18 February Tuesday

കോൺഗ്രസിൽ കടുത്ത ഭിന്നത

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2019

ന്യൂഡൽഹി > യുഎപിഎ, എൻഐഎ, മുത്തലാഖ്‌ ബില്ലുകളുടെ കാര്യത്തിലെന്ന പോലെ കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും കോൺഗ്രസിനുള്ളിൽ തികഞ്ഞ ആശയക്കുഴപ്പം. വ്യത്യസ്‌ത നിലപാടുമായി മുതിർന്ന നേതാക്കൾതന്നെ രംഗത്തുവന്നതോടെ കശ്‌മീർ വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത മറനീക്കി. അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ, പ്രവർത്തകസമിതിയംഗമായിരുന്ന ജനാർദൻ ദ്വിവേദി, കോൺഗ്രസിന്റെ മുംബൈ മുൻ അധ്യക്ഷനും മുൻ എംപിയുമായ മിലിന്ദ്‌ ദേവ്‌ര, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡയുടെ മകനും മുൻ എംപിയുമായ ദീപേന്ദർ ഹൂഡ, കോൺഗ്രസ്‌ വക്താവ്‌ ജയ്‌വീർ ഷെർഗിൽ, രാജസ്ഥാനിൽനിന്നുള്ള നേതാവ്‌ അശോക്‌ ചന്ദ്‌ന തുടങ്ങിയവർ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ചു.

ആഭ്യന്തരമന്ത്രി അമിത്‌ ഷാ തിങ്കളാഴ്‌ച രാവിലെ രാജ്യസഭയിൽ പ്രഖ്യാപനം  നടത്തിയതിനുശേഷവും രാഹുൽ ഗാന്ധിയോ  പ്രിയങ്കാ ഗാന്ധിയോ പ്രതികരിക്കാതിരുന്നത്‌ അഭ്യൂഹങ്ങൾ പരത്തി. ഏകപക്ഷീയമായി ജമ്മു -കശ്‌മീരിനെ കീറിമുറിച്ചും ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടന ലംഘിച്ചും ദേശീയോദ്‌ഗ്രഥനം മുന്നോട്ടുപോകില്ലെന്ന്‌ ചൊവ്വാഴ്‌ച 12 ഓടെ രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു. ഈ രാജ്യം ജനങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്‌. അല്ലാതെ തുണ്ടുഭൂമികളാലല്ല. എക്‌സിക്യൂട്ടീവ്‌ അധികാരങ്ങളുടെ ദുരുപയോഗം ദേശീയസുരക്ഷയുടെ കാര്യത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും–- അദ്ദേഹം പറഞ്ഞു. കശ്‌മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യകേന്ദ്രങ്ങളിൽ തടവിലാക്കിയതായി മറ്റൊരു ട്വീറ്റിൽ രാഹുൽ പറഞ്ഞു. ഇത്‌ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്‌. അപക്വമായ നടപടിയാണിത്‌. നേതാക്കൾ ഇല്ലാതാകുന്നതോടെ സൃഷ്ടിക്കപ്പെടുന്ന ശൂന്യത തീവ്രവാദികളാകും നികത്തുക. ജയിലിൽ അടയ്‌ക്കപ്പെട്ടവരെ വിട്ടയക്കണം. എന്നാൽ, പ്രത്യേക പദവി എടുത്തുകളഞ്ഞതിനെക്കുറിച്ച്‌ രാഹുൽ ട്വിറ്ററിലും മൗനം പാലിച്ചു.

ജമ്മു -കശ്‌മീരിലും ലഡാക്കിലും കേന്ദ്രം നടത്തിയ നീക്കത്തെയും ഇന്ത്യയിലേക്ക്‌ പൂർണമായി ലയിപ്പിക്കുന്നതിനെയും പിന്തുണയ്‌ക്കുന്നുവെന്ന്‌ ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ പറഞ്ഞു. ഭരണഘടനാപ്രക്രിയ പാലിച്ചിരുന്നുവെങ്കിൽ നന്നായേനെ. അങ്ങനെയെങ്കിൽ ഒരു ചോദ്യവും ഉയരുമായിരുന്നില്ല. എന്തായാലും രാജ്യതാൽപ്പര്യത്തിന്‌ അനുസൃതമാണിത്‌. താൻ പിന്തുണയ്‌ക്കുന്നു–- സിന്ധ്യ പറഞ്ഞു. 370 റദ്ദാക്കണമെന്ന നിലപാടാണ്‌ എപ്പോഴുമുണ്ടായിരുന്നതെന്ന്‌ ദീപേന്ദർ ഹൂഡ പറഞ്ഞു. രാഷ്ട്രീയ പാർടികൾ ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവയ്‌ക്കണമെന്നും ഇന്ത്യക്ക്‌ മെച്ചം ഏതാണെന്നത്‌ ചർച്ചചെയ്യണമെന്നും നടപടിയെ പിന്തുണച്ച്‌ മിലിന്ദ്‌ ദേവ്‌ര പറഞ്ഞു.

370 വേണ്ടെന്ന നിലപാട്‌ ഒരുപാട്‌ സ്വാതന്ത്ര്യസമര സേനാനികൾ സ്വീകരിച്ചിട്ടുണ്ടെന്ന്‌ ജനാർദൻ ദ്വിവേദി പറഞ്ഞു. പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരെ വോട്ടുചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ രാജ്യസഭാ ചീഫ്‌വിപ്പ്‌ ഭുവനേശ്വർ കാലിത എംപിസ്ഥാനം രാജിവച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top