ന്യൂഡൽഹി
ഉന്നാവിൽ കൂട്ടബലാത്സംഗക്കേസ് പ്രതികൾ ഇരയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ജനകീയരോഷത്തിന്റെ ചൂടറിഞ്ഞ്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുവതിയെ കൊലയ്ക്കുകൊടുത്ത പൊലീസ് അനാസ്ഥയ്ക്കെതിരെ രാജ്യവ്യാപകരോഷം. പ്രതികള്‍ മേല്‍ജാതിക്കാരും ഉന്നതനേതാക്കളുമാണെങ്കില്‍ മുട്ടിടിക്കുന്ന യുപി പൊലീസ് രാജ്യത്തിന് തീരാകളങ്കമായി. നീതി നിഷേധിക്കപ്പെട്ടെന്നും യുപി പൊലീസ് നിഷ്‌ക്രിയമാണെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.

 യുവതിയുടെ വീട്  സന്ദർശിക്കാനെത്തിയ ബിജെപിയുടെ സ്ഥലംഎംപി സാക്ഷി മഹാരാജ്‌, മന്ത്രിമാരായ  കമൽ റാണി വരുൺ സ്വാമി,  പ്രസാദ്‌ മൗര്യ എന്നിവരെ  നാട്ടുകാർ വളഞ്ഞു. ‘‘ഇപ്പോൾ എന്തിനെത്തി, മടങ്ങിപ്പോകൂ’’ എന്ന്‌ മുദ്രാവാക്യം മുഴക്കി തടഞ്ഞുവച്ചവരെ  പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോ​ഗിച്ചു. ദാരുണമായ പീഡനം ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴൊന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ല. വീണ്ടും ആക്രമിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയശേഷമാണ് എംപിയും മന്ത്രിമാരും വീട്ടിലെത്തിയത്‌.  പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാമജിസ്ട്രേറ്റിനും വീട് സന്ദര്‍ശിക്കാനായില്ല. രാത്രി ഒമ്പതോടെ മൃതദേഹം യുവതിയുടെ ജന്മഗ്രാമത്തിലെത്തിച്ചു.

സംഭവത്തിൽ യുപി സർക്കാരാണ്‌ പ്രതിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു.  പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ വ്യാപക പ്രതിഷേധം നടന്നു.

യോഗി ഒഴിയണം
യോഗി സർക്കാർ അധികാരം ഒഴിയണമെന്നാവശ്യപ്പെട്ട്‌  സമാജ്‌വാദി പാർടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ നിയമസഭാ മന്ദിരത്തിനുമുന്നില്‍ ധർണ നടത്തി. കോണ്‍​ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി യുവതിയുടെ വീട്‌ സന്ദർശിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പ്രതിഷേധം കത്തിപ്പടര്‍ന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top