04 December Friday
ഉപരോധ സമരം കിസാൻസഭ നേതൃത്വത്തിൽ

താനെയിൽ കർഷകവിജയം ; കൃഷി നശിപ്പിച്ച ഉദ്യോഗസ്ഥരെ മുട്ടുകുത്തിച്ച്‌ ആദിവാസി കർഷകർ

പി ആർ ചന്തുകിരൺUpdated: Wednesday Oct 28, 2020



ന്യൂഡൽഹി
മഹാരാഷ്‌ട്രയിലെ താനെയിൽ ആദിവാസി കർഷകരുടെ കൃഷി നശിപ്പിച്ച വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്കെതിരായ ഉജ്വല കർഷക പ്രക്ഷോഭം വിജയം. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച കർഷകർ കലക്ടറേറ്റ്‌ ഉപരോധിച്ചതിനെ തുടർന്നുനടന്ന ചർച്ചയിൽ കലക്‌ടർ രാജേഷ് നർ‌വേക്കർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. സ്‌ത്രീകളടക്കം ആയിരത്തോളം ആദിവാസി കർഷകരും നേതാക്കളും‌ പൊലീസിന്റെ ബലപ്രയോഗം ചെറുത്തതോടെയാണ്‌ അധികൃതർ ചർച്ചയ്‌ക്കുവഴങ്ങിയത്‌.

ഒക്‌ടോബർ ആദ്യം കാലംതെറ്റിപെയ്‌ത മഴയിൽ വൻതോതിൽ നെൽക്കൃഷി നശിച്ച ഷഹാപുരിലെ കർഷകരും പ്രതിഷേധത്തിൽ പങ്കെടുത്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരും ഐക്യദാർഢ്യവുമായെത്തി.

വിളവെടുപ്പിനു തയ്യാറായ നെല്ല്‌, തുവര തുടങ്ങിയ വിളകളാണ്‌ താനെയിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ 19ന്‌ നശിപ്പിച്ചത്‌. വർഷങ്ങളായി  യൂർ പർവതമേഖലയിൽ കൃഷി ചെയ്തിരുന്ന ആദിവാസി കുടുംബങ്ങളുടെ വിളകളാണിത്‌‌.

പർവതമേഖലയിൽ അനധികൃത ബംഗ്ലാവുകളും ഹോട്ടലുകളും നിർമിക്കാൻ അനുമതി നൽകിയ അധികൃതരാണ്‌ കൃഷി നശിപ്പിച്ചതെന്ന്‌ കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ലെ  പറഞ്ഞു.  വിനോദ് നിക്കോളെ എംഎൽഎ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ്‌ കിസാൻ ഗുർജാർ, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ലെ തുടങ്ങിയവർ പങ്കെടുത്തു.

അംഗീകരിച്ച ആവശ്യങ്ങൾ
●വിളകൾ നഷ്ടപ്പെട്ട കർഷകർക്ക്‌ അർഹമായ നഷ്ടപരിഹാരവും ഒരാൾക്ക്‌ ആറുമാസത്തേക്ക്‌ 10 കിലോ ധാന്യവും

●സംഭവത്തിൽ അന്വേഷണം നടത്തും. ഇതിന്‌ കിസാൻസഭ നേതാക്കളെയും വനംവകുപ്പ്‌ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംയുക്തയോഗം

●ഷഹാപുരിൽ മഴയിലുണ്ടായ നാശം കണക്കാക്കി നഷ്ടപരിഹാരം

●ഷഹാപുരിൽ തൊഴിലുറപ്പ്‌ പദ്ധതി വ്യാപിപ്പിക്കും

●പ്രധാനമന്ത്രി ആവാസ്‌ യോജനയിൽനിന്ന്‌ പുറത്താക്കപ്പെട്ട ഷഹാപുരിലെ കർഷകരെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top