07 June Sunday
നൂറിലേറെ പ്രവര്‍ത്തകരെ കാണാതായി

ബം​ഗാളിൽ യുവജനമാർച്ചിൽ പൊലീസ്‌ ഭീകരത ; നൂറ്റമ്പതിലേറെ പേർക്ക് ഗുരുതരപരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ബംഗാളിൽ യുവജനമാർച്ചിനെ നേരിട്ട പൊലീസിനോട്‌ തല്ലരുതെന്ന്‌ കേണപേക്ഷിക്കുന്ന യുവതി


കൊൽക്കത്ത
തൊഴിലവകാശത്തിനായി തെരുവിലിറങ്ങിയ യുവാക്കളെ പൊലീസ്‌ തല്ലിച്ചതച്ചു. ഇടതുപക്ഷ യുവജന-വിദ്യാർഥി നേതാക്കളടക്കം നൂറ്റമ്പതിലേറെ പേർക്ക് ഗുരുതരപരിക്കേറ്റു.  നിരവധിപേരെ കാണാനില്ല. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കം 12 ഇടതുപക്ഷ യുവജന-വിദ്യാർഥിസംഘടനകളിലെ  കാൽലക്ഷത്തിലേറെപേരാണ്‌ ദ്വിദിന മാർച്ചിൽ അണിനിരന്നത് . ആയിരക്കണക്കിന് പൊലീസുകാരെ കാവൽനിർത്തിയിട്ടും അണിമുറിയാതെത്തിയ യുവാക്കൾ തൊഴിൽ അവകാശമെന്ന് ഉറക്കെവിളിച്ച്‌ ഭരണസിരാകേന്ദ്രം വളഞ്ഞു.

ബംഗാളിലെ വ്യവസായത്തിന്റെ ശവപറമ്പായ സിങ്കൂരിൽനിന്ന് ഹൗറയിലെ നബാനയിലെ സെക്രട്ടറിയറ്റിനു മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച്‌ പശ്ചിമബംഗാളിൽ യുവജനമുന്നേറ്റത്തിന്റെ പുതുചരിത്രമെഴുതി. 

ഗ്രാമ നഗരമേഖലകളിൽനിന്ന് അഭ്യസ്ഥവിദ്യരായ തൊഴിൽരഹിതരുടെ വൻസംഘമാണ് വ്യാഴാഴ്ച വൈകിട്ട് സിങ്കൂരിൽ ഒത്തുചേർന്നത്. 35 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച പകൽ ഹൗറയിലെത്തിയപ്പോൾ മാർച്ച് യുവസാഗരമായി. പൂട്ടിയ വ്യവസായ സ്ഥാപനങ്ങൾ തുറന്ന് തൊഴിൽ ലഭ്യമാക്കുക, അസഹ്യമായി ഉയരുന്ന വിദ്യാഭ്യാസ ചെലവ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ ഉയർത്തി. പൊതുജനങ്ങളിൽനിന്ന്‌ വൻ സ്വീകാര്യതയാണ് മാർച്ചിന് ലഭിച്ചത്.

വെള്ളിയാഴ്ച പകൽ ഹൗറയിലെത്തിയതോടെ  നഗരത്തിൽ വിവിധകേന്ദ്രങ്ങളിൽ ബാരിക്കേഡുകളുയർത്തി പൊലീസ് പ്രക്ഷോഭകരെ നേരിട്ടു.  വൻതോതിൽ ലാത്തിച്ചാർജുണ്ടായി. നൂറിലേറെ പ്രവർത്തകരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർ പൊലീസ് പിടിയിലെന്ന് സംശയിക്കുന്നു. എന്നാൽ, ഔദ്യോഗിക കണക്കുപ്രകാരം പൊലീസ് കസ്റ്റഡിയിലുള്ളത് 15 പേർമാത്രം. ഹൗറ ടൗൺ ആശുപത്രി പരിക്കേറ്റ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. ഗുരുതരപരിക്കേറ്റവരേയും വെറുംനിലത്ത് കിടത്തിയിരിക്കുകയാണ്‌.

ഇതിനിടെ കുപ്പായത്തിൽ ചുവന്നദ്രാവകം ഒഴിച്ച് പ്രവർത്തകർ  പൊലീസുകാരെ മർദിച്ചെന്ന് വരുത്താനുള്ള ഗൂഢശ്രമം തൃണമൂൽസംഘം നടത്തി.  ഇവരെ തെളിവ് സഹിതം പിടികൂടാന്‍ പ്രവര്‍ത്തകര്‍ക്കായി. മനുഷ്യത്വഹീനമായ പൊലീസ് നടപടിയെ പശ്ചിമബംഗാൾ സിപിഐ എം സെക്രട്ടറിയറ്റ്‌ ശക്തമായി അപലപിച്ചു. ശനിയാഴ്ച യുവജനസംഘടനകള്‍  പ്രതിഷേധദിനം ആചരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top