19 May Sunday

ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വ്യാപക തൃണമൂല്‍-ബിജെപി അക്രമം

ഗോപിUpdated: Friday Apr 19, 2019


ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിന്റെ രണ്ടാംഘട്ടത്തിൽ പശ‌്ചിമബംഗാളിലെ മൂന്ന‌് മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസ‌്  നേതൃത്വത്തിൽ വ്യാപക ബൂത്തുപിടിത്തവും അക്രമവും. റായ‌്ഗഞ്ചിലെ ഇടതുമുന്നണി സ്ഥാനാർഥിയും സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിമിനെ തൃണമൂൽ ഗുണ്ടാസംഘം ആക്രമിച്ചു. നിലവിൽ റായ‌്ഗഞ്ച‌് എംപിയാണ‌് സലിം.

പുരുളിയയിൽ ബിജെപി പ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃണമൂൽ പ്രവർത്തകർ വോട്ട‌് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന‌് പരാതിപ്പെട്ട‌് റായ‌്ഗഞ്ചിലും ഡാർജിലിങ്ങിലും നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. രണ്ടാംഘട്ടത്തിൽ റായ‌്ഗഞ്ചിനുപുറമേ ഡാർജിലിങ്ങിലും ജൽപായ‌്ഗുരിയിലുമാണ‌് വോട്ടെടുപ്പ‌് നടന്നത‌്. മൂന്ന‌് മണ്ഡലത്തിലും തൃണമൂൽ ഗുണ്ടാസംഘം തെരഞ്ഞെടുപ്പ‌് അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടത്തി. പലസ്ഥലത്തും മാധ്യമപ്രവർത്തകർക്ക‌് നേരെ ആക്രമണമുണ്ടായി.

വ്യാഴാഴ്ച പകൽ ഇസ്ലാംപുരിലെ പോളിങ് സ‌്റ്റേഷനുകൾ പിടിച്ചെടുക്കാൻ നീക്കം നടത്തുന്നതായി അറിഞ്ഞതിനെ തുടർന്നാണ‌് മുഹമ്മദ‌് സലിം പടഗരയിലെ ബൂത്തിൽ എത്തിയത‌്. ബൂത്തിന്റെ 100 മീറ്റർമാത്രം അകലെ തൃണമൂൽ ഗുണ്ടാസംഘം വോട്ടർമാരെ തടയുന്നത‌ുകണ്ട‌് സലിമും സഹപ്രവർത്തകരും അവിടെയെത്തി. എന്നാൽ, മറ്റൊരുസംഘം ഇവരെ തടഞ്ഞുവച്ചു.  സലിമിന്റെ കാറിന‌ു നേരെ ശക്തമായ കല്ലേറുണ്ടായി. കല്ലേറിൽ കാറിന്റെ ചില്ലുകൾ പൂർണമായും തകർന്നു. അകമ്പടി വാഹനത്തിന‌ു നേരെ അക്രമികൾ വെടിയുതിർത്തു. ബൂത്തിന‌് മുന്നിൽ വലിയ സംഘർഷമുണ്ടായിട്ടും ബംഗാൾ പൊലീസ‌് കണ്ട ഭാവം നടിച്ചില്ല. സിപിഐ എം പ്രവർത്തകർ സലിമിനെ ഇസ്ലാംപുരിലെ  പാർടി ഓഫീസിലേക്ക‌് മാറ്റി. 

സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ‌് ആവശ്യപ്പെട്ട‌് ഇടതുപക്ഷപ്രവർത്തകർ കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ‌് കമീഷൻ ഓഫീസിന‌് മുന്നിൽ പ്രകടനം നടത്തി. പുരുളിയയിലെ സേനാബാന ഗ്രാമത്തിൽ യുവമോർച്ച പ്രവർത്തകൻ ശിശുപാൽസാഹിസ‌ിന്റെ  (22) മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഇതേത്തുടർന്ന‌് പ്രദേശത്ത‌് സംഘർഷം നിലനിൽക്കുകയാണ‌്.

തൃണമൂൽ ഗുണ്ടകൾ വോട്ട‌് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന‌് ചൂണ്ടിക്കാണിച്ച‌് റായ‌്ഗഞ്ചിലെ ഗിർപാരിലും ഡാർജിലിങ്ങിലെ ചോപ്രയിലും നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. അക്രമം ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകരെ പലയിടങ്ങളിലും ഉപദ്രവിച്ചു. ആനന്ദബസാര്‍പത്രിക ചാനലിന്റെ ക്യാമറമാനും റിപ്പോര്‍ട്ടര്‍ക്കും ഗുരുതരപരിക്ക‌് പറ്റി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top