20 November Wednesday

അന്തര്‍ദേശീയ സഹകരണ വ്യാപാര മേളയിൽ തിളങ്ങി കേരളം; മൂന്ന്‌ അവാർഡുകൾ, ആഭ്യന്തര രാജ്യാന്തര കമ്പനികളുമായി ധാരണ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

ന്യൂഡല്‍ഹി >   രാജ്യത്തെ ആദ്യ അന്തര്‍ദേശീയ സഹകരണ വ്യാപാര മേളയില്‍ കേരളം മൂന്ന്‌ അവാർഡുകൾ സ്വന്തമാക്കി. മികച്ച പ്രദര്‍ശനത്തിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ ഫെഡറേഷന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, മത്സ്യഫെഡ് എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ അവാര്‍ഡ് നേടിയത്. കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ ദേശീയ വിപണിയും ഡൽഹിയിൽ നടന്ന മേള തുറന്നിട്ടു.



 മത്സ്യഫെഡ് വിയറ്റ്‌നാം കമ്പനിയുമായും അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സഹകരണ സംഘം തെലങ്കാന മാര്‍ക്കറ്റിംഗ് ഫെഡറേഷനുകളുമായും ധാരണാപത്രം ഒപ്പുവെച്ചു. ബീഹാര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാര്‍ക്കറ്റ് ഫെഡ് വഴി തൊണ്ടോടു കൂടിയ നാളികേരം വാങ്ങും. കേരള മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഗുജറാത്ത് മാര്‍ക്കറ്റിംഗ് ഫെഡറേഷന് സുഗന്ധവ്യഞ്ജനങ്ങളും അവർ ഗോതമ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ തിരിച്ചും നല്‍കും.

 നോര്‍ത്ത് മലബാര്‍ ജില്ലാ സഹകരണ സംഘത്തില്‍ (എന്‍എംഡിസിഎസ് എംഎസ്) നിന്നും ഉത്തരാഖണ്ഡിലെ സുവിധ സഹകരണസംഘം സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങും. ഡല്‍ഹിയിലെ എസ്എസ് മാര്‍ക്കറ്റിംഗുമായി വെളിച്ചെണ്ണ വ്യാപാരത്തിനും ധാരണയായി. ഡല്‍ഹിയിലെ സെന്‍ട്രല്‍ പൊലീസ് ക്യാന്റീന്‍, സെന്‍ട്രല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ക്യാന്റീൻ എന്നിവിടങ്ങളിലേക്ക്‌ വെളിച്ചെണ്ണ വിതരണം ചെയ്യും. വര്‍ഷത്തില്‍ ഏഴുകോടി രൂപയുടെ വ്യാപാരനേട്ടമാണ് പ്രതീക്ഷിക്കുന്നത്. ട്രൈഫെഡ് വയനാട്ടിലെ ആദിവാസികളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ എന്‍എംഡിസിഎസ് എംഎസ് വഴി സംഭരിച്ച് വിപണനം നടത്തും. ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നും പച്ചതേങ്ങ, കൊപ്ര എന്നിവ വാങ്ങുന്നതിനും എന്‍എംഡിസിഎസ് എംഎസ് വ്യാപാര മേളയില്‍ ചര്‍ച്ച നടത്തി.



 രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും ആസ്‌ട്രേലിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെയും വ്യാപാരികളുമായും തെലങ്കാന, ആന്ധ്രപ്രദേശ് മാര്‍ക്കറ്റിംഗ് ഫെഡറേഷനുമായും ചർച്ചകൾ നടന്നു. എസ്‌സി എസ്‌ടി ഫെഡറേഷന്റെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് ഫിലിപ്പൈന്‍സില്‍ നിന്നുള്ള വ്യാപാരികളും ടാന്‍സാനിയയിലെ ബാസുര ഫാര്‍മസ്യൂട്ടിക്കല്‍സും താല്‍പ്പര്യം അറിയിച്ചു. നെതര്‍ലാന്‍ഡ്‌സ് സംഘം ഒക്ടോബര്‍ 20ന് തുടര്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ണ്ണാടക, ആയുര്‍ധാരയുടെ 10000 ബാം ബോട്ടിലുകള്‍ വാങ്ങാന്‍  ധാരണയായി. 12 സംഘങ്ങൾ ആയുര്‍വേദ മരുന്ന്‌ വിപണനത്തിന്‌ താൽപര്യം അറിയിച്ചു.


പ്രധാന വാർത്തകൾ
 Top