18 June Tuesday

മോഡിയുടെ ആത്മകഥ ചിത്രീകരണത്തിനായി റെയില്‍വേ ബോഗിക്ക‌് തീയിട്ട‌ു; സംഭവം ഗോധ്ര കലാപം പുനരാവിഷ്കരിക്കുന്നതിന‌്

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

വഡോദര> പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആത്മകഥ ചിത്രീകരണത്തിനായി റെയില്‍വേ ബോഗി കത്തിച്ചു. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 59 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ പുനരാവിഷ്കരിക്കുന്നതിനു വേണ്ടിയാണ‌് ഗുജറാത്തിലെ വഡോദരക്കടുത്ത് പ്രതാപ് നഗര്‍-ധബോയ് മീറ്റര്‍ഗേജ് ലൈനില്‍ ഇന്നലെ രാവിലെ റെയില്‍വേ ബോഗി കത്തിച്ചത‌്.

എന്നാല്‍ റെയില്‍വേ ലൈനില്‍ ട്രെയിന്‍ തീവെച്ചത് വിവാദവുമായിരിക്കുകയാണ‌്. പ്രധാനമന്ത്രിക്കുവേണ്ടി തെരഞ്ഞെടുപ്പിന‌് മുമ്പായി പ്രചരണത്തിനാണ് ആത്മകഥ ചിത്രീകരിക്കുന്നതെന്ന‌ും ഉന്നത ഇടപെടലില്‍ ആണ് അനുമതി കിട്ടിയതെന്നും അധികൃതര്‍ പറയുന്നു. അധികം ട്രെയിന്‍ ഓടാത്ത മീറ്റര്‍ഗേജിലാണ് ഷൂട്ടിംങ് എന്നും അത് ട്രാഫിക്കിനെ ഒരു തരത്തിലും തടസപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വെസ്റ്റേണ്‍ റെയില്‍വേയും വഡോദര അഗ്നിശമന സേനാ വിഭാഗവും ഡോക്യുമെന്റെറിക്ക് ചിത്രീകരണാനുമതി നല്‍കിയതായി പറയുന്നു. ചിത്രീകരണത്തിനായി നല്‍കിയ ബോഗി മോക് ഡ്രില്ലിനുവേണ്ടി തയ്യാറാക്കിയ ബോഗിയാണെന്നും അധികൃതര്‍ വിശദീകരിച്ചു. ട്രെയിനിനുള്ളിലെ രംഗങ്ങള്‍ മുംബൈയിലെ സിനിമാ സ്റ്റുഡിയോയില്‍ എടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്

2002 ഫെബ്രുവരി ഇരുപത്തേഴാം തീയതി നടന്ന ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്ന‌് കലാപങ്ങളിൽ 1000 പേർ കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു.

കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ പറയുന്നു. 2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സപ്രസിലെ എസ് 6 കോച്ച് കത്തിച്ച് കര്‍സേവകരുള്‍പ്പെടെ 59 യാത്രക്കാര്‍ മരിച്ച സംഭവവും അതേത്തുടര്‍ന്നു നടന്ന കലാപങ്ങളുമാണ് ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top