31 March Tuesday

മോഡി ട്രംപ്‌ കൂടിക്കാഴ്‌ച ; മതസ്വാതന്ത്ര്യവും ചർച്ച

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയിൽ  അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പൗരത്വ ഭേദഗതി നിയമം(സിഎഎ), ദേശീയ പൗരത്വ പട്ടിക, കശ്‌മീർ എന്നീ വിഷയങ്ങൾ ഉന്നയിക്കും. മതസ്വാതന്ത്ര്യവും മതന്യൂനപക്ഷങ്ങളും നേരിടുന്ന ഭീഷണികളും അങ്ങേയറ്റം ഗൗരവത്തോടെയാണ്‌ അമേരിക്ക കാണുന്നതെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോ​ഗസ്ഥന്‍ പ്രതികരിച്ചു.

ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിലും പ്രതികരണത്തിലും ഈ വിഷയങ്ങള്‍ ട്രംപ്‌  പരാമർശിക്കും. എല്ലാ മതങ്ങൾക്കും തുല്യപരിഗണനയാണ്‌ നൽകേണ്ടതെന്ന്‌ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്നും യുഎസ് വക്താവ് ചൂണ്ടിക്കാട്ടി.

പൗരത്വ നിയമഭേദഗതി ബിൽ കൊണ്ടുവന്നപ്പോൾ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ്‌ ഫെഡറൽ കമീഷൻ ഇന്ത്യക്കെതിരെ നടപടിക്ക്‌ നിർദേശിച്ചു. ഭരണഘടനാനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന്‌ അമേരിക്കൻ വിദേശവകുപ്പ്‌  ഇന്ത്യയോട്‌ ആവശ്യപ്പെട്ടു. കശ്‌മീരിൽ കടുത്ത മനുഷ്യാവകാശധ്വംസനം നടക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്നു. കശ്‌മീരിലെ നിയന്ത്രണങ്ങൾ നീക്കാൻ മോഡി സർക്കാരിനോട്‌ ആവശ്യപ്പെടണമെന്ന്‌  നിർദേശിച്ച്‌  യുഎസ്‌ ‌ കോൺഗ്രസിൽ പ്രമേയം കൊണ്ടുവന്ന ഇന്ത്യൻ വംശജ  പ്രമീല ജയപാൽ ഉൾപ്പെട്ട സംഘത്തെ കാണാൻ  വാഷിങ്‌ടൺ സന്ദർശനത്തിനിടെ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ തയ്യാറായില്ല. അമേരിക്കയിൽ ഇത്‌ വലിയ പ്രതിഷേധമുണ്ടാക്കി.  ഈ  വിഷയങ്ങൾ മോഡിയുമായുള്ള ചർച്ചകളിൽ ഒഴിവാക്കുന്നത്‌ ട്രംപിന്‌ വൻ തിരിച്ചടിക്ക്‌ കാരണമാകും.  കശ്‌മീർ വിഷയത്തിൽ മധ്യസ്ഥനാകാമെന്ന്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ചർച്ചയിൽ ട്രംപ്‌ പറഞ്ഞതും ശ്രദ്ധേയമാണ്‌. സന്ദർശനത്തിന്റെ കാതൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പാണെന്ന്‌ യുഎസ്‌ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ഏതാനും വാണിജ്യകരാറുകൾ ഒപ്പിടും. എന്നാൽ, അമേരിക്കൻ വോട്ടർമാർക്ക്‌ രാഷ്ട്രീയസന്ദേശം നൽകാനാണ്‌ ട്രംപ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. ‌രാജ്യാന്തരപ്രതിഷേധം ക്ഷണിച്ചുവരുത്തിയ മോഡിസർക്കാരിന്റെ നടപടികളിൽ പ്രതികരിക്കാൻ ട്രംപ്‌ നിർബന്ധിതനാകുന്നത്‌ ഈ സാഹചര്യത്തിലാണ്‌.


പ്രധാന വാർത്തകൾ
 Top