20 September Friday

ഉന്നാവ്‌ അപകടം ആസൂത്രിതം; ലക്ഷ്യം പെൺകുട്ടി

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2019

ന്യൂഡൽഹി > ബിജെപി എംഎൽഎ പ്രതിയായ ഉന്നാവ്‌ ബലാത്സംഗ കേസിലെ പരാതിക്കാരിയും ബന്ധുക്കളും അഭിഭാഷകരും സഞ്ചരിച്ച വാഹനത്തിൽ ട്രക്ക്‌ ഇടിച്ചത്‌ ആസൂത്രിതം. പരാതികാരിയായ പെൺകുട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. ഞായറാഴ്‌ച പ ഉണ്ടായ  അപകടം സ്വാഭാവികമാണെന്ന്‌ ചിത്രീകരിക്കാനാണ്‌ യുപി പൊലീസ്‌ ആദ്യം ശ്രമിച്ചത്‌.

ദേശീയതലത്തിൽ ചർച്ചയായതോടെ ബങ്കർമാവ്‌ എംഎൽഎ കുൽദീപ്‌സിങ്‌ സെൻഗർ, സഹോദരൻ മനോജ്‌ സെൻഗർ എന്നിവർക്കെതിരെ കേസെടുത്തു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയത്‌. ഉന്നാവ്‌ കേസിൽ കുൽദീപ്‌ സെൻഗർ  സിതാപുർ ജയിലിലാണ്‌. 

അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുസ്‌ത്രീകൾ മരിച്ചിരുന്നു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി അതീവ ഗുരുതരനിലയിലാണ്‌.

വാരിയെല്ലുകളും കഴുത്തെല്ലും കൈയും കാലും ഒടിഞ്ഞു.  എംഎൽഎയുടെയും സഹോദരന്റെയും നിർദേശാനുസരണം  പെൺകുട്ടിയെയും കുടുംബത്തെയും ഇല്ലാതാക്കാനായിരുന്നു നീക്കമെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്‌ക്കുന്നതാണ്‌ സാഹചര്യത്തെളിവുകൾ. ‘‘അപകടത്തിനു പിന്നിൽ സെൻഗറിന്റെ ആളുകളാണ്‌. അയാൾ ജയിലിലും മൊബൈൽഫോൺ ഉപയോഗിക്കുന്നുണ്ട്‌. അയാളുടെ ഗുണ്ടകൾ ഞങ്ങളെ സ്ഥിരം ഭീഷണിപ്പെടുത്താറുണ്ട്‌’’–- എന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണം.
റായ്‌ബറേലി  ജില്ലാ ജയിലിലുള്ള അമ്മാവനെ കാണാൻ പോയ പെൺകുട്ടിക്കും ബന്ധുക്കൾക്കും പൊലീസ്‌ സുരക്ഷയുണ്ടായിരുന്നില്ല. രണ്ട്‌ വനിതാ കോൺസ്റ്റബിൾമാരെയും  ഗൺമാനെയും നിയമിച്ചിരുന്നെങ്കിലും ഇവർ കൂടെ പോയില്ല.

വാഹനത്തിൽ ഇടിച്ച ട്രക്കിന്റെ നമ്പർപ്ലേറ്റ്‌  മായ്‌ച്ചിരുന്നു. ഫത്തേപ്പുർ സ്വദേശിയായ ദേവേന്ദ്രപാലിന്റെ ട്രക്കാണ്‌ കാറിൽ ഇടിച്ചത്‌. ട്രക്ക്‌ ഓടിച്ചിരുന്ന ആശിഷ്‌പാലിനെയും ക്ലീനറെയും കസ്റ്റഡിയിൽ എടുത്തു. ട്രക്ക്‌ ഉടമ, ഡ്രൈവർ, ക്ലീനർ എന്നിവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന കുടുംബത്തിന്റെ പരാതി സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ കൈമാറി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top