05 July Sunday

മോഡിക്കെതിരായ ഹാഷ്‌‌‌ടാഗുകൾ; ട്വിറ്ററിനെതിരെയും കേന്ദ്രത്തിന്റെ ഭീഷണി

പി ആര്‍ ചന്തുകിരണ്‍Updated: Monday Feb 11, 2019

ന്യൂഡൽഹി > സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാറിനും പ്രധാനമന്ത്രി മോഡിക്കും തിരിച്ചടി ശക്തമായതോടെ  ട്വിറ്ററിനെ മെരുക്കാനൊരുങ്ങി ബിജെപിയും കേന്ദ്രസർക്കാരും. തിങ്കളാഴ‌്ച പാർലമെന്ററി സമിതിക്കു മുമ്പാകെ ട്വിറ്റർ സിഇഒ ഹാജരായില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന‌് സമിതി അധ്യക്ഷനും ബിജെപിയും ഭീഷണിമുഴക്കി. കുറഞ്ഞസമയത്തിനുള്ളിൽ നേരിട്ട‌് എത്തിച്ചേരാൻ കഴിയില്ലെന്ന‌് സിഇഒ ജാക്ക‌് ഡോഴ‌്സി അറിയിച്ചതിനു പിന്നാലെയാണ‌് ബിജെപിയുടെ പ്രതികരണം. തീവ്ര വലതുപക്ഷ–-ബിജെപി അനുകൂല നിലപാടുകളുള്ള അക്കൗണ്ടുകൾ അപ്രസക്തമാക്കുന്നു എന്ന‌് ആരോപിച്ചാണ‌് ട്വിറ്ററിനെതിരെ ബിജെപി രംഗത്തെത്തിയത‌്. ബിജെപി അംഗം അനുരാഗ‌് താക്കൂർ അധ്യക്ഷനായ 31 അംഗ വിവര സാങ്കേതികവിദ്യ പാർലമെന്ററി സമിതിയാണ‌് ഹാജരാകാൻ ട്വിറ്റർ സിഇഒയോട‌് ആവശ്യപ്പെട്ടത‌്.

കാരണം ഗോബാക്ക‌് മോഡി എന്ന ഹാഷ‌്‌‌ടാഗ‌്

സോഷ്യൽ മീഡിയയിലെ ഇന്ത്യൻ പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള പരാതിയിൽ വ്യാഴാഴ്‌ച ട്വിറ്ററിന്റെ ഇന്ത്യൻ പ്രതിനിധി തങ്ങൾക്ക്‌ മുന്നിൽ ഹാജരാകണമെന്ന്‌ പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ഞായറാഴ‌്ച ആന്ധ്രാപ്രദേശിലെത്തിയ മോഡിക്കെതിരെ ട്വിറ്ററിലും പ്രതിഷേധം ശക്തമായി. ഗോബാക്ക‌് മോഡി എന്ന ഹാഷ‌്ടാഗ‌് രാവിലെമുതൽ ട്രന്റിങായി. മോഡിക്ക‌് പ്രവേശനമില്ലെന്നും മോഡി ഒരു പിഴവാണെന്നുമുള്ള പോസ‌്റ്ററുകളാണ‌് ട്വിറ്ററിൽ പ്രചരിച്ചത‌്. സമാനമായ പ്രതികരണമാണ‌് തമിഴ‌്നാട്ടിലെ  സന്ദർശനത്തിനിടയിലും മോഡി നേരിട്ടത‌്. ഇതോടെ പ്രകോപിതരായ കേന്ദ്രസർക്കാർ ട്വിറ്റർ സിഇഒ തിങ്കളാഴ്‌ച തന്നെ ഹജരാകണമെന്ന്‌ ആവശ്യപ്പെടുകയായിന്നു. എന്നാൽ, ഇന്ത്യയിൽ എത്താൻ ഈ സമയം മതിയാകില്ലെന്നും ലോക‌്സഭ സെക്രട്ടറിയറ്റുമായി ആലോചിച്ച‌് അനുയോജ്യമായ ഒരു ദിവസം കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറാണെന്നും പാർലമെന്റിനെ ബഹുമാനിക്കുന്നെന്നും ട്വിറ്റർ സിഇഒ അറിയിച്ചു.
മോഡി ഈ മാസം രണ്ടിന‌് ബംഗാളിൽ നടത്തിയ റാലി എന്ന‌് അവകാശപ്പെട്ട‌് സംഘപരിവാർ ട്വിറ്റർ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജമാണെന്ന്‌ വ്യക്തമായിരുന്നു. തോക്ക‌് ലൈസൻസിനുള്ള നിബന്ധന കർശനമാക്കണമെന്നാവശ്യപ്പെട്ട‌് അമേരിക്കയിൽ നടന്ന പ്രതിഷേധംപോലും ഇതിന‌് ഉപയോഗിച്ചെന്ന‌ാണ‌് കണ്ടെത്തൽ.

എന്തുകൊണ്ട്‌ ട്വിറ്റർ?

ഫെയ‌്‌‌സ‌്‌‌ബുക്ക‌്, വാട‌്സ‌ാപ് എന്നിവയേക്കാൾ രാജ്യത്ത‌് അംഗബലത്തിൽ പിന്നിലാണെങ്കിലും സജീവ രാഷ‌്ട്രീയ ഇടപെടലുകൾ ഇപ്പോൾ ട്വിറ്ററിലാണ‌് കൂടതൽ. ഇതാണ‌് ട്വിറ്ററിനെ പിടിക്കാൻ സംഘപരിവാറിനെ നിർബന്ധിതമാക്കിയത‌്. ബിജെപി അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നീങ്ങുന്നെന്ന‌് ആരോപിച്ച‌് ഡൽഹി ബിജെപി വക്താവ‌് തേജീന്ദർപാൽ സിങ‌് ബഗ്ഗ രംഗത്തെത്തിയിരുന്നു. ട്വിറ്ററിനെതിരെ ഡൽഹിയിൽ പ്രതിഷേധവും പരാതിയും ഉണ്ടായി.

പ്രത്യാഘാതം ഉണ്ടാകുമെന്ന്‌ ബിജെപി

ട്വിറ്ററിനെതിരെ ബിജെപി വക്താവ‌് മീനാക്ഷി ലേഖി വെല്ലുവിളിയുമായി രംഗത്തെത്തി. തിങ്കളാഴ്‌‌ച വരാൻ കഴിയില്ലെന്ന ട്വിറ്റർ സിഇഒയുടെ മറുപടി പാർലമെന്റിനോടുള്ള അവഹേളനമാണെന്ന്‌ മീനാക്ഷി ലേഖി പറഞ്ഞു. ജനാധിപത്യ രാജ്യത്തിൽ അതിന്റെ സ്ഥാപനങ്ങളെ ലോകത്തിലെ വൻ ശക്തികൾ ബഹുമാനിക്കണം. അത‌് ലംഘിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന‌് ലേഖി പറഞ്ഞു. ട്വിറ്ററിന്റെ നടപടി പാർലമെന്റിന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന‌് അനുരാഗ‌് താക്കൂർ പറഞ്ഞു. ഗൗരവമുള്ള പ്രശ‌്നമാണെന്നും ട്വിറ്ററിന്റെ മറുപടി ചർച്ച ചെയ‌്ത‌് ആവശ്യമായ നടപടി പാർലമെന്ററി സമിതി സ്വീകരിക്കുമെന്നും അനുരാഗ‌് താക്കൂർ പറഞ്ഞു. വിഷയത്തിൽ അടുത്ത നടപടി എന്തെന്ന‌് കീഴ‌്‌വഴക്കപ്രകാരം രാജ്യസഭാ ചെയർമാനും ലോക‌്സഭാ സ‌്പീക്കറും ചേർന്ന‌് തീരുമാനിക്കുമെന്ന‌് കേന്ദ്രമന്ത്രി പീയൂഷ‌് ഗോയൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top