11 December Wednesday

കോർപറേറ്റുകൾക്കുള്ള ബജറ്റ്‌: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

ന്യൂഡൽഹി > ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ ബജറ്റിലൂടെ ബിജെപി സർക്കാരും ധനമന്ത്രി നിർമല സീതാരാമനും ജനങ്ങളെ വഞ്ചിച്ചെന്ന‌് സിഐടിയു പ്രസ‌്താവനയിൽ പറഞ്ഞു. ജനങ്ങൾക്ക‌് അനുകൂലമായ പദ്ധതികൾ പ്രഖ്യാപിക്കാതെ കോർപറേറ്റുകൾക്കുള്ള ബജറ്റാണ‌് അവതരിപ്പിച്ചത‌്. കോർപറേറ്റുകൾക്കും സമ്പന്നർക്കും അനുകൂലമാകുന്ന നിലയിൽ വൻതോതിൽ വിഭവങ്ങൾ കൈമാറ്റംചെയ്യുക എന്ന സാമ്പത്തിക സർവേക്ക‌് സമാനമായ ശുപാർശകളാണ‌് ബജറ്റ‌്  പ്രഖ്യാപിച്ചത‌്. മറുവശത്ത‌് രാജ്യത്തിനുവേണ്ടി സമ്പത്ത‌് സൃഷ്ടിക്കുന്ന തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൂടുതൽ ചൂഷണം ചെയ്യുന്നു. 

തൊഴിലില്ലായ‌്മ നിരക്ക‌് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.4 ശതമാനത്തിൽ എത്തിയിട്ടും തൊഴിൽ സൃഷ്ടിക്കാനുള്ള ശ്രമം ബജറ്റിലില്ല. കാർഷികമേഖലയിലെ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ പൊതുനിക്ഷേപം ഉറപ്പാക്കാൻ നടപടിയില്ല. കാർഷിക സംവിധാനങ്ങളിൽ നിക്ഷേപം, കർഷകർക്ക‌് വേഗം വായ‌്പ, കർഷകർക്കും തൊഴിലാളികൾക്കും വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ഇവയൊന്നും ബജറ്റിലില്ല.

സമ്പദ‌് വ്യവസ്ഥയിൽ കൂടുതൽ മേഖലകളിലേക്ക‌് സ്വതന്ത്രമായ കടന്നുവരവിന‌് വിദേശ മൂലധന ശക്തികൾക്ക‌് ബജറ്റ‌് വഴിയൊരുക്കുന്നു. മേക്ക‌് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ നിർമാണ കമ്പനികളുടെ നിലനിൽപ്പ‌് അപകടത്തിലാക്കി. പ്രതിരോധ, റെയിൽവേ മേഖലയിൽ വൻതോതിൽ പുറംകരാറുകളും സാധ്യമാക്കി. ബാങ്ക‌് വായ‌്പകൾ തിരിച്ചടയ‌്ക്കാതെ രാജ്യത്തിന‌് കനത്ത നഷ്ടം വരുത്തിയ കോർപറേറ്റ‌് മേഖലയ‌്ക്കാണ‌് വീണ്ടും ആനുകൂല്യം നൽകുന്നത‌്. കോർപറേറ്റുകൾ, ആദായനികുതി, കോർപറേറ്റ‌് നികുതി, മറ്റ‌് നികുതികൾ എന്നിവ നൽകാതെ 7,35,000 കോടി രൂപയുടെ തട്ടിപ്പ‌് നടത്തിയെന്നാണ‌് കഴിഞ്ഞ ബജറ്റ‌് ചൂണ്ടിക്കാട്ടുന്നത‌്. ഏതാണ്ടെല്ലാ കോർപറേറ്റ‌് കമ്പനികൾക്കും നികുതി ഇളവ‌് നൽകാനാണ‌് ബജറ്റ‌് ശുപാർശചെയ്യുന്നത‌്. ജനവിരുദ്ധമായ കൂടുതൽ നടപടി തുടരെയുണ്ടാകുമെന്ന പ്രഖ്യാപനമാണ‌് രണ്ടാംവരവിലെ ആദ്യ ബജറ്റിലൂടെ മോഡി സർക്കാർ നടത്തിയത‌്. സമ്പദ‌് വ്യവസ്ഥയെ തകർക്കുന്നതും തൊഴിലാളികളെ വഞ്ചിക്കുന്നതുമായ നീക്കത്തിനെതിരെ എല്ലാ തൊഴിലാളികളും പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന‌് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top