26 August Monday

കശ്മീരില്‍ ഭീകരാക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ശ്രീനഗര്‍ >സിആർപിഎഫ‌് വാഹന വ്യൂഹത്തിനുനേരെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ 44 സൈനികർ കൊല്ലപ്പെട്ടു. പുൽവാമജില്ലയിലെ അവന്തിപ്പോറയ‌‌ക്കടുത്ത‌് ലെത‌്പോറ ഗ്രാമത്തിൽ വ്യാഴാഴ‌്ച വൈകിട്ട‌് 3.17നാണ‌്  ചാവേർ ആക്രമണം.  ജമ്മു–-കശ‌്മീരിൽ  ഇതുവരെ ഉണ്ടായതിൽ വച്ച‌് ഏറ്റവും വലിയ ആക്രമണമാണിത‌്.   ജമ്മു–-ശ്രീനഗര്‍ ഹൈവേയില്‍ ശ്രീനഗറിൽനിന്ന‌് 30 കിലോമീറ്റർ അകലെയാണ‌് സംഭവം. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ‌് സ‌്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ചാവേറായ ആദില്‍ അഹമ്മദ്‌

ചാവേറായ ആദില്‍ അഹമ്മദ്‌

സ‌്ഫോടകവസ‌്തുക്കൾ നിറച്ച സ‌്കോർപിയോ ഓടിച്ചു കയറ്റി
പരിശീലനം കഴിഞ്ഞ‌് ജമ്മുവിൽ നിന്ന‌് ശ്രീനഗറിലേക്ക‌് മടങ്ങിയ സിആർപിഎഫ‌് വാഹന വ്യൂഹത്തിനുനേരെ 350 കിലോയോളം സ‌്ഫോടകവസ‌്തുക്കൾ നിറച്ച സ‌്കോർപിയോ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.  സമീപം ഒളിച്ചിരുന്ന ഭീകരർ സ‌്ഫോടനത്തിനുശേഷം വാഹനവ്യൂഹത്തിലേക്ക‌്  വെടിയുതിർത്തു.   രണ്ടു വാഹനങ്ങൾക്കിടയിലേക്കാണ‌് സ‌്കോർപിയോ ഇടിച്ചു കയറ്റിയത‌്. ഇതിൽ ഒരു സൈനിക വാഹനത്തിൽ 39 പേരുണ്ടായിരുന്നു.

കൊല്ലപ്പെട്ടവരിൽ മലയാളിയും
ഉഗ്രശേഷിയുള്ള ഐഇഡി ഉപയോഗിച്ചാണ‌് സ‌്ഫോടനം നടത്തിയത‌്. കൊല്ലപ്പെട്ടവരെക്കൂടാതെ 80 ലേറെ സൈനികർക്ക‌് പരിക്കേറ്റു. ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ 10 പേരുടെ നില ഗുരുതരമാണ‌്. വയനാട് സ്വദേശി വസന്ത്കുമാറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ചതായി സഹോദരന്‍ സജീവന്‍ പറഞ്ഞു. ജെയ‌്ഷെ മുഹമ്മദ‌് ഓപ്പറേഷൻ ചീഫ‌് ഖാലിദിനെ വധിച്ചതിലുള്ള പ്രതികാരമാണ‌് ആക്രമണമെന്നാണ‌് കരുതുന്നത‌്‌.

കൊല്ലപ്പെട്ട വസന്തകുമാര്‍

കൊല്ലപ്പെട്ട വസന്തകുമാര്‍

ആസൂത്രണം ചെയ‌്തത‌് വൻ കൂട്ടക്കൊല
വൻ സ‌്ഫോടനവും കൂട്ടക്കൊലയുമാണ‌് ആസൂത്രണം ചെയ‌്തതെന്ന‌് വ്യക‌്തം.   ജമ്മൂവിൽനിന്ന‌് വ്യാഴാഴ‌്ച പുലർച്ചെ പുറപ്പെട്ടത‌്  78 സൈനികവാഹനങ്ങളാണ‌്.  ആക്രമണത്തിൽ രണ്ട‌് സൈനിക ബസും കാറും പൂര്‍ണമായും തകര്‍ന്നു. സംഘത്തിൽ  2547 ജവാന്മാരുണ്ടായിരുന്നു. 2016 ലെ ഉറി ആക്രമണത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത‌്. പുൽവാമ സ്വദേശിയായ ആദില്‍ അഹമ്മദ‌് എന്നയാളാണ‌് വാഹനവ്യൂഹത്തിലേക്ക്  കാർ ഇടിച്ചുകയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ‌്തു. ഇയാള്‍ ജയ്ഷെ മുഹമ്മദിന്റെ വക‌്താവും ആത്മഹത്യാ സ്ക്വാഡില്‍ ഉള്‍പ്പെട്ടയാളുമാണെന്നാണ‌് പ്രാഥമിക വിവരം. അതീവശേഷിയുള്ള സ‌്ഫോടകവസ‌്തുവാണ‌് കാറിൽ ഘടിപ്പിച്ചത‌്.

സൈനികരുടെ വാഹനം വരുന്ന സമയംവരെ കാത്തിരുന്ന‌് കാർ ഓടിച്ചുകയറ്റുകയായിരുന്നു. സിആർപിഎഫ‌് ഉന്നത മേധാവികൾ സഞ്ചരിച്ച വാഹനമാണ‌്  ഭീകരർ ലക്ഷ്യമിട്ടത‌്. കനത്ത മഞ്ഞുവീഴ‌്ചയെ തുടർന്ന‌് ആറുദിവസത്തോളം ജമ്മു–- ശ്രീനഗർ ദേശീയപാത അടച്ചിരിക്കുകയായിരുന്നു. വ്യാഴാഴ‌്ചയാണ‌് ഗതാഗതം പുനരാരംഭിച്ചത‌്.

രാജ്യം ഞെട്ടി; സുരക്ഷാ വീഴ‌്ചയും പരിശോധിക്കും
ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന‌് മോഡി ട്വിറ്ററിൽ കുറിച്ചു. ജയ‌്ഷെ മുഹമ്മദ‌് ആസൂത്രണം ചെയ‌്തതാണ‌് ചാവേർ ആക്രമണമെന്ന‌് ജമ്മു കശ‌്മീർ പൊലീസ‌് മേധാവി ദിബാങ് സിങ് പ്രതികരിച്ചു. വീണ്ടും കശ‌്മീരിനെ കറുത്ത ദിനങ്ങളിലേക്ക‌് നയിക്കാൻ ചാവേർ ആക്രമണം കാരണമാകുമെന്ന‌് മുൻമുഖ്യമന്ത്രി ഒമർ അബ‌്ദുള്ള പ്രതികരിച്ചു. എത്ര ജീവനുകൾ നഷ‌്ടപ്പെട്ടാലാണ‌് ഈ ഭ്രാന്തിന‌് അവസാനമാകുകയെന്ന‌് മുൻമുഖ്യമന്ത്രി മെഹബൂബ മുഫ‌്തി ട്വിറ്ററിൽ കുറിച്ചു. എൻഡിഎ അധികാരത്തിൽ വന്നശേഷം രാജ്യത്തുണ്ടായ പതിനെട്ടാമത്തെ ഭീകരാക്രമണമാണെന്ന‌് കോൺഗ്രസ‌് പ്രതികരിച്ചു.

കടുത്ത സുരക്ഷാ വീഴ‌്ചയാണ‌് ആക്രമണത്തിന‌് വഴിവച്ചതെന്നാണ‌് വിദഗ‌്ധാഭിപ്രായം. ആക്രമണം നടന്ന ഉടൻ ദേശീയപാത അടച്ചു. സമീപ പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥിതിഗതികൾ ആരാഞ്ഞു. ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. സംഭവത്തിൽ സുരക്ഷാവീഴ‌്ചയും പരിശോധിക്കുന്നു. സുരക്ഷ വിലയിരുത്താൻ മന്ത്രിതല സമിതിയോഗം വെള്ളിയാഴ‌്ച ചേരും. സുരക്ഷാ ഉപദേഷ‌്ടാവ‌് അജിത‌് ഡോവൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.  ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ‌് വെള്ളിയാഴ‌്ച കശ‌്മീരിലെത്തും.
 


 

ഉറിക്കും പത്താൻകോട്ടിനും പിന്നാലെ
2016 സെപ‌്തംബർ 18ന‌് ബാരമുള്ള ജില്ലയിലെ  ഉറിയിലെ പ്രധാന സൈനിക ക്യാമ്പില്‍  വേഷപ്രച്ഛന്നരായി എത്തിയ നാലു ഭീകരർ നടത്തിയ ആക്രമണത്തില്‍ 19 സൈനികരാണ‌് കൊല്ലപ്പെട്ടത‌്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പാക് അധിനിവേശ കശ്മീരില്‍നിന്ന് സല്‍മാബാദ് വഴി എത്തിയ ചാവേറുകളാണ‌് ആക്രമണം നടത്തിയത‌്.  ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ‌് നേരിട്ട‌് ഇടപെട്ടാണ‌്  നിയന്ത്രണരേഖയില്‍നിന്ന് ആറ് കിലോമീറ്റര്‍മാത്രം അകലെയുള്ള ക്യാമ്പ‌് ആക്രമിച്ചത‌്. മൊഹ്രയില്‍ 2014 ഡിസംബര്‍ 15ന് നടന്ന ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. 2016 ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേനത്താവളം ഭീകരർ ആക്രമിച്ചു. ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top